അരീക്കോട്: രാജ്യത്തിന്റെ ഫെഡറൽ സംവിധാനങ്ങളെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും കരുത്തുറ്റ ഐക്യനിര ശക്തിപ്പെടുത്തണമെന്ന് കെഎസ്ടിഎ മലപ്പുറം ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു. അരീക്കോട് ചെമ്രക്കാട്ടൂർ ഫോറ ഓഡിറ്റോറിയത്തിലെ ബി. സുരേഷ് മാസ്റ്റർ നഗറിൽ നടന്ന 35-ാം ജില്ലാ പ്രതിനിധി സമ്മേളനം മുൻ കൽപ്പറ്റ എംഎൽഎ സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ മൂല്യങ്ങളെയും ഫെഡറൽ തത്വങ്ങളെയും കാറ്റിൽ പറത്തി സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കേന്ദ്രം കവർന്നെടുക്കുകയാണെന്ന് സമ്മേളനം വിലയിരുത്തി. കേരളത്തോടുള്ള കടുത്ത സാമ്പത്തിക വിവേചനം സിവിൽ സർവീസിനെയും പൊതുവിദ്യാഭ്യാസ മേഖലയെയും പ്രതിസന്ധിയിലാക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ കോർപ്പറേറ്റുകൾക്ക് തുച്ഛവിലയ്ക്ക് വിൽക്കുന്നതും വിദ്യാഭ്യാസ മേഖലയെ വർഗീയവൽക്കരിക്കുന്നതും തടയാൻ യോജിച്ച പോരാട്ടങ്ങൾ അനിവാര്യമാണെന്ന് പ്രതിനിധി സമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് ഇ.എസ്. അജിത്ത് ലൂക്ക് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ എം.കെ. ഷൗക്കത്തലി സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറർ എ.കെ. ബീന, സംസ്ഥാന വൈസ് പ്രസിഡണ്ട് ആർ.കെ. ബിനു, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി വി.കെ. രാജേഷ്, കേന്ദ്ര കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി ടി. രാജേഷ് എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ. അനൂപ് രക്തസാക്ഷി പ്രമേയവും, ടി. രത്നാകരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘടന റിപ്പോർട്ട് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സിജോവ് വി. സത്യനും പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി കെ. സരിതയും അവതരിപ്പിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി രാത്രിയിൽ പ്രാദേശിക കലാകാരന്മാരുടെയും സ്വാഗതസംഘത്തിന്റെയും നേതൃത്വത്തിൽ അരങ്ങേറിയ ‘കലാസന്ധ്യ’ പ്രതിനിധികൾക്ക് വേറിട്ട അനുഭവം പകർന്നു.

സമ്മേളനത്തിന്റെ മൂന്നാം ദിനമായ ഇന്ന് (ഞായറാഴ്ച) രാവിലെ ‘വൈജ്ഞാനിക സമൂഹവും വിദ്യാഭ്യാസവും’ എന്ന വിഷയത്തിൽ മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രഭാഷണം നടത്തും.

Leave a Reply

Your email address will not be published.