
മംഗലം: മഹാകവിക്ക് ജന്മനാടിൻ്റെ ആദരവായി വള്ളത്തോൾ ലിറ്ററേച്ചർ ഫെസ്റ്റ് വ്യാഴാഴ്ച്ച മുതൽ ചേന്നരയിൽ തുടങ്ങും.വള്ളത്തോളിന്റെ 150-ാം ജന്മവാർഷികാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ജന്മനാട്ടിൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.മംഗലം പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ത്രിദിന സാഹിത്യോത്സവം നടത്തുന്നത്.ഒക്ടോബർ 16,17,18 തിയ്യതികളിലാണ് ഫെസ്റ്റ്.അഞ്ച് വേദികളിലായി 13 സെഷനുകളായാണ് പരിപാടി നടക്കുന്നത്.വ്യാഴാഴ്ച്ച രാവിലെ ഒമ്പതിന്,മഹാകവി ജനിച്ച ചേന്നരയിലെ കൊണ്ടയൂർ തറവാട്ടിൽ നിന്നും പുസ്തകപ്രയാണ ഘോഷയാത്ര ആരംഭിക്കും.തുടർന്ന് പ്രധാനവേദിയായ ചേന്നര മൗലാന കോളേജിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം ഡോ.അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്യും.ജില്ലാ കലക്ടർ വി.ആർ വിനോദ് മുഖ്യാതിഥിയാകും.ചടങ്ങിൽ മംഗലം പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.കുഞ്ഞുട്ടി അധ്യക്ഷത വഹിക്കും.പുസ്തകോത്സവം പി.എ റഷീദ് ഉദ്ഘാടനം ചെയ്യും.ഓപ്പനാറിൽ ഇന്ദുമേനോൻ,കെ.എം.ഷാഫി,റബീഹ ഷെബീർ എന്നിവർ സംസാരിക്കും.റിഫാഷെലീസ് ചേന്നര സംവിധാനം ചെയ്ത കവിയുടെ സമഗ്ര ജീവചരിത്ര ഡോക്യുമെൻ്ററി ലോകമേ തറവാട് പ്രദർശിപ്പിക്കും.തീരദേശ ചരിത്ര ഗവേഷണ കേന്ദ്രത്തിൻ്റെ ചരിത്രസെമിനാറിൽ ഡോ.പി.ശിവദാസൻ,ഹുസൈൻ രണ്ടത്താണി എന്നിവർ സംസാരിക്കും.
വെള്ളിയാഴ്ച്ച നടക്കുന്ന പരിപാടിയിൽ തിരൂർ സബ് കലക്ടർ ദിലീപ് കെ.കൈനിക്കര,അനിൽ വള്ളത്തോൾ എന്നിവർ പങ്കെടുക്കും.ഹക്കിം കൂട്ടായി,നോവലിസ്റ്റ് സുഹറ കൂട്ടായി എന്നിവർ പുതിയ എഴുത്തുകാരുടെ സംഗമത്തിൽ സംബന്ധിക്കും.ശനിയാഴ്ച്ച വിവിധ മത്സരങ്ങൾ നടക്കും.ചേന്നര വിവിയുപി സ്കൂളിൽ സാഹിത്യ ശിൽപശാലയും ചിത്രരചനാ മത്സരവും സാഹിത്യക്വിസും നടക്കും. മംഗലം വള്ളത്തോൾ എയുപിഎസിലാണ് നാടകപരിശീലന കളരി നടക്കുന്നത്.മൗലാന കോളേജിലെ വള്ളത്തോൾ സ്മൃതിമണ്ഡപത്തിൽ ഫോട്ടോപ്രദർശനമുണ്ടാകും.വിവിധ സമയങ്ങളിലായി നൃത്തനൃത്യങ്ങൾ,കവിതാലാപനം,സംഗീതവിരുന്ന്,ഓപ്പൺ ക്വിസ് എന്നിവ നടക്കും.തിരൂർ ഡിവൈഎസ്പി ആർ.ജി.ജോൺസൺ,തിരൂർ എഇഒ ആർ.പി.ബാബുരാജ് എന്നിവർ അഥിതികളാകും.
Leave a Reply