വിദ്യാർത്ഥികൾ ആശയങ്ങളെ ആകാശത്തോളം വളർത്തണം: നജീബ്‌ കാന്തപുരം

അരീക്കോട്:അരീക്കോട്‌ സുല്ലമുസ്സലാം സയൻസ്‌ കോളേജിൽ പുതിയ ഓഗ്മെന്റഡ്‌ റിയാലിറ്റി / വിർച്ച്വൽ റിയാലിറ്റി ലാംഗ്വേജ്‌ ലാബ് ഉൽഘാടനം നജീബ്‌ കാന്തപുരം എം എൽ എ നിർവ്വഹിച്ചു.
നിർമ്മിത ബുദ്ധി സങ്കേതങ്ങൾ ജോലി സാധ്യതകൾ ഇല്ലാതാക്കുകയല്ല; മറിച്ച്‌ ജോലി മേഖലകളെയും സാധ്യതകളെയും വർദ്ധിപ്പിക്കുകയാണു ചെയ്യുകയെന്നും നജീബ്‌ കാന്തപുരം എം എൽ എ അഭിപ്രായപ്പെട്ടു.
വിദ്യാർത്ഥികൾ തങ്ങളുടെ മനസ്സിലുള്ള സംരംഭകത്വ ആശയങ്ങളും ചിന്തകളും ആകാശത്തോളം വളർത്തിയാൽ മാത്രമേ മുന്നേറാൻ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാഷാപഠനത്തിനു സഹായകരമാകാൻ നിർമ്മിതബുദ്ധി സങ്കേതങ്ങൾ ഉപയോഗിച്ചുള്ള ആദ്യ എആർ/വി ആർ ലാബ്‌ സൗകര്യം ഒരുക്കുന്നകോളെജാണുസുല്ലമുസ്സലാം. പുതിയ ഫണ്ടിംഗ്‌ കണ്ടെത്തി വളർച്ചയുടെ പുതിയ പടവുകൾ താണ്ടുന്ന ബയോഡൈവ്‌ ഗ്രീൻ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ ബിരുദദാനവും ചടങ്ങിൽ നടന്നു. ബയോഡൈവ് സ്ഥാപകരായ അജ്മൽ വടക്കൻ, ഷാമിൽ സലാം, ബിസിനസ്‌ സ്ട്രാറ്റജിസ്റ്റ് ആഷിഖ്, സുല്ലമുസ്സലാം ടെക്നോളജി ബിസിനസ്‌ ഇങ്ക്യുബേറ്റർ സി.ഇ.ഒ മുഹമ്മദ് യാസിർ എൻ. വി എന്നിവർ സംസാരിച്ചു.

സ്റ്റാർട്ടപ്പുകൾക്കും യുവസംരംഭകർക്കും ആവശ്യമായ മാർഗനിർദ്ദേശവുമായി നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന സ്കെയിൽ അപ്പ് വില്ലേജുമായി സുല്ലമുസ്സലാം സയൻസ്‌ കോളേജ്‌ ഒപ്പുവെക്കുന്ന ധാരണാപത്രത്തിന്റെ കൈമാറ്റവും ചടങ്ങിൽ നടന്നു.

കോളേജ്‌ മാനേജർ പ്രൊഫസർ എൻ വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ. പി. മുഹമ്മദ്‌ ഇല്യാസ്‌ സ്വാഗതവും വൈസ്‌ പ്രിൻസിപ്പാൾ ഡോ. പി. മുസ്തഫ ഫാറൂഖ്‌ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.