
മലപ്പുറം: സമസ്ത സെന്റിനറിയുടെ ഭാഗമായി സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) സംസ്ഥാന പ്രതിനിധി സമ്മേളനം സംഘടിപ്പിക്കുന്നു. നവംബര്‍ 11 ന് ചൊവ്വാഴ്ച തിരൂര്‍ വാഗന്‍ ട്രാജഡി ഹാളില്‍ ‘മര്‍ഹൂം കട്ടിപ്പാറ കെ കെ ഉസ്താദ് നഗറില്‍’ സമ്മേളനം നടക്കും.
‘മദ്‌റസകള്‍ സമൂഹ നന്മക്ക്’ എന്ന പ്രമേയത്തില്‍ രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന സമ്മേളനത്തില്‍ വിവിധ ജില്ലകളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത 1500 ഓളം പ്രതിനിധികള്‍ പങ്കെടുക്കും. ഇസ്ലാമിക പൈതൃകവും പാരമ്പര്യവും മുറുകെ പിടിച്ചു ബഹുസ്വര സമൂഹത്തില്‍ സൗഹൃദത്തോടെ എങ്ങനെ ജീവിക്കണമെന്ന് കേരളീയ മുസ്ലിം സമൂഹത്തിനു പഠിപ്പിച്ചു കൊടുത്തത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണ്. സമസ്ത സെന്റിനറിയുടെ ഭാഗമായി പ്രസ്ഥാന കുടുംബം വിവിധങ്ങളായ പരിപാടികള്‍ നടത്തുന്നു.
മദ്‌റസ മാനേജ്‌മെന്റ്കളുടെ കൂട്ടായ്മയായ സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ‘മദ്‌റസകള്‍ സമൂഹ നന്മയ്ക്ക്’ എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് പ്രതിനിധി സമ്മേളനം നടത്തുന്നത്.
സമസ്തയുടെ 100 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമാണ് മദ്‌റസ പ്രസ്ഥാനം. ശരിയായ മാര്‍ഗത്തില്‍ മതവിജ്ഞാനം ലഭ്യമാകുന്നതിലൂടെ സാമൂഹ്യ സുരക്ഷയും മത സൗഹര്‍ദ്ധവും നിലനില്‍ക്കും. മദ്‌റസകള്‍ക്കെതിരെ ചില ഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട വിമര്‍ശനങ്ങള്‍ ഉയരുന്നു. തെറ്റിധാരണയും സ്പര്‍ദ്ധയും വളര്‍ത്തുന്ന ഇത്തരം വിമര്‍ശനങ്ങള്‍ മനപ്പൂര്‍വം ഉണ്ടാക്കുന്നതാണ്. അതിനെതിരെ സമൂഹത്തെ ബോധവല്‍ക്കരണം നടക്കേണ്ടതുണ്ട്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍, ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, കേരള മുസ്ലിം ജമാഅത് ജന. സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി, സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, മാരായമംഗലം അബ്ദു റഹ്‌മാന്‍ ഫൈസി, സി മുഹമ്മദ് ഫൈസി, സി പി സൈതലവി മാസ്റ്റര്‍, ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി, ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
Leave a Reply