കട്ടപ്പുറം ജനകീയ ആരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണനിലവാര പുരസ്കാരം

രവിമേലൂർ

കൊരട്ടി : കൊരട്ടി പഞ്ചായത്തിൻ്റെ കീഴിൽ ഉള്ള കട്ടപ്പുറം ജനകീയ കുടുംബാരോഗ്യ
കേന്ദ്രത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ നാഷ്ണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഡ് അംഗീകാരം നേടി.തൃശ്ശൂർ ജില്ലയിൽ നിന്ന് ഈ ദേശീയ അംഗീകാരം നേടുന്ന ആദ്യ ജനകീയ ആരോഗ്യ കേന്ദ്രം ആണ് കട്ടപ്പുറം. 86.31%മാർക്ക് നേടിയാണ് കട്ടപ്പുറം ഈ പുരസ്കാരം നേടിയത്. 6ലക്ഷം രൂപ ഇൻസെൻ്റീവായി വികസന പ്രവർത്തനങ്ങൾക്ക് നൽകുന്നതാണ് അവാർഡ് തുക.
മാതൃ ശിശു പരിചരണം, സാന്ത്വന പരിചരണം, മാനസികാരോഗ്യ സേവനം, വയോജന സേവനം, നേത്ര ചികിത്സ, പ്രതിരോധ കുത്തിവയ്പ്, സാംക്രമിക രോഗ പ്രതിരോധം, ജീവിതശൈലി രോഗ സേവനങ്ങൾ തുടങ്ങി 12 സേവന മേഖലകൾ പരിശോധിച്ചാണ് പുരസ്കാരം നൽകിയത്. ഈ വർഷമാദ്യം മാതൃ സ്ഥാപനമായ നാലുകെട്ട് കുടുംബ ആരോഗ്യ കേന്ദ്രം നാഷ്ണൽ ക്വാളിറ്റി അംഗീകാരവും, എൻ എ ബിഎൽ അംഗീകാരവും നേടിയിരുന്നു. സംസ്ഥാനത്തെ തന്നെ പല സ്ഥാപനങ്ങളും ഭാഗികവും, ഉപാധികളോടെയും അംഗീകാരം കരസ്ഥമാക്കുമ്പോൾ, പൂർണവും നിരുപാധികവും ആയ അംഗീകാരമാണ് കട്ടപ്പുറം ആദ്യ തവണ തന്നെ കരസ്ഥമാക്കിയത് എന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു, മെഡിക്കൽ ഓഫീസർ ഡോ അരുൺ മിത്ര , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ നൈനു റിച്ചു എന്നിവർ അറിയിച്ചു.

ആയുർവേദ ഒപി, ഹോമിയോ ഒ പി അലോപതി ചികിത്സ യോഗ, ഓപ്പൺ ജിംനേഷ്യം തുടങ്ങിയ സേവനങ്ങളും ഈ അവാർഡ് നേട്ടത്തിന് നിർണ്ണായകമായ ഘടകമായി മാറി. കഴിഞ്ഞവർഷത്തെ സംസ്ഥാന സർക്കാരിൻ്റെ കായകൽപ് പുരസ്കാരത്തിനും കട്ടപ്പുറം ജനകീയ ആരോഗ്യ കേന്ദ്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published.