-CPI(ML) Red Star
കേരള സംസ്ഥാന കമ്മിറ്റി.
ബ്രാഹ്മണർക്ക് മാത്രം വിദ്യനൽകിയിരുന്ന ‘ഭാരതീയ’ പാരമ്പര്യം പിന്തുടരുന്ന പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂൾ മാനേജ്മെൻ്റിനെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെടുന്നു. മുസ്ലീം സമുദായത്തിൽ പെട്ട പെൺകുട്ടിയെ ഹിജാബ് ധരിച്ചതിൻ്റെ പേരിൽ വിദ്യാഭ്യാസ അവകാശം നിഷേധിച്ച കൃസ്റ്റ്യൻ സ്വകാര്യ മാനേജ്മെൻ്റ് വിദ്യ അഭ്യസിക്കാനുള്ള ഭരണഘടനാ അവകാശം നിഷേധിച്ചിരിക്കുകയാണ്. തങ്ങൾ അനുശാസിക്കുന്ന ഡ്രസ്സ് കോഡ് പാലിക്കുന്നവർക്ക് മാത്രമേ വിദ്യാഭ്യാസത്തിനുള്ള അവകാശം നൽകൂ എന്ന ധാർഷ്ട്യത്തോടെ സംസ്ഥാന ഭരണകൂടത്തെ വെല്ലുവിളിക്കുന്ന സ്വകാര്യ മാനേജ്മെൻ്റ് 59 ലെ വിമോചന സമരത്തെയാണ് അനുസ്മരിപ്പിക്കുന്നത്.
കേരളത്തിലെ അധികാരസ്ഥാപനങ്ങളെ നിർണ്ണയിക്കുന്നതും നിയന്ത്രിക്കുന്നതും മതവും ജാതിയും തന്നെയാണെന്ന് തെളിയിക്കുന്നു. സ്വാതന്ത്ര്യസമരവും തുടർന്നു വന്ന നവജനാധിപത്യസംസ്കാരവും പ്രത്യക്ഷത്തിൽ ജാതിമതവിമുക്തവും മതനിരപേക്ഷവുമാണെന്നു തോന്നിപ്പിച്ചിരുന്നെങ്കിലും എല്ലാ രാഷ്ട്രീയ കക്ഷികളുടേയും ശാക്തീകരണതന്ത്രങ്ങളുടെ അണിയറയിൽ ജാതിയും മതവും അവയുടെ ജനസംഖ്യാടിസ്ഥാനത്തിലുള്ള സ്വാധീനശക്തിയും അതോടൊപ്പം തന്നെ, ഓരോ സമുദായങ്ങൾക്കുമുള്ള സാമ്പത്തികനിലപാടുകളും പ്രധാനപ്പെട്ട ഘടകങ്ങളായിരുന്നു. അധികാരം കയ്യാളുന്ന പ്രക്രിയയുടെ മാർഗ്ഗം സമുദായസംഘടനകളിൽ നിന്നും സാവധാനത്തിൽ രാഷ്ട്രീയസംഘടനകളിലേക്കു മാറിക്കൊണ്ടിരിക്കുന്നതായി പുറമേയ്ക്കു തോന്നിപ്പിച്ചിരുന്നെങ്കിലും യഥാർത്ഥത്തിൽ അത്തരമൊരു പരിവർത്തനം കേരളീയ സാമൂഹ്യ വ്യവസ്ഥയിൽ സംഭവിച്ചിട്ടില്ല എന്ന് ബോദ്ധ്യപ്പെടുത്തുന്നതാണ് ഹിജാബ് വിവാദം.
