തിരൂർ. ഒരുകാലത്ത് മാറിടം മറക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി സമരം നടത്തിയിരുന്ന സ്ത്രീകൾ മാറിടം പൂർണ്ണമായും തുറന്നു കാണിക്കാനുള്ള അവകാശത്തിനുവേണ്ടി സമരം നടത്തുന്ന അവസ്ഥയാണ് ഉള്ളതെന്ന് എംഇഎസ് സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ ഫസൽ ഗഫൂർ. തിരൂർ എംഇഎസ് സ്കൂളിൽ എംഇഎസ് സ്ഥാപനങ്ങളിലെ സിബിഎസ്ഇ അധ്യാപകരുടെ സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യാപകർ ചുറ്റിക്കളിക്കാനും തൊട്ടു കളിക്കാനും നിൽക്കേണ്ടതില്ല. വേണ്ടാത്ത ആട്ടും പാട്ടും വേണ്ട. ഓട്ടൻതുള്ളലോടെ തുള്ളൽ അവസാനിപ്പിക്കണം. ഡിജെ സഹായത്തോടെയുള്ള പുതിയ തുള്ളലുകൾ സമൂഹത്തെ വഴിതെറ്റിക്കും അദ്ദേഹം പറഞ്ഞു.

ആര്യവൽക്കരണവും പാശ്ചാത്യ വൽക്കരണവും അറബുവൽക്കരണവും നമുക്ക് വേണ്ട. ഭാരത സംസ്കാരവും കേരളത്തനിമയും ആണ് എന്തുകൊണ്ടും നമുക്ക് വേണ്ടത്. പാക്കിസ്ഥാൻ ഒഴികെയുള്ള എല്ലാസ്റ്റാൻ വരുന്ന വിദേശരാജ്യങ്ങളിലേക്കും നമ്മുടെ വിദ്യാർത്ഥികൾ ഉപരിപഠനത്തിന് പോകുന്നുണ്ട്. അവിടത്തെ സിലബസിനെ കുറിച്ച് പഠന രീതികളെക്കുറിച്ച് ആർക്കും ഒന്നും അറിയില്ല. ഉക്രൈനിൽ പോയ മെഡിക്കൽ വിദ്യാർഥികളുടെ അവസ്ഥ നാം കണ്ടതാണ്. ഫ്രാൻസിൽ എം . ബി. എ.പഠിക്കാൻ പോയ കുട്ടി ഹോട്ടലിൽ പാത്രം കഴുകുന്നത് ഞാൻ നേരിൽ കണ്ടിട്ടുണ്ട്. മലയാളവും ഇംഗ്ലീഷും പഠിച്ച നല്ല മനുഷ്യരാകാൻ ആണ് നാം ശ്രമിക്കേണ്ടത് ഫസൽ ഗഫൂർ കൂട്ടിച്ചേർത്തു.

നമ്മുടെ നാട്ടിലെ ചിലരിപ്പോൾ ചരിത്രത്തിന്റെ ഏടുകൾ മാറ്റിമറിക്കുന്ന തിരക്കിലാണ്. ആരെന്തു ചെയ്താലും നാട്ടുകാർ അക്ബർ ചക്രവർത്തിയേയും താജ് മഹലിനെയും ഒന്നും മോശമായി കാണാൻ പോകുന്നില്ല. കേരളത്തിലെ ഐതിഹ്യങ്ങൾ സാഹോദര്യത്തിന്റേതാണ്. ആദ്യം ഉണ്ടായ ഭാഷ തമിഴ് ആണ് സംസ്കൃതം അല്ല. തമിഴിൽ നിന്നാണ് മലയാളവും കന്നടയും തെലുങ്കും ഒക്കെ ഉണ്ടായത്. ഉറുദുഭാഷ മുസ്ലീങ്ങളുടെ മാത്രം ഭാഷയാണെന്ന് പറയുന്നതും ശരിയല്ല. ഹിന്ദിയുടെ സഹോദര ഭാഷയാണ് ഉറുദു എന്നതാണ് സത്യം. സവർണ്ണ ചിന്തകളെയും സവർണ്ണവൽക്കരണത്തെയും നാം എതിർക്കണം. കഥകളി പഠിച്ച കലാമണ്ഡലം ഖദീജക്കും ഗസൽ പാടുന്ന സരിതാ റഹ്മാനും ആദരവ് നൽകുന്നത് നല്ലതു തന്നെയാണ്. അമിതമായ പാശ്ചാത്യ വൽക്കരണം നമ്മെ ധാർമികമായി തകർക്കുമെന്നും ഡോക്ടർ ഫസൽ ഗഫൂർ പറഞ്ഞു.

എംഇഎസ് എജുക്കേഷൻ ബോർഡ് ചെയർമാൻ ഡോ. കെ പി അബൂബക്കർ അധ്യക്ഷത വഹിച്ചു. എജുക്കേഷൻ ബോർഡ് സെക്രട്ടറി കെ .എം .ഡി. മുഹമ്മദ്, എംഇഎസ് സംസ്ഥാനവൈസ് പ്രസിഡണ്ട് കെ. ഷാഫി ഹാജി, തിരൂർ എംഇഎസ് സെൻട്രൽ സ്കൂൾ ചെയർമാൻ അഡ്വക്കേറ്റ് ഹുസൈൻ കോയ തങ്ങൾ, സെക്രട്ടറി സലാം പി. ലില്ലിസ് എന്നിവർ സംസാരിച്ചു. ജിജി മാരിയോ മോട്ടിവേഷൻ ക്ലാസ് എടുത്തു.

Leave a Reply

Your email address will not be published.