സുരേന്ദ്രന്‍ നായര്‍ക്ക് രാജാ രവിവര്‍മ്മ പുരസ്‌കാര സമര്‍പ്പണം ജൂലൈ 11

മലയാളിയായ പ്രശസ്ത ഇന്ത്യന്‍ ചിത്രകാരന്‍ സുരേന്ദ്രന്‍ നായര്‍ക്ക് വിഷ്വല്‍ ആര്‍ട്ട് രംഗത്ത് കേരള സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരം സമര്‍പ്പിക്കുന്നു. കലാരംഗത്ത് അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയനായ സുരേന്ദ്രന്‍ നായര്‍ക്ക് 2022-ലെ പുരസ്‌കാരം സമര്‍പ്പിക്കുന്നത് സംസ്ഥാന സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാനാണ്. ജൂലൈ 11ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ കൂത്തമ്പലത്തിലാണ് പുരസ്‌കാരം സമ്മാനിക്കുക. മൂന്നുലക്ഷം രൂപയും കീര്‍ത്തിപത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം. കേരളം ഇന്ത്യന്‍ ചിത്രകലയ്ക്കും ലോകത്തിനും സംഭാവന ചെയ്ത വിഖ്യാത കലാകാരനായിരുന്ന രാജാ രവിവര്‍മ്മ ഭാരതീയ മനസ്സില്‍ കലയുടെ പര്യായം തന്നെയാണ്. അതുകൊണ്ടുതന്നെയാണ് വിഷ്വല്‍ ആര്‍ട്ട് രംഗത്ത് സംസ്ഥാന സര്‍ക്കാരിന്റെപരമോന്നത പുരസ്‌കാരം രവിവര്‍മ്മയുടെ നാമധേയത്തിലായതും.

1956-ല്‍ എറണാകുളം ജില്ലയിലെ ഓണക്കൂറിലാണ് സുരേന്ദ്രന്‍ നായരുടെ ജനനം. തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ നിന്ന് കലയില്‍ ബിരുദവും ബറോഡ എം.എസ്. യൂണിവേഴ്സിറ്റിയില്‍ നിന്ന് ബുരുദാനന്തരബിരുദവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കലാപഠനത്തിന്റെ തുടക്കകാലത്ത് പാശ്ചാത്യകലയുടെ സ്വാധീനമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ കേരളത്തിന്റെ സംസ്‌കാരവും പാരമ്പര്യകലകളും സമന്വയിച്ചിരിക്കുന്നു. പിന്നീട് സുരേന്ദ്രന്‍ നായരുടെ കലയില്‍ തിയറ്റര്‍ ഒരു പ്രധാന ഘടകമാണ്. അതാകട്ടെ, അനുഷ്ഠാനങ്ങളുടെ സൂക്ഷ്മ വിശകലനവും സ്വയം പരിവര്‍ത്തനവും രൂപങ്ങളുടെയും വാക്കുകളുടെയും പരസ്പര പ്രവര്‍ത്തനവുമാകുന്നു. പുതുഅര്‍ത്ഥം സൃഷ്ടിക്കുംവിധം വാക്കുകള്‍ ചിത്രത്തിന്റെ അനിവാര്യ ഘടകമാണ്. സുരേന്ദ്രന്‍ നായര്‍ ചിത്രങ്ങളില്‍ പാരമ്പര്യവും ആധുനികതയും വളരെ സങ്കീര്‍ണ്ണമായി ഇഴചേര്‍ന്നിരിയ്ക്കുന്നു. നിഷ്‌കളങ്കമായ നര്‍മ്മത്തിലൂടെയും പ്രത്യേക നോട്ടങ്ങളിലൂടെയും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പലപ്പോഴും ഒരു ബഹുമുഖ കാഴ്ചയാണ് പ്രദാനം ചെയ്യുന്നത്.

വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ കൂത്തമ്പലത്തില്‍ ജൂലൈ 11ന് വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന യോഗത്തില്‍ സാംസ്‌കാരിക കാര്യ വകുപ്പ് ഡയറക്ടര്‍ മായ ഐ എഫ് എസ് സ്വാഗതം പറയും. വട്ടിയൂര്‍ക്കാവ് എം എല്‍ എ വി.കെ. പ്രശാന്ത് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള ലളിതകലാ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത് പരിപ്രേക്ഷ്യം അവതരിപ്പിക്കും. ബഹു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരം സമര്‍പ്പിക്കും. പ്രശസ്ത ചിത്രകാരനായ സുരേന്ദ്രന്‍ നായര്‍ രാജാ രവിവര്‍മ്മ പുരസ്‌കാരം സ്വീകരിക്കും. കേരളം ചീഫ് സെക്രട്ടറി ഡോക്ടര്‍ വി. വേണു ഐ എ എസ് മുഖ്യാതിഥിയായിരിക്കും. കലാചരിത്രകാരന്‍, സാംസ്‌കാരിക വിമര്‍ശകന്‍, ക്യൂറേറ്റര്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ജോണി എം.എല്‍. മുഖ്യപ്രഭാഷണം നടത്തും. കേരള ഫിലിം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ജി.എസ്. പ്രദീപ്, സമം പദ്ധതി ചെയര്‍പേഴ്സണ്‍ സുജ സൂസന്‍ ജോര്‍ജ്ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. സുരേന്ദ്രന്‍ നായര്‍ മറുപടി പ്രഭാഷണവും അക്കാദമി സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍ നന്ദിയും പറയും.

Leave a Reply

Your email address will not be published.