വീരമണി

വലപ്പാട് ഒഴിഞ്ഞു കിടന്ന വീട്ടിൽ മോഷണശ്രമം ; തമിഴ്നാട് സ്വദേശിയും കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവുമായ നെയ് വേലി വീരമണി പിടിയിൽ. പ്രതി റിമാന്റിലേക്ക്.

രവിമേലൂർ

വലപ്പാട് : നാട്ടിക ജെ.കെ. തീയേറ്ററിന് സമീപം ഒഴിഞ്ഞു കിടന്നിരുന്ന വീട്ടിൽ മോഷണശ്രമം നടത്തിയ തമിഴ്നാട് സ്വദേശിയെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.

നിരവധി കേസുകളിലെ പ്രതിയായ വീരമണി (50 വയസ്സ്), വിരുതാചലം നെയ്‌വേലി, തമിഴ്നാട് എന്നയാളാണ് അറസ്റ്റിലായത്. വീരമണി നാട്ടികയിൽ സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് ജോലിയാണ് ചെയ്ത് വരുന്നത്.

ഒക്ടോബർ 28-ന് രാത്രി എട്ടരയോടെയാണ് സംഭവം. നിസാർ (47 വയസ്സ്), അമ്പലത്ത് വീട്ടിൽ ഹൗസ്, തൃത്തല്ലൂർ ദേശം, വാടാനപ്പള്ളി എന്നയാളുടെ നാട്ടിക ജെ.കെ. തീയേറ്ററിന് സമീപത്തുള്ള ഒഴിഞ്ഞു കിടന്നിരുന്ന തറവാട് വീടിന്റെ വാതിൽ കല്ല് കൊണ്ട് പൊളിച്ച് അകത്ത് കയറാൻ ശ്രമിക്കുന്നതിനിടെ വാതിൽ പൊളിക്കുന്ന ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ വീരമണി വീടിന്റെ ടെറസിലേക്കു കയറി ഒളിക്കുകയും നാട്ടുകാർ വലപ്പാട് പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയുമായിരുന്നു.

വീരമണി ഗുരുവായൂർ, വലപ്പാട്, കൊടുങ്ങല്ലൂർ, മതിലകം, ചാവക്കാട് പോലീസ് സ്റ്റേഷനുകളിലായി 3 മോഷണ കേസുകൾ അടക്കം 6 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽകുമാർ എ, സബ്ബ് ഇൻസ്പെക്ടർ എബിൻ സി എൻ, ജി എ എസ് ഐ സൈഫുദീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുബി സെബാസ്റ്റ്യൻ, സിവിൽ പോലീസ് ഓഫീസർ ജെസ്ലിൻ തോമസ് എന്നിരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published.