ഔഷധ ഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു

കല്യാശ്ശേരി ഔഷധ ഗ്രാമം  പദ്ധതിയുടെ  രണ്ടാംഘട്ടത്തിന്റെ നിയോജക മണ്ഡല തല ഉദ്ഘാടനം മാടായിപ്പാറ തവരതടത്ത് എം വിജിന്‍ എം എല്‍ എ നിർവഹിച്ചു.

മാടായി ഗ്രാമ പഞ്ചായത്ത് അംഗം പി ജനാർദ്ദനൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ തുളസി ചേങ്ങാട്ട് പദ്ധതി വിശദീകരിച്ചു. ചെറുകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി നിഷ, കണ്ണപുരം പഞ്ചായത്ത് പ്രസിഡണ്ട് കെ രതി,പട്ടുവം പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സിപി മുഹമ്മദ് റഫീഖ് , കല്ല്യാശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബി സുഷ എന്നിവർ സംസാരിച്ചു.

കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി കല്ല്യാശ്ശേരി മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തിലുമായി 100 ഏക്കറിലായാണ് ഔഷധ സസ്യ കൃഷി വ്യാപിപ്പിക്കുവാന്‍ പോകുന്നത്.

കടന്നപ്പള്ളി – പാണപ്പുഴ പഞ്ചായത്തില്‍ 20 ഏക്കറിലും, ഏഴോം, ചെറുതാഴം, കുഞ്ഞിമംഗലം, പട്ടുവം, കല്യാശേരി, കണ്ണപുരം പഞ്ചായത്തുകളില്‍ 10 ഏക്കര്‍ വീതവും, ചെറുതാഴത്ത് 15 ഏക്കറിലും, ചെറുകുന്നില്‍ അഞ്ച് ഏക്കറിലും, മാട്ടൂല്‍ പഞ്ചായത്തില്‍ 2.5 ഏക്കറിലുമായാണ്  രണ്ടാംഘട്ടത്തില്‍ ഔഷധ കൃഷി നടപ്പിലാക്കും.

പദ്ധതിയുടെ ഭാഗമായി  തൊഴിലുറപ്പ് തൊഴിലാളികള്‍ നിലം ഒരുക്കുന്നത്. പഞ്ചായത്തടിസ്ഥാനത്തില്‍ കര്‍ഷകരുടെ ഗ്രൂപ്പുകളും പദ്ധതിക്കായി  പൂര്‍ണ്ണ സജ്ജമാണ്.  കര്‍ഷകര്‍ക്ക് വിപണനത്തിലുള്ള സഹായവും ഉറപ്പാക്കിയിട്ടുണ്ട്.
കൃഷി വകുപ്പ്, ഔഷധി, മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി  എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി.

ആദ്യഘട്ടത്തില്‍ മൂന്ന് പഞ്ചായത്തുകളില്‍ 25 ഏക്കറില്‍ നടപ്പിലാക്കിയ കുറുന്തോട്ടി കൃഷി  വന്‍ വിജയമായിരുന്നു.വിളവെടുത്ത കുറുന്തോട്ടിയും, വിത്തും സംസ്ഥാന പൊതുമേഖല സ്ഥാപനമായ ഔഷധിയാണ് ശേഖരിക്കുന്നത്.  
കേരളത്തിലെ മികച്ച ജൈവ കാര്‍ഷിക  നിയോജക മണ്ഡലത്തിനുള്ള സംസ്ഥാന പുരസ്‌ക്കാരം കഴിഞ്ഞ വര്‍ഷം  ഔഷധ ഗ്രാമം പദ്ധതിയിലൂടെ  കല്ല്യാശ്ശേരി മണ്ഡലം സ്വന്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published.