
തിരുവനന്തപുരം: രാഷ്ട്ര ശില്‍പ്പികള്‍ സ്വപ്നം കണ്ട സാമൂഹിക നീതി ഉറപ്പാക്കാന്‍ ജാതി സെന്‍സസിനെ അനുകൂലിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. രാജ്യത്ത് പതിറ്റാണ്ടുകളായി തുടര്‍ന്നു പോന്ന സാമൂഹിക വ്യവസ്ഥിതിയുടെയും അപരിഷ്കൃത ജാതി വ്യവസ്ഥയുടെയും ഫലമായി സാമൂഹിക ഭ്രഷ്ടിനും അരികുവല്‍ക്കരണത്തിനും ഇരകളായ ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്നതാണ് ഭരണഘടന ഉറപ്പാക്കുന്ന സാമൂഹിക സംവരണത്തിന്റെ താല്‍പ്പര്യം. സ്വാതന്ത്ര്യം നേടി ഏഴര പതിറ്റാണ്ട് പിന്നിട്ടിട്ടും അധികാരവും അവസരങ്ങളും വിഭവങ്ങളുടെ വിതരണവും ചില സാമൂഹിക വിഭാഗങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നു. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന അധ:സ്ഥിത-പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നും കൂടുതല്‍ കൂടുതല്‍ അരികുവല്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക സംവരണം നടപ്പാക്കിയതിലൂടെ ഈ സാമൂഹിക അനീതി കൂടുതല്‍ ശക്തമാവുകയാണ്.
സംവരണം സാമൂഹിക നീതിയുടെ ഭാഗമാണെന്നു വ്യക്തമാക്കി മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കും സംവരണം വേണമെന്ന വരി പാര്‍ട്ടി നയത്തില്‍ നിന്ന് വെട്ടിമാറ്റിയ സിപിഐ നിലപാട് വൈകി വന്ന വിവേകമാണ്. ഇത് സ്വാഗതാര്‍ഹമാണ്.
അധ:സ്ഥിത ജനതയില്‍ ഉണ്ടായ പുതിയ ഉണര്‍വും അറിവ് നേടാനുള്ള ആവേശവും അവരെ ഒരു പരിധിവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ വഴിതെളിയിക്കുന്നതിനിടെ സവര്‍ണാധിപത്യം വീണ്ടും അരക്കിട്ടുറപ്പിക്കാനുള്ള കുടില തന്ത്രമാണ് സാമ്പത്തിക സംവരണം. സമീപകാലത്ത് എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശന പട്ടിക വന്നപ്പോള്‍ ഇതിന്റെ ദൂഷ്യവശം കൂടുതല്‍ വ്യക്തമായിരിക്കുന്നു. അതിനാല്‍ സാമൂഹിക നീതി ഉറപ്പാക്കുന്നതിന് സാമ്പത്തിക സംവരണം അവസാനിപ്പിച്ചേ മതിയാകൂ.
ജാതി എന്നത് ഇന്ത്യന്‍ സമൂഹത്തിലെ അനിഷേധ്യമായ യാഥാര്‍ഥ്യമാണ്. അധികാരം, വിഭവങ്ങള്‍, അവസരങ്ങള്‍ തുടങ്ങിയവ രാജ്യത്തെ എല്ലാ പൗരന്മാര്ക്കും അവരുടെ ആളെണ്ണത്തിന് അനുസരിച്ച് ഓഹരിവെക്കപ്പെടുമ്പോള് മാത്രമാണ് ജനാധിപത്യം അര്‍ഥപൂര്‍ണമാവുകയുള്ളൂ. നിലവിലുള്ള സ്ഥിതി സംബന്ധിച്ച് കൃത്യമായ ഡാറ്റകള്‍ ഉണ്ടായാല്‍ മാത്രമേ ക്രിയാത്മകവും പ്രായോഗികവുമായ പരിഹാരങ്ങള്‍ കണ്ടെത്താനാകൂ. അതിന് ജാതി സെന്‍സസ് അനിവാര്യമാണ്. ദുസ്സ്വാധീനം ഉപയോഗിച്ച് ചില ഉന്നത സാമൂഹിക വിഭാഗങ്ങള്‍ അനര്‍ഹമായി പലതും കൈവശം വെച്ചിരിക്കുകയാണ്. യഥാര്‍ഥ കണക്കുകള്‍ പുറത്തുവന്നാല്‍ അനര്‍ഹമായി കൈയടക്കിവെച്ചിരിക്കുന്നത് നഷ്ടപ്പെടുമെന്ന ഭയമാണ് ജാതി സെന്‍സസ് നടപ്പാക്കുന്നതിനെതിരേ നിലപാടെടുക്കാന്‍ ചിലരെ പ്രേരിപ്പിക്കുന്നത്.
അധികാര പ്രമത്തതയില്‍ ഭരണത്തുടര്‍ച്ചയ്ക്കു വേണ്ടി എന്‍എസ്എസ്സിനെ പ്രീണിപ്പിക്കുകയും വലിയൊരു ജനവിഭാഗത്തെ അവഗണിക്കുകയും ചെയ്യുന്ന നയനിലപാടുകളാണ് കേരളത്തില്‍ ഇടതുപക്ഷം സ്വീകരിക്കുന്നത്. ജാതി സെന്‍സസ് നടപ്പിലാക്കില്ലെന്നും സാമ്പത്തിക സംവരണത്തില്‍ മാറ്റം വരുത്തില്ല എന്നുമാണ് അയ്യപ്പസംഗമത്തില്‍ എന്‍എസ്എസ്സിന് സിപിഎം നല്‍കിയിരിക്കുന്ന ഉറപ്പ്. ആ ഉറപ്പിന്റെ പിന്‍ബലത്തിലാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഇടഞ്ഞുനിന്ന എന്‍എസ്എസ് ഇപ്പോള്‍ ഇടത് അനുകൂല നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജാതി സെന്‍സസിനെ അനുകൂലിക്കുകയും സാമ്പത്തിക സംവരണത്തെ എതിര്‍ക്കുകയും ചെയ്യുന്ന പാര്‍ട്ടികളുമായി വരുന്ന തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Reply