പുതിയ സാങ്കേതികവിദ്യയെ ജീവിതത്തിന്‍റെ ഭാഗമാക്കാന്‍വനിതകള്‍ ശ്രദ്ധിക്കണം

പുതിയ സാങ്കേതികവിദ്യയെ ജീവിതത്തിന്‍റെ ഭാഗമാക്കാന്‍വനിതകള്‍ ശ്രദ്ധിക്കണം

കൊച്ചി: പുത്തന്‍ സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കാന്‍ വനിതകള്‍ സദാ ശ്രദ്ധിക്കണമെന്ന് കൊച്ചിയില്‍ സമാപിച്ച ജെനറേറ്റീവ് എഐ കോണ്‍ക്ലവില്‍ അഭിപ്രായമുയര്‍ന്നു. പാര്‍ശ്വവത്കരണത്തില്‍ നിന്നും മോചനം നേടാനുള്ള സുപ്രധാന വഴി പുതിയ സാങ്കേതികവിദ്യയില്‍ പ്രാവീണ്യം നേടുകയാണെന്നും കോണ്‍ക്ലേവില്‍ നടന്ന ‘സാങ്കേതികവിദ്യയില്‍ പുതിയ അതിര്‍വരമ്പുകള്‍ തീര്‍ക്കുന്നതില്‍ ജെന്‍ എഐയുടെ പ്രാധാന്യം’ എന്ന വിഷയത്തില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍, ഡിജിറ്റല്‍ സര്‍വകലാശാല പ്രൊഫ. ഡോ. എലിസബത്ത് ഷേര്‍ളി, ഐബിഎം മാനേജിംഗ് പാര്‍ട്ണര്‍ ആന്‍ഡ് ക്ലയിന്‍റ് ഇനോവേഷന്‍ സെന്‍റര്‍ ലീഡര്‍ ഉഷ ശ്രീകാന്ത് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

സാങ്കേതികവിദ്യയില്‍ വനിതകളുടെ പങ്ക് എന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ പോലും അവസരമില്ലാത്ത വിധം സമത്വം ഈ മേഖലയില്‍ ഭാവിയില്‍ ഉണ്ടാകണമെന്ന് ശാലിനി വാര്യര്‍ പറഞ്ഞു. പുതിയ എന്തിനെയും സ്വായത്തമാക്കുന്നതിലെ സങ്കോചമാണ് സ്ത്രീകളെ സാങ്കേതികമേഖലയില്‍ പിന്നാക്കം കൊണ്ടു പോകുന്നത്. വനിതാപ്രാതിനിധ്യം കൂടുതലുള്ള മേഖലയെന്ന നിലയില്‍ ബാങ്കിന്‍റെ ഡിജിറ്റല്‍ വിഭാഗത്തില്‍ വനിതകളോട് കൂടുതല്‍ താത്പര്യമെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

പഠിക്കുക, പഠിച്ചത് ഉപേക്ഷിക്കുക, വീണ്ടും പഠിക്കുക എന്നതാകണം ഈ രംഗത്ത് വനിതകളുടെ മന്ത്രമെന്ന് ശാലിനി വാര്യര്‍ ചൂണ്ടിക്കാട്ടി. സാങ്കേതിക സ്വാംശീകരണത്തിന്‍റെ കാര്യത്തില്‍ ഫിന്‍ടെക്ക് ഉത്തമോദാഹരണമാണെന്ന് അവര്‍ പറഞ്ഞു. ഉപഭോക്തൃ സേവനത്തിലാണ് നിര്‍മ്മിതബുദ്ധിയ്ക്ക് ഏറെ പ്രാധാന്യമുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

നാട്ടിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ ജെന്‍ എഐ അടിമുടി സ്വാധീനിച്ചു കൊണ്ടിരിക്കുകയാണെന്ന് ഡോ. എലിസബത്ത് ഷേര്‍ളി പറഞ്ഞു. മികച്ച സാങ്കേതിക സൗകര്യം, സാമ്പത്തിക സഹായം, വിദഗ്ധോപദേശം എന്നിവയാണ് വനിതകള്‍ക്ക് ഈ രംഗത്ത് ഉയര്‍ന്നു വരാനാവശ്യമായത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഡിജിറ്റല്‍ സര്‍വകലാശാല, സ്റ്റാര്‍ട്ടപ്പ് തുടങ്ങിയ എല്ലാ സംവിധാനങ്ങളും വനിതകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി വരുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

സോഫ്റ്റ് വെയര്‍ ഡെലിവറി വിഭാഗത്തില്‍ വനിതാപ്രാതിനിധ്യം മികച്ചതാണെങ്കിലും ഡാറ്റാ സയന്‍സ്, സോഫ്റ്റ് വെയര്‍ ആര്‍ക്കിടെക്ട് തുടങ്ങിയ മേഖലകളില്‍ സ്ത്രീകള്‍ തുലോം കുറവാണെന്ന് ഉഷാ ശ്രീകാന്ത് പറഞ്ഞു. പരിചയിച്ച മേഖലകളില്‍ തന്നെ ഒതുങ്ങാതെ പുതിയ സാങ്കേതികവിദ്യ പഠിക്കാനുള്ള അവസരം സ്ത്രീകള്‍ പാഴാക്കരുതെന്നും അവര്‍ പറഞ്ഞു.

കെഎസ്ഐഡിസി സംഘടിപ്പിച്ച ദ്വിദിന ജെനറേറ്റീവ് എഐ കോണ്‍ക്ലേവില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 2000 ഓളം പ്രതിനിധികളാണ് പങ്കെടുത്തത്.

Leave a Reply

Your email address will not be published.