സ്വാതന്ത്ര്യ സമരത്തിനെതിരെ ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിനൊപ്പം നിന്ന ക്രൈസ്തവ സഭ നേതൃത്വം വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിൽ ഒരുക്കുകയും ജീവനക്കാരെ അടിമകളാക്കി നിലനിർത്തുകയും ചെയ്തു. വിദ്യാഭ്യാസം മൗലീക അവകാശമാക്കുന്നതിനും അദ്ധ്യാപകരേയും ജീവനക്കാരേയും സർക്കാർ ശമ്പളം പറ്റുന്നവരുമാക്കി മാറ്റുന്നതിനും വേണ്ടി 1957 ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പാസാക്കിയ വിദ്യാഭ്യാസ ബില്ലിനെതിരെ കലാപം നയിക്കുന്നതിൽ മുന്നിൽ നിന്ന കത്തോലിക്കാ സഭയ്ക്ക് കീഴിലുള്ള എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകുകയും മാനേജ്മെൻ്റ് കോഴവാങ്ങി നിയമനം നടത്തുകയും ചെയ്യുന്ന രീതി തുടരുകയും ചെയ്യുന്ന വിരോധാഭാസമാണ് കേരളത്തിൽ നിലവിലുള്ളത്.എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ് സിക്ക് വിടാൻ സർക്കാരിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി ആറംഗ ഭരണഘടനാബെഞ്ച് 22-5-1958 ന് വിധിച്ചിട്ട് 67 വർഷം പിന്നിട്ടിട്ടും കേരളത്തിൽ മാറി മാറി അധികാരത്തിൽ വന്ന സർക്കാരുകൾ സ്വകാര്യ മാനേജ്മെൻ്റിൻ്റെ ദയാദാക്ഷിണ്യത്തിലാണ് അധികാരത്തിൽ തുടരുന്നത്. നിയമനത്തിൽ പാലിക്കേണ സംവരണ തത്ത്വങ്ങൾ മറികടന്ന് സ്വസമുദായത്തിൽ പെട്ടവരെ നിയമിക്കുന്ന മതസംഘടനകൾ പട്ടിക ജാതി പട്ടിക വർഗ്ഗ സംവരണം പാടെ തള്ളിക്കളയുന്നതിനാൽ SC/ST നിയമനം ഒരു ശതമാനത്തിൽ ഒതുങ്ങി നിൽക്കുകയാണ്. ഭരണഘടനാ അവകാശങ്ങൾ നിഷേധിച്ചും സുപ്രീം കോടതി വിധികൾ തള്ളിക്കളഞ്ഞും ജാതി മത ശക്തികൾക്ക് ഇപ്പോഴും വിദ്യാഭ്യാസ മേഖലയിലുള്ള ആധിപത്യമാണ് വിദ്യാഭ്യാസനിഷേധത്തിലേക്ക് മാനേജ്മെൻ്റിന് നയിക്കുന്നത്.
ആഗോള തലത്തിൽ ക്രൈസ്തവ സഭ തുടരുന്ന ആധിപത്യം മുസ്ലിം വിരുദ്ധതയിലേക്ക് ലോകരഷ്ട്രങ്ങളെ വംശീയമായി ഭിന്നിപ്പിക്കുകയും ഇസ്ലാമോഫോബിയ യാഥാർത്ഥ്യമായി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സെൻ്റ് റീത്താസ് പ്രിൻസിപ്പാളിൻ്റെ ഭാരതീയ പാരമ്പര്യപ്രഖ്യാപനം വന്നിരിക്കുന്നത്. RSSൻ്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സവർണ്ണ ക്രിസ്റ്റ്യൻ സംഘടനകളെ സംഘിവൽക്കരിക്കുന്ന പശ്ചാത്തലത്തിൽ ഇത് കേവലം ഒരു കുട്ടി ഹിജാബ് ധരിച്ചതിൻ്റെ പേരിലുള്ള പുറത്താക്കലായി ചുരുക്കിക്കാണാനാവില്ല. കേരളീയ സമൂഹത്തെ ഇസ്ലാം വിരുദ്ധമായി മാറ്റുന്ന RSS പ്രക്രിയയുടെ തുടർച്ചയായി ഈ വിഷയത്തെ പൊതു സമൂഹം തിരിച്ചറിയുകയും കേരളത്തിൽ നിലനിൽക്കുന്ന മതസൗഹാർദ്ദത്തേയും മതേതര മൂല്യങ്ങളേയും സംരക്ഷിക്കുന്നതിന് പൊതു സമൂഹം സംയമനം പാലിക്കുകയും സർക്കാർ ഭരണഘടനാപരമായ നടപടികൾ സ്വീകരിക്കുയും ചെയ്യണം.
സെക്രട്ടറി,
സംസ്ഥാന കമ്മിറ്റി,
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ.
Leave a Reply