അരീക്കോട് • ഭിന്നശേഷി വിഭാഗക്കാർക്കു വധൂവരന്മാരെ കണ്ടെത്താൻ പരിവാർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാസംഗമം നാളെ (23 ന്) രവിലെ ഒൻപതിന് ചെമക്കാട്ടൂരിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഭിന്നശേഷി കാരണം ജീവിത പങ്കാളിയെ കണ്ടെത്താൻ സാധിക്കാതെ ബുദ്ധിമുട്ടുന്ന 1400 കുടുംബങ്ങൾ ഏറനാട് മണ്ഡലത്തിൽ മാത്രമുണ്ടെന്നാണു കണക്ക്. മാനസിക വൈകല്യം കാരണം കുടുംബത്തിൽ തളച്ചിടപ്പെട്ടവർക്ക് ഇണകളെ കണ്ടെത്താനുള്ള അവസരമൊരുക്കുകയാണു സംഘടനയുടെ ലക്ഷ്യം. തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള 350 പേർ റജിസ്ട്രേഷൻ പൂർത്തിയാക്കിയതായി ഭാരവാഹികൾ പറഞ്ഞു. 3500 ഓളം പേർ പങ്കെടുക്കുന്ന സംഗമത്തിൽ നേരിട്ട് കുടുംബങ്ങളുമായി മാത്രം ചർച്ച നടത്താനും അവസരമുണ്ട്. മറ്റു തീരുമാനങ്ങളും വിവാഹങ്ങളും പിന്നീട് കുടുംബങ്ങൾ ചേർന്നു നടത്തും.
നാഷണൽ ട്രസ്റ്റ് ആക്ടിൽ ഉൾപ്പെടുന്ന ഓട്ടിസം, സെറിബ്രൽ പാൾസി, മാനസിക വെല്ലുവിളികൾ, ഡൗൺ സിൻട്രോം, മൾട്ടിപ്പിൾ സിൻഡ്രോം തുടങ്ങിയ ബഹുമുഖ വൈകല്യങ്ങളുള്ളവരുടെ കുടുംബാംഗങ്ങൾ ചേർന്നാണു പരിപാടിക്കു രൂപം നൽകിയത്. ഭക്ഷണം ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
അതിഭിന്നശേഷി വിഭാഗങ്ങൾക്കായി സംരക്ഷണ കേന്ദ്രം എന്ന ആശയവും പരിവാർ മുന്നോട്ടു വയ്ക്കുന്നുണ്ട്. നിലവിൽ ഭിന്നശേഷിക്കാർക്കുള്ളതിനു പുറമേ സർക്കാർ തലത്തിൽ അതിഭിന്നശേഷി വിഭാഗക്കാർക്കു കൂടുതൽ കരുതൽ ആവശ്യമാണെന്നും ഭാരവാഹികൾ പറഞ്ഞു. സൈനുദ്ദീൻ പൊന്നാട്, എം.പി.ബി.ഷൗക്കത്ത്, ജാഫർ ചാളക്കണ്ടി, സി.പി അഹമ്മദ്കുട്ടി, അബ്ദുറഹ്മാൻ പുൽപ്പറ്റ, എം.പി.യൂസുഫ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Leave a Reply