കാലിക്കറ്റ് സർവ്വകലാ ശാല വിസിയായ് നിയമിതനായ പ്രൊഫ. ഡോ. പി രവീന്ദ്രൻ)

വേലായുധൻ പിമൂന്നിയൂർ

തേഞ്ഞിപ്പലം :കാലിക്കറ്റ് സർവകലാശാല കെമിസ്ട്രി പ്രൊഫസർ ഡോ:പി.രവീന്ദ്രനെ കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസിലറായി നിയമിച്ചുകൊണ്ട് ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേ ക്കർ ഉത്തരവിട്ടു.നിലവിൽ കഴിഞ്ഞ ഒന്നര വർഷമായി കാലിക്കറ്റ് സർവകലാശാലയുടെ താൽക്കാലിക വിസിയായി ഡോ:പി രവീന്ദ്രൻ തു ടരുകയായിരുന്നു.വൈസ് ചാൻസലർ നിയമനത്തിനായി നിയമിച്ച മൂന്നംഗ സമിതി തയ്യാറാക്കിയ പാനലിൽ നിന്നാണ് ചാൻസലർ ഡോ: രവീന്ദ്രനെ വിസി ആയി നിയമിച്ചത്.നാലു വർഷത്തേക്കാണ് നിയമനം.മദ്രാസ് ഐഐടി യിൽ നിന്നും പിഎച്ച് ഡി നേടിയ പ്രൊഫ. രവീന്ദ്രൻ 2005 ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ റീഡറായി നിയമിതനാകുന്നതിനുമുമ്പ് ജർമ്മനിയിലെ ഗോട്ടിൻജൻ സർവ്വകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ വിസിറ്റിംഗ് സയന്റിസ്റ്റ് ആ യും, അമേരിക്കയിലെ നോർത്ത് കരോലിന സർവ്വകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ റിസർച്ച് അസോസിയേറ്റ് ആയും, ജപ്പാനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ഇൻഡസ്ട്രിയൽ സയൻസ് & ടെക്നോളജിയിൽ ശാസ്ത്രജ്ഞനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ പുലാമന്തോൾ സ്വദേശിയായ ഡോ: രവീന്ദ്രന്റെ ഭാര്യ പ്രൊഫ. എം. ആർ. രശ്മി പട്ടാമ്പി ഗവൺമെൻറ് കോളേജ് പ്രിൻസിപ്പലിൻ്റെ ചുമതല വഹിക്കുന്നു. ബാംഗ്ലൂർ ഐ ബിഎമ്മിൽ കമ്പ്യൂട്ടർ വിദഗ്ധ ആയ ലക്ഷ്മി, വിദ്യാർത്ഥിയായ ഗൗരീശങ്കർ എന്നിവർ മക്കളാണ്.

ഏറെ വിവാദങ്ങൾക്ക് ശേഷമാണ് കാലിക്കറ്റ് സർവകലാശാല വിസി നിയമനം നടന്നത്. ചാൻസലറുടെ നിർദ്ദേശാനു സരണം നാലു തവണ സെനറ്റ് യോഗം ചേർന്ന ശേഷമാണ് ഹൈക്കോടതിയുടെ കൂടി നിർദ്ദേശപ്രകാരം സെനറ്റിന്റെ പ്രതിനിധിയെ തിരഞ്ഞെടുത്തത്.തുടർന്ന് ഗവർണർ നിയമിച്ച സേർച്ച്‌ കമ്മിറ്റി കഴിഞ്ഞ ഞായർ, തിങ്കൾ ദിവസങ്ങളിൽ അപേക്ഷകരായ 35 പേരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അഞ്ചംഗ പാനൽ ഗവർണർക്ക് സമർപ്പിർപ്പിച്ചത്. പതിവിനു വിപരീതമായി
സെർച്ച് കമ്മിറ്റി അംഗങ്ങൾ മൂന്നുപേരും നേരിട്ട് ഗവർണറെ സന്ദർശിച്ചാണ് പാന ൽ കൈമാറിയത്.അതിനിടെ വിസി തെരഞ്ഞെടുപ്പിനുള്ള അപേക്ഷ സ്വീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ച ലോക്ഭവന്റെ നടപടി ചോദ്യം ചെയ്ത് സർക്കാർ ഹൈകോടതിയെ സമീപിച്ചുവെങ്കിലും വിസി നിയമന നടപടി തടയാൻ വിസമ്മതിച്ച ഹൈക്കോടതി ഹർജ്ജി 27 ആം തീയതിക്ക് മാറ്റി. കോടതിവിധിക്ക് വിധേയമായാണ് ഗവർണർ വിസി നിയമന ഉത്തരവിൽ ഒപ്പ് വച്ചത്. കാലിക്കറ്റ് സർവകലാശാല വിസി നിയമനം നടന്നതോടെ സംസ്ഥാനത്തെ 14 സർവ്വകലാശാലകളിൽ നാലിടത്ത് സ്ഥിരം വിസി മാർ നിയമിതരായി. കേരള, എംജി, സർവകലശാല വിസി മാരെ തിരഞ്ഞെടുക്കുന്നതിന് സർവകലാശാല പ്രതിനിധിയെ നിശ്ചയിക്കാൻ ഗവർണർ രണ്ട് സർവകലാശാലകൾക്കും നിർദ്ദേശം നൽകിയിരിക്കുകയാണ്.

Leave a Reply

Your email address will not be published.