പി.പി.എൻ.എം.എ.യു.പി സ്കൂൾ പിടിഎ പ്രസിഡന്റിനെ മർദ്ദിച്ച സംഭവം; പ്രതികളെ സംരക്ഷിച്ച് തിരൂർ പോലീസ്; നീതിക്കായി നിയമപോരാട്ടമെന്ന് അൻവർ സാദത്ത് ചോമയിൽ.
തിരൂർ: ജി.എൽ.പി സ്കൂളിലെ നിയമലംഘനങ്ങൾ പുറത്തുകൊണ്ടുവന്നതിന് മർദ്ദനമേറ്റ പി.പി.എൻ.എം.എ.യു.പി സ്കൂൾ പിടിഎ പ്രസിഡന്റ് അൻവർ സാദത്ത് ചോമയിലിന്റെ പരാതിയിൽ കേസെടുക്കാതെ തിരൂർ പോലീസ് പ്രതികളെ സംരക്ഷിക്കുന്നതായി ആക്ഷേപം. ഫെബ്രുവരി 6-ന് നടന്ന അക്രമത്തിൽ പരിക്കേറ്റ അൻവർ സാദത്ത് നൽകിയ പരാതിയിൽ എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല.
സംഭവത്തെക്കുറിച്ച് അൻവർ സാദത്ത് പറയുന്നത്:
“സ്കൂൾ അധികൃതർ രഹസ്യമാക്കി വെച്ചിരുന്ന നിയമവിരുദ്ധ വിനോദയാത്രയുടെ വിവരം കുട്ടികളിലൂടെ ഞാൻ പുറത്തുകൊണ്ടുവന്നതാണ് അധികൃതരെ പ്രകോപിപ്പിച്ചത്. ഹെഡ്മിസ്റ്ററുടെ ഒത്താശയോടെ സ്കൂൾ ജീവനക്കാരൻ എന്നെ വധിക്കാൻ ശ്രമിക്കുകയും ക്രൂരമായി മർദ്ദിച്ച് കൈ ഒടിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ തെളിവുകളും ഒപി ടിക്കറ്റും സഹിതം പരാതി നൽകിയിട്ടും പോലീസ് എന്നെ കബളിപ്പിക്കുകയാണ്. ഇന്ന് രാവിലെ 10 മണിക്ക് സ്റ്റേഷനിൽ വരാൻ പറഞ്ഞ് 30 കിലോമീറ്റർ അപ്പുറത്തുനിന്ന് എന്നെ യാത്ര ചെയ്യിപ്പിച്ചു. ഒന്നര മണിക്കൂർ കാത്തിരിപ്പിച്ചിട്ടും പരാതി സ്വീകരിക്കാനോ തയ്യാറാകാതെ, സ്കൂൾ അധികൃതരുടെ പരാതിയിൽ മാത്രമേ കേസെടുക്കൂ എന്ന് എസ്.ഐ ഭീഷണിപ്പെടുത്തുകയായിരുന്നു.”
അക്രമികളെ ന്യായീകരിക്കുന്ന എസ്.ഐയുടെ ഫോൺ സംഭാഷണത്തിന്റെ ഓഡിയോ റെക്കോർഡിംഗും, ടീച്ചർ അധിക്ഷേപിക്കുന്ന വീഡിയോയും അൻവർ സാദത്ത് മാധ്യമങ്ങൾക്ക് കൈമാറി. മുഖ്യമന്ത്രിക്കും എസ്.പിക്കുംമനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുള്ളതായും, നിയമത്തെയും ഭരണഘടനയെയും മുറുകെ പിടിച്ചുകൊണ്ട് അക്രമികൾക്കും അവർക്ക് ഒത്താശ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുമെതിരെ ശക്തമായ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
മർദ്ദനമേറ്റ അൻവർ സാദത്തിന്റെ പരിക്കേറ്റ ഒപി ടിക്കറ്റും, പരാതി നൽകിയതിന്റെ രസീതുകളും, പോലീസ് സ്റ്റേഷനിലെ ഒത്തുകളിയുടെ തെളിവുകളും ഈ പത്രക്കുറിപ്പിനോടൊപ്പം സമർപ്പിക്കുന്നു.
അൻവർ സാദത്ത് ചോമയിൽ
Leave a Reply