ഹിറ്റ് ആന്റ് റണ്‍ കേസുകളില്‍ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം

ജില്ലാ കളക്ടര്‍

മലപ്പുറം: അജ്ഞാത വാഹനമിടിച്ചുണ്ടാവുന്ന അപകടങ്ങളില്‍ (ഹിറ്റ് ആന്റ് റണ്‍) മരണപ്പെടുന്നവരുടെ കുടുംബത്തിനും പരുക്കേല്‍ക്കുന്നവര്‍ക്കും നഷ്ടപരിഹാരം ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കാമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. മരണപ്പെടുന്നവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും പരുക്കേല്‍ക്കുന്നവര്‍ക്ക് അമ്പതിനായിരും രൂപയുമാണ് നഷ്ടപരിഹാരമായി ലഭിക്കുക. ഹിറ്റ് ആന്റ് റണ്‍ കേസുകളില്‍ നഷ്ടപരിഹാരം നല്‍കുന്നതിനായുള്ള ‘സ്കീം കോമ്പന്‍സേഷന്‍ ടു വിക്ടിംസ് ഓഫ് ഹിറ്റ് ആന്റ് റണ്‍ മോട്ടോര്‍ ആക്സിഡന്റ് സ്കീം 2022’ ന്റെ ജില്ലാതല കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. കമ്മിറ്റിയുടെ ക്ലെയിം സെറ്റില്‍മെന്റ് കമ്മീഷണറാണ് ജില്ലാ കളക്ടര്‍. കേസുകളുടെ ജില്ലയിലെ ക്ലെയിം എന്‍ക്വയറി ഓഫീസറായ തിരൂര്‍ സബ് കളക്ടര്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം അപകടത്തില്‍ പരുക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബത്തിനും നഷ്ടപരിഹാരം കൈമാറുമെന്നും മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചു.
കളക്ടറേറ്റില്‍ ചേര്‍ന്ന കമ്മിറ്റിയുടെ ആദ്യ യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠന്‍, തിരൂര്‍ സബ് കളക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ്, ആര്‍.ടി.ഒ സി.വി.എം ഷെരീഫ്, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധി പി. ശശികുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. നൂന മര്‍ജ, റോഡ് ആക്സിഡന്റ് ആക്‍ഷന്‍ ഫോറം ജനറല്‍ സെക്രട്ടറി കെ.എം അബ്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.