
സർക്കാരുമായി ചർച്ച നടത്താൻ വൈസ് ചാൻസലറെ ചുമതലപ്പെടുത്തി
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരുമായി തുടർചർച്ചകൾ നടത്താൻ ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം വൈസ് ചാൻസലറെ ചുമതലപ്പെടുത്തി.പദ്ധതിക്കായി 125 കോടി രൂപയുടെ സാമ്പത്തിക സഹായം നൽകാമെന്ന സർക്കാരിന്റെ വാഗ്ദാനം പരിഗണിച്ചാണ് ഈ തീരുമാനം.സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള 42 ഏക്കർ ഭൂമിയിൽ സ്റ്റേഡിയം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുക.നിലവിലുള്ള സ്റ്റേഡിയം വികസിപ്പിക്കണമോ അതോ പുതിയൊരു സ്റ്റേഡിയം നിർമ്മിക്കണമോ എന്ന കാര്യത്തിൽ വിശദമായ പരിശോധന നടത്തും. സ്റ്റേഡിയം നട ത്തിപ്പുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും കൃത്യമായി രൂപീകരിക്കാ നും സിൻഡിക്കേറ്റ് തീരുമാനിച്ചു.സ്റ്റേഡിയം നിർമ്മാണത്തിനായി ഇപ്പോൾ കണ്ടെത്തിയ സ്ഥലം അനുയോജ്യമല്ലെന്നും, വ്യക്തമായ ധാരണാപത്രം തയ്യാറാക്കിയ ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കാവൂ എന്നും സിൻഡിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ് ആവശ്യപ്പെട്ടു.സ്റ്റേഡിയം നിർമ്മാണത്തെ സ്വാഗതം ചെയ്യുമ്പോഴും, ഇതിന്റെ മറവിൽ ബാർ ഹോട്ടലുകളോ മറ്റ് വാണിജ്യ സമുച്ച യങ്ങളോ നിർമ്മിക്കാനോ സർവകലാശാലയുടെ ഭൂമി സ്വകാര്യവ്യക്തികൾക്ക് കൈമാറാനോ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ഇത്തരം നിബന്ധനകൾ മുൻകൂട്ടി നിശ്ചയിക്കണമെന്നും അദ്ദേഹം സിൻഡിക്കേറ്റിൽ ആവശ്യപ്പെട്ടു.
Leave a Reply