കായകൽപ് സംസ്ഥാന ആരോഗ്യ പുരസ്കാരം : കൊരട്ടി പഞ്ചായത്തിന് 2 അവാർഡ്

രവിമേലൂർ

കൊരട്ടി: മികച്ച സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന കായകൽപ് പുരസ്ക്കാരം 2023 – 2024 പ്രഖ്യാപിച്ചപ്പോൾ കൊരട്ടി പഞ്ചായത്തിലെ രണ്ട് സ്ഥാപനങ്ങൾ പുരസ്കാരം നേടി.
മികച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ള ജില്ലയിലെ മുന്നാം സ്ഥാനം നാലുക്കെട്ട് എഫ്.എച്ച്.സിയും, ഗ്രാമീണ മേഖലയിലെ മികച്ച കുടുംബാരോഗ്യ ഉപകേന്ദ്രത്തിനുള്ള പുരസ്കാരം കട്ടപ്പുറം കുടുബാരോഗ്യ ഉപകേന്ദ്രവും നേടി. 50000 രുപയും പ്രശസ്തിപത്രവും ട്രോഫിയും ആണ് പുരസ്കാരം. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജാണ് അവാർഡ് പ്രഖ്യാപിച്ചത്. കൊരട്ടി പഞ്ചായത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ആരോഗ്യ സ്ഥാപനങ്ങൾക്ക് കായകൽപ് പുരസ്കാരം കിട്ടുന്നത്.
സർക്കാർ ആശുപത്രികളിലെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം, ലാബ് സൗകര്യങ്ങൾ, സേവനങ്ങളുടെ ഡിജിറ്റൽവൽക്കരണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വിലയിരുത്തിയാണ് സംസ്ഥാന സർക്കാർ കായകൽപ് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.
ഒരു പഞ്ചായത്തിലെ തന്നെ രണ്ട് ആരോഗ്യ സ്ഥാപനങ്ങൾക്ക് ഒരേ വർഷം ഒരുമിച്ച് പുരസ്കാരങ്ങൾ കിട്ടുന്നു എന്ന അപൂർവ്വതക്കും കൊരട്ടിക്ക് നേടാനായി എന്നത് പ്രത്യേകതയാണ്.
2023-24 വർഷത്തിൽ നാലുക്കെട്ട് പ്രാഥമിക – കുടുംബ ആരോഗ്യ കേന്ദ്രം 100 ൽ85 മാർക്കും , കട്ടപ്പുറം ഉപകേന്ദ്രം 76.3 മാർക്കും നേടി ജില്ലയിൽ ആദ്യ മൂന്ന് സ്ഥാനത്തിനുള്ളിൽ എത്തപ്പെട്ടത്തിന് പിന്നിൽ ജീവനക്കാരുടെ കൂട്ടായ പരിശ്രമവും, കൊരട്ടി പഞ്ചായത്ത് അധികൃതരുടെയും, ആശുപത്രി നിർവഹണ സമിതി അംഗങ്ങളുടെയും പൂർണ്ണ പിന്തുണയും ഉണ്ടെന്ന് കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ബിജു, മെഡിക്കൽ ഓഫീസർ ഡോ അരുൺ മിത്ര, പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാർ നൈനു റിച്ചു എന്നിവർ അറിയിച്ചു. അംഗീകാരത്തോടെ നിലവിൽ കൊണ്ട് വന്ന മാറ്റങ്ങൾ കൂടുതൽ രോഗി സൗഹൃദവും , നൂതന മാറ്റങ്ങളോടെ മികച്ച സേവനങ്ങൾ നൽകുന്ന സ്ഥാപനം ആക്കി മാറ്റുകയാണ് തുടർന്നും ലക്ഷ്യമെന്ന് ഇവർ അറിയിച്ചു. . ജനകീയ ആരോഗ്യ കേന്ദ്രം ഒ പി സേവനങ്ങളോടെ കഴിഞ്ഞ വർഷങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ ആണ് നടത്തി കൊണ്ടിരിക്കുന്നത്. ഒരു ദിവസം ശരാശരി 120 രോഗികൾ ആണ് ചികിത്സ തേടി നാലുക്കെട്ട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തി ചേരുന്നത്. 3 ഡോക്ടർമാരും 28 സ്റ്റാഫും ഉള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ 5 ആരോഗ്യ ഉപകേന്ദ്രങ്ങൾ ആണ് പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published.