അങ്ങാടിപ്പുറം അൽപാക്കുളം നവീകരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. എ.കെ മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു

പെരിന്തൽമണ്ണ : കോഴിക്കോട്-പാലക്കാട് ദേശീയ പാതയോരത്ത് അങ്ങാടിപ്പുറം ടൗണിലെ അൽപ്പാക്കുളം നവീകരിക്കാൻ നടപടി തുടങ്ങി. ഏറെക്കാലമായി യാതൊരു നവീകരണവുമില്ലാതെ കിടക്കുകയായിരുന്നു വേനൽ -വർഷമില്ലാതെ നിറഞ്ഞ് കിടക്കുന്ന കുളം.
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പി.എം.കെ.എസ്.വൈ ഫണ്ട് ചെലവഴിച്ചാണ് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്ര സമീപമുള്ള അൽപാക്കുളം നവീകരണ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതി പ്രകാരം 55 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുക. പി.എം.കെ.എസ്.വൈ പദ്ധതിയുടെ അവസാനഘട്ടത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി ബാക്കിവരുന്ന വികസന ക്ഷേമ പ്രവൃത്തികൾ കൂടി അടുത്ത മൂന്നു മാസത്തിനകം പൂർത്തിയാകത്തക്ക വിധം പുരോഗമിക്കുകയാണ്. അങ്ങാടിപ്പുറം പഞ്ചായത്തിൽ ഇതിനകം ഏഴ് കോടിയോളം രൂപ പി.എം.കെ.എസ്.വൈ പദ്ധതി പ്രകാരം പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ചിലവഴിച്ചതായി എ.കെ മുസ്തഫ അറിയിച്ചു.
അന്തിമഘട്ടത്തിൽ പ്രാധാന്യം കൊടുത്തിട്ടുള്ളത് പരമ്പരാഗത ജലസ്രോതസ്സുകളെ നിലനിർത്തുക, പുനരുജീവിപ്പിക്കുക എന്നതാണ്.
അങ്ങാടിപ്പുറത്തെ അല്പാക്കുളം, മണ്ണാറമ്പിലെ വേളക്കാട്ടുകുളം, വഴിപാറയിലെ ചീനിക്കൽ ചോലകുളം തുടങ്ങിയ വിശാലമായ കുളങ്ങളെ നവീകരിക്കുവാനും ആഴം കൂട്ടി വേനൽക്കാലത്തും വെള്ളം വറ്റിപ്പോകാതെ സൂക്ഷിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.

വിവിധ തോടുകളുടെ പാർശ്വഭിത്തി സംരക്ഷണം, ചെറിയ നീരരുവികൾ പ്രധാനപ്പെട്ട പാടശേഖരങ്ങളിലെ തോടുകളോട് ചേർന്ന വരമ്പുകൾ എന്നിവ നാശോന്മുഖമായി കൊണ്ടിരിക്കുന്നത് സംരക്ഷിക്കുക അതുവഴി ഏക്കറുകളോളം സ്ഥലത്ത് മഴ വെള്ളം കയറി കൃഷിയിറക്കാൻ കഴിയാതിരുന്ന സാഹചര്യം ഒഴിവാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും സമാന രീതിയിൽ ഇതിനകം
നടപ്പാക്കിയ എല്ലാ പ്രവൃത്തികളും നൂറുകണക്കിന് കർഷകർക്ക് ആശ്വാസകരമായതായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.
അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സഈദ ടീച്ചർ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷ അഡ്വ. നജ്മ തബ്ഷീറ, അങ്ങാടിപ്പുറം ഡിവിഷൻ മെമ്പർ കെ. ദിലീപ്, പരിയാപുരം ഡിവിഷൻ മെമ്പർ വിൻസി അനിൽ, വാർഡ് മെമ്പർമാർ രത്നകുമാരി, കെ.ടി നാരായണൻ മാസ്റ്റർ , തിരുമാന്ധാംകുന്ന് ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് മാനേജർ എ.എം. ശിവപ്രസാദ്, അനിൽകുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.