
കോഴിക്കോട്: ഒരേ സമയം പതിനായിരത്തിലധികം വേദികൾ,പതിനായിരത്തിലലധികം ഉദ്ഘാടകർ , ഒരൊറ്റ പ്രമേയാവതരകൻ . തികച്ചും വ്യത്യസ്തമായ ഒരു ഉദ്ഘാടന പരിപാടി.
കുടുംബം സ്വർഗ കവാടം എന്ന സന്ദേശവുമായി കെ.എൻ.എം മർകസുദഅവ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രചാരണത്തിന്റെ ഉദ്ഘാടനമാണ് ഇങ്ങനെ വേറിട്ടതും പുതുമയാർന്നതുമായത്.
സാംസ്കാരികാധിനിവേശത്തിന്റെ കുത്തൊഴുക്കിൽ ശിഥിലമായിക്കൊണ്ടിരിക്കുന്ന ബന്ധങ്ങൾ കോർത്തിണക്കാനും കുടുംബ ഭദ്രത തിരിച്ചു പിടിക്കാനും അന്യം നിന്നു പോകുന്ന ധാർമിക ജീവിതത്തിലേക്ക് കുടുംബങ്ങളെ ഉൾ ചേർക്കുവാനും ലക്ഷ്യം വെച്ച് സംഘടിപ്പിക്കുന്ന കുടുംബം സ്വർഗ കവാടം എന്ന കാമ്പയിൻ സംസ്ഥാനത്തെ പതിനായിരത്തിലധികം ഭവനങ്ങളിലായി ഒരേ സമയം നടന്നു.
ഗൃഹനാഥൻമാരാണ് കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചത്. കെ.എൻ.എം മർകസുദഅവ ജന: സെകട്ടറി എം. അഹമ്മദ് കുട്ടി മദനി റേഡിയോ ഇസ്ലാമിലൂടെ ഓരോ വീടുകളിലും പ്രമേയാ വതരണം നടത്തി. കാമ്പയ്ൻ തീം സോങ്ങ്, പലസ്തീൻ ഐക്യദാർഢ്യ ചിത്രരചന,കാമ്പയിൻ പ്രതിജ്ഞ, കുടുംബ കാര്യങ്ങളുടെ ചർച്ച, കുടുംബത്തിലെ മൺമറഞ്ഞവരെ അനുസ്മരിക്കൽ , പ്രാർത്ഥന, ഒന്നിച്ചുള്ള ഭക്ഷണം കഴിക്കൽ എന്നിവ നടന്നു.
പതിനായിരത്തിലധികം ഭവനങ്ങളിലായി സ്ത്രീകളും കുട്ടികളുമടക്കം അമ്പതിനായിരത്തിലധികം പേർ ഒരേ സമയം കാമ്പയ്ൻ ഉദ്ഘാടനത്തിൽ പങ്കാളികളായി.
മാതാ-പിതാ, ജ്യേഷ്ഠാനുജ, അയൽപക്ക, കടുംബ ബന്ധങ്ങളുടെ ശ്രേഷ്ഠതയും വിശുദ്ധിയും പുത്യ തലമുറയെ ബോധ്യപ്പെടുത്തിയും പുതു തലമുറയോടുള്ള സമീപനങ്ങളെക്കുറിച്ച് മുതിർന്നവർക്ക് അവബോധമുണ്ടാക്കിയും സന്തുഷ്ഠവും ആരോഗ്യ കരവുമായ കുടുംബ സാഹചര്യം തിരിച്ചു പിടിക്കാനുള്ള കർമ പദ്ധതികളാണ് നാല് മാസം നീണ്ടു നില്കുന്ന കാമ്പയിന്റെ ഭാഗമായി നടപ്പിലാക്കുക.
കാമ്പയ്ന്റെ ഭാഗമായി കുടുംബ സംഗമങ്ങൾ, അയൽപക്ക കൂട്ടായ്മകൾ, കൗൺസലിങ്ങുകൾ , മഹല്ല് തല ബോധവത്കരണ പരിപാടികൾ, സൗഹ്യദ ഗ്യഹ സമ്പർക്ക പരിപാടികൾ, കുടുംബ ട്യൂറുകൾ, തസ്കിയത് ക്യാമ്പുകൾ, കൗമാര സംഗമങ്ങൾ, കലാ സാഹിത്യ കായിക മത്സരങ്ങൾ തുടങ്ങി വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
ഇതിനു പുറമെ ജില്ലാ മണ്ഡലം തലങ്ങളിൽ ISM, MGM, MSM, IGM ഘടകങ്ങളുടെ നേതൃത്വത്തിൽ കാമ്പസ് സംവാദങ്ങൾ, ജില്ലാ സെമിനാറുകൾ, മണ്ഡലം സമ്മേളനങ്ങൾ തുടങ്ങിയവ നടക്കും.
വിവാഹ രംഗത്തെ ധൂർത്തിനും ആഢംബരത്തിനും ആഭാസങ്ങൾക്കുമെതിരെ കേരള ജംഇയ്യത്യൽ ഉലമ ആവിഷ്കരിച്ച പദ്ധതികൾ മഹല്ലുകൾ കേന്ദ്രീകരിച്ച് കാമ്പയിൻ കാലത്ത് നടപ്പിലാക്കും.
പ്രത്യേകം പരിശീലനം നല്കിയ ഇരുനൂറിലധികം ആർ.പി മാരാണ് കാമ്പയിൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.
Leave a Reply