എക്സൈസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന ബീവറേജ് ഷോപ്പിൽ നിന്നും മദ്യം വാങ്ങി വരുന്നവരെ ഭീഷണിപ്പെടുത്തി മദ്യവും പണവും വാങ്ങി മദ്യം മറിച്ച് വില്പന നടത്തുന്ന രണ്ടുപേരെ തട്ടിയെടുത്ത മദ്യം വിൽക്കാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു.
പ്രതികൾ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിൻതുടർന്ന് പിടി കൂടുകയാണ് ഉണ്ടായത്.
ഇവരിൽ നിന്ന് 9 ലിറ്റർ മദ്യവും ഉപയോഗിച്ച ബജാജ് പൾസർ ബൈക്കും പിടിച്ചെടുത്തു.
കോഴിക്കോട് സ്വദേശികളായ മഖ്ബൂൽ, ലജീദ് എന്നിവരാണ് പിടിയിലായത്.
തിരൂരങ്ങാടി താലൂക്കിൽ അരിയല്ലൂർ വില്ലേജിൽ കൊടക്കാട് ദേശത്ത് മണ്ണട്ടാമ്പാറ ഭാഗത്ത് വെച്ചാണ് ഇവർ പിടിയിലായത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രതികൾ രാമനാട്ടുകര, കൂട്ടു മൂച്ചി, കോട്ടക്കടവ് എന്നീ ബീവറേജ് ഔട്ട്ലെറ്റുകൾ കേന്ദ്രീകരിച്ച് എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് പലരിൽ നിന്നും മദ്യവും പണവും തട്ടിയെടുക്കുന്നതായി പരാതി ഉയർന്നിരുന്നു.
അതേ തുടർന്ന് പരപ്പനങ്ങാടി റെയ്ഞ്ച് ടീം ഒരു മാസത്തോളമായി ഇവരെ പറ്റി രഹസ്യാന്വേഷണം നടത്തി വരുന്നതിനിടയിലാണ് രണ്ട് പേരും പിടിയിലായത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.
Leave a Reply