സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ.
-കേരള സംസ്ഥാന കമ്മിറ്റി.

   കേരളം  ഉൾപ്പെടെ രാജ്യമെമ്പാടും സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ.) പ്രഖ്യാപിച്ചതിലൂടെ, ജനസംഖ്യയിലെ വലിയൊരു വിഭാഗത്തിന്റെ വോട്ടവകാശവും പൗരത്വവും നിഷേധിക്കുക എന്ന ഫാസിസ്റ്റ് ആർ.എസ്.എസിൻ്റെ  അജണ്ടയാണ് എറാൻമൂളിയായ
തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്നത്.

ഈ ജനവിരുദ്ധ നീക്കത്തെ സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി ശക്തമായി അപലപിക്കുകയും അതിനെ പരാജയപ്പെടുത്താൻ വിശാലവും ഏകീകൃതവുമായ ബഹുജന പ്രതിരോധത്തിന് എല്ലാ പുരോഗമന ശക്തികളോടും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

മരിച്ചവരുടെയും, സ്ഥലംമാറ്റപ്പെട്ടവരുടെയും, ഇരട്ടിച്ച വോട്ടർമാരുടെയും പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ എന്നു പറഞ്ഞ് ആരംഭിച്ച എസ്‌ ഐ ആർ, ബീഹാറിൽ ഇതിനകം തന്നെ മുസ്ലീങ്ങൾ, ദലിതർ, ആദിവാസികൾ, എല്ലാറ്റിനുമുപരി, സ്ത്രീകൾ എന്നിവരെ വൻതോതിൽ വോട്ടർപ്പട്ടികയിൽ നിന്നും ഒഴിവാക്കുന്നതിലേക്ക് നയിച്ചു. ഇങ്ങനെ നീക്കം ചെയ്ത 65 ലക്ഷം വോട്ടർമാരിൽ ഏകദേശം 55% സ്ത്രീകളാണ്, പ്രധാനമായും മുസ്ലീങ്ങൾ, ദലിതുകൾ, ആദിവാസികൾ എന്നിവരുടേതാണ്.
ബീഹാറിലെ മുഴുവൻ എസ്‌ഐആർ പ്രക്രിയയുടെയും ഫലം, ആർ‌എസ്‌എസിന്റെ പ്രത്യയശാസ്ത്ര ദിശാബോധവുമായി തികച്ചും സമരസപ്പെടുന്നു. മുസ്ലീങ്ങൾ ഏറ്റവും വലിയ ശത്രുക്കളും, ദലിതുകളും ആദിവാസികളും സ്ത്രീകളും അവരുടെ നിഘണ്ടു പ്രകാരം മനുഷ്യരായി പരിഗണിക്കപ്പെടുന്നവരും അല്ലല്ലോ?

നമ്മുടെ സംസ്ഥാനത്ത് ഈ പ്രക്രിയ നിലവിലെ വോട്ടർപ്പട്ടിക റദ്ദ് ചെയ്തു കൊണ്ട് ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
23 വർഷം മുമ്പുള്ള 2002 ലെ വോട്ടർ പട്ടികയാണ് ഇതിന് അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്.
2002 ലെ വോട്ടർ പട്ടികയിൽ ഒരാളുടെ പേര് ഉണ്ടായിരിക്കുക അല്ലെങ്കിൽ നിർദ്ദിഷ്ട പതിനൊന്ന് രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കുക തുടങ്ങിയ വോട്ടർ പട്ടികയിൽ ഒരാളുടെ പേര് നിലനിർത്തുന്നതിനോ ചേർക്കുന്നതിനോ ഉള്ള പലർക്കും പാലിക്കാൻ അസാധ്യമായ വ്യവസ്ഥകളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.
ഈ വ്യവസ്ഥകൾ ഉടൻ പിൻവലിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരം പരിമിതമായ അധികാരങ്ങൾ ഉണ്ടായിരുന്ന ഇലക്ഷൻ കമ്മീഷൻ, എസ്.ഐ.ആർ വഴി പൗരത്വ മേഖലയിലേക്ക് കടന്നു ചെന്ന് ,
ആർട്ടിക്കിൾ 326 പ്രകാരമുള്ള പൗരന്മാരുടെ അവകാശ ലംഘനത്തിന് ഇതുവഴി നേതൃത്വം കൊടുക്കുകയാണ്.

ആരാണ് പൗരൻ, ആര് പൗരരല്ല എന്ന് തീരുമാനിക്കാൻ ഭരണഘടന തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നൽകുന്നില്ല.
ഒരാളുടെ താമസ വിലാസം, പ്രായം എന്നിവ സംബന്ധിച്ച സ്വയം പ്രസ്താവനയും, ഏതെങ്കിലും തദ്ദേശ ജനപ്രതിനിധിയുടെ സർട്ടിഫിക്കറ്റും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് മതിയായ തെളിവായി സ്വീകരിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.

പൗരന്മാരിൽ നിന്ന് അധിക രേഖകൾ ആവശ്യപ്പെടാനോ വ്യക്തിഗത ഡാറ്റ ശേഖരിക്കാനോ കമ്മീഷന് അവകാശമില്ല. പൗരന്മാരെ ഉപദ്രവിക്കുന്നതിനായി വീടുതോറുമുള്ള പരിശോധന എന്ന മ്ലേച്ഛമായ രീതി ഉടനടി നിർത്തണം. പകരം, വോട്ടർ രജിസ്ട്രേഷൻ സുഗമമാക്കുന്നതിന് കമ്മീഷൻ എല്ലാ ഗ്രാമങ്ങളിലും വാർഡുകളിലും ക്യാമ്പുകൾ സംഘടിപ്പിക്കണം ഇതിനായി നിലവിലെ വോട്ടർ പട്ടിക അടിസ്ഥാനമായി എടുക്കണം.
മരിച്ചവരുടെയോ വ്യാജ വോട്ടർമാരുടെയോ പേരുകൾ ഇല്ലാതാക്കുന്ന പ്രക്രിയ തുടരണം, “നുഴഞ്ഞുകയറ്റക്കാർ” എന്ന് വിളിച്ച് പൗരന്മാരിൽ ഭയം സൃഷ്ടിക്കാനുള്ള ദുഷ്ട ശ്രമം അവസാനിപ്പിക്കണം. വിഭജനത്തിന്റെ വേദന ഇതിനകം അനുഭവിച്ച ഒരു രാജ്യത്ത്, പൗരത്വം നിർണ്ണയിക്കാനുള്ള ഈ വഞ്ചനാപരമായ നീക്കം ചെറുക്കണം

ഫാസിസ്റ്റ് വിരുദ്ധ – ജനാധിപത്യ ശക്തികളും ,RSS ഫാസിസത്തിന്റെ ഭാരം ചുമക്കേണ്ടി വന്ന എല്ലാ അടിച്ചമർത്തപ്പെട്ടവരുമായി ചേർന്ന് SIR ന്റെ അടിസ്ഥാനമായ അവകാശ നിഷേധത്തിനും പൗരത്വ നിഷേധത്തിനും എതിരെ ഐക്യത്തോടെ മുന്നോട്ട് വരണമെന്ന് ഞങ്ങൾ ഒരിക്കൽ കൂടി ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്.

Leave a Reply

Your email address will not be published.