ആർ അനിൽ


കൊല്ലം:കൊല്ലം പ്രസ് ക്ലബ്ബും ഫാത്തിമ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റും സംയുക്തമായി ഏര്‍പ്പെടുത്തിയ മൂന്നാമത് പത്ര–ദൃശ്യമാധ്യമ അവാര്‍ഡുകള്‍ (2025 -26) പ്രഖ്യാപിച്ചു. കേരളത്തിലെ രാഷ്ട്രീയ മേഖലയുമായി ബന്ധപ്പെട്ട് 2025 ജനുവരി 1 മുതല്‍ ഡിസംബര്‍ 15 വരെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ്
അവാര്‍ഡിനായി പരിഗണിച്ചത്. അച്ചടി മാധ്യമങ്ങളില്‍നിന്ന് ലഭിച്ച ഒന്‍പതും ദൃശ്യ മാധ്യമങ്ങളിൽ നിന്ന്‌ 7 എൻട്രികളും വിദഗ്ധ സമിതിവിലയിരുത്തി. ആര്‍ സുനില്‍ (മാധ്യമം), മാര്‍ഷല്‍ വി സെബാസ്റ്റ്യന്‍ (മാതൃഭൂമി ന്യൂസ്) എന്നിവര്‍ അവാർഡിന് അർഹരായി. മാധ്യമം തൃശ്ശൂര്‍ റിപ്പോര്‍ട്ടര്‍ ആര്‍. സുനിലിന്റെ ‘അട്ടപ്പാടിയില്‍ നടന്നത് കേരളത്തെ നടുക്കുന്ന ഭൂമി കുംഭകോണം’
എന്ന റിപ്പോര്‍ട്ടാണ് അവാര്‍ഡിന് അര്‍ഹമായത്. ദൃശ്യമാധ്യമ റിപ്പോര്‍ട്ടുകളില്‍ മികച്ചതായി ജൂറി വിലയിരുത്തിയ എഡിറ്റര്‍ മാര്‍ഷല്‍ വി സെബാസ്റ്റ്യന്റെ വി.എസ്. അച്ചുതാനന്ദന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ‘തൂവെള്ളയിലെ കൊള്ളിയാന്‍’ എന്ന ഫീച്ചറിനാണ്.

കേരള യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം മേധാവി ഡോ എം എസ് ഹരികുമാര്‍, ദി ഹിന്ദുവിലെ മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സി ഗൗരിദാസന്‍ നായര്‍, കേരള യൂണിവേഴ്‌സിറ്റിയിലെ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ടി കെ സന്തോഷ്‌കുമാര്‍ എന്നിവരായിരുന്നു അവാര്‍ഡ് നിര്‍ണയ സമിതി അംഗങ്ങള്‍. 25000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്’.
ഡോ. എ.യൂനുസ് കുഞ്ഞിന്റെ നാലാം ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി 3 ന് കൊല്ലം പ്രസ് ക്ലബില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഫാത്തിമ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ അഡ്വ. അന്‍സര്‍ യൂനുസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊല്ലം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഡി. ജയകൃഷ്ണന്‍, സെക്രട്ടറി സനല്‍ ഡി പ്രേം, വൈസ് പ്രസിഡന്റ് എം മഹേഷ്കുമാർ, ഫാത്തിമ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സെയാന്‍ നൗഷാദ്, യൂനുസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രൊഫ. ഹാഷിം എന്നിവരും സംസാരിച്ചു.

മാര്‍ഷല്‍ വി സെബാസ്റ്റ്യൻ വി.എസ്.

Leave a Reply

Your email address will not be published.