വയനാട് ഉരുൾപൊട്ടൽ: പി.ആർ.ഡി. മീഡിയ കൺട്രോൾ റൂം തുറന്നു

വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ വയനാട്ടിൽ ജില്ലാതല മീഡിയ കൺട്രോൾ റൂമും തിരുവനന്തപുരത്ത് പി.ആർ.ഡി. ഡയറക്ടറേറ്റിലെ പ്രസ് റിലീസ് വിഭാഗത്തിൽ സംസ്ഥാനതല മീഡിയ കൺട്രോൾ റൂമും തുറന്നു. വയനാട്ടിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ദുരന്തനിവാരണ, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഔദ്യോഗിക വിവരങ്ങളും സർക്കാരിൽനിന്നുള്ള ഔദ്യോഗിക അറിയിപ്പുകളും മാധ്യമങ്ങളിലൂടെ പൊതുജനങ്ങളിലെത്തിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലാണു മീഡിയ കൺട്രോൾ റൂം പ്രവർത്തിക്കുക.

വയനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ ആരംഭിച്ചിട്ടുള്ള കൺട്രോൾ റൂമിൽ പി.ആർ.ഡിയുടെ കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ. പത്മനാഭൻ, കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി. ശേഖരൻ എന്നിവരുടെ മേൽനോട്ടത്തിൽ വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി. റഷീദ് ബാബുവിന്റെ നേതൃത്വത്തിലാണു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പി.ആർ.ഡിയുടെ അസിസ്റ്റന്റ് എഡിറ്റർമാർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർമാർ തുടങ്ങിയവരടങ്ങുന്ന സംഘം 24 മണിക്കൂറും കൺട്രോൾ റൂമിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നിർവഹിക്കും. 0483-2734387 ആണ് വയനാട് ജില്ലാ കൺട്രോൾ റൂം നമ്പർ

സെക്രട്ടേറിയറ്റിലെ പി.ആർ.ഡി. പ്രസ് റിലീസ് വിഭാഗത്തിൽ പ്രവർത്തനം ആരംഭിച്ച സംസ്ഥാനതല മീഡിയ കൺട്രോൾ റൂമിൽനിന്ന് സംസ്ഥാനതലത്തിലുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുടെയും അറിയിപ്പുകളുടേയും ഏകോപനം നിർവഹിക്കും. നമ്പർ: 0471 2327628, 2518637

Leave a Reply

Your email address will not be published.