തിരൂരിലെ മലയാളം സർവകലാശാലക്ക് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് മുസ്ലിംലീഗിൻ്റെ യുവജന സംഘടനയായ മുസ്ലിം യൂത്ത് ലീഗിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, അന്നത്തെ മന്ത്രി എന്ന നിലയിൽ എനിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണം താങ്കളുടെ ശ്രദ്ധയിലും പെട്ടിട്ടുണ്ടാകുമല്ലോ? 2012-ൽ അങ്ങ് ഉൾപ്പെടുന്ന UDF സർക്കാറിൻ്റെ കാലത്ത് തുടങ്ങിയ സ്ഥലമേറ്റെടുപ്പ് പ്രക്രിയ പൂർത്തിയായത് 2019-ൽ ഞാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരിക്കെയാണ്.
സർവകലാശാലക്കായി ഏറ്റെടുത്ത സ്ഥലം കണ്ടെത്തിയതും, ഭൂമിയുടെ തരം മാറ്റാൻ കൃഷി വകുപ്പ് ഉത്തരവിറക്കിയതും, സ്ഥലം വില കൊടുത്ത് വാങ്ങാനും കെട്ടിടം നിർമ്മിക്കാനുമായി 25 കോടിയുടെ ഭരണാനുമതി നൽകി വിജ്ഞാപനം പുറപ്പെടുവിച്ചതും, സ്ഥലവില സെൻ്റിന് 1,70,000 രൂപ നിശ്ചയിച്ചതുമെല്ലാം താങ്കൾകൂടി അംഗമായ സർക്കാർ കേരളം ഭരിക്കുമ്പോഴാണ്. ഈ സത്യങ്ങൾ ലീഗ് നിയമസഭാ പാർട്ടി ലീഡർ എന്ന നിലയിൽ അങ്ങേക്ക് അറിയുമെന്നാണ് എൻ്റെ വിശ്വാസം.
2019-ൽ ഏറ്റെടുത്ത ഭൂമി വാങ്ങിയതിൽ ഉണ്ടായതായി ആരോപിക്കപ്പെടുന്ന അഴിമതി 6 വർഷങ്ങൾക്കു ശേഷമാണ് താങ്കളുടെ പാർട്ടിയുടെ യുവജന വിഭാഗത്തിൻ്റെ സെക്രട്ടറി ഉന്നയിക്കുന്നത്. അദ്ദേഹത്തിൻ്റെ കയ്യിൽ ഉണ്ടെന്ന് പറയപ്പെടുന്ന എല്ലാ രേഖകളും കൈപ്പറ്റി, എനിക്കെതിരെ സ്പീക്കർക്ക് രേഖാമൂലം ആരോപണം എഴുതിനൽകി സഭയിൽ ഉന്നയിക്കാൻ അങ്ങ് തയ്യാറാകണമെന്ന് വിനീതമായി താൽപര്യപ്പെടുന്നു. നിയമ സഭ നടക്കുന്ന സമയമായതിനാൽ ഇക്കാര്യത്തിൽ മുസ്ലിലീഗ് നിയമസഭാ പാർട്ടി യാതൊരു താൽപര്യക്കുറവും കാണിക്കരുത്. എനിക്കെതിരായ ആരോപണം തെളിഞ്ഞാൽ എന്നെ രാഷ്ട്രീയ വനവാസത്തിന് അയക്കുകയും ചെയ്യാമല്ലോ?
2021-ൽ അന്നത്തെ ലോകായുക്ത സിറിയക് ജോസഫിനെ ലക്ഷങ്ങളും UDF അധികാരത്തിൽ വന്നാൽ നൽകാമെന്ന് വാഗ്ദാനം ചെയ്ത പദവികളും പ്രതിഫലമായി നിശ്ചയിച്ച് എൻ്റെ ഭാഗം കേൾക്കുക പോലും ചെയ്യാതെ എനിക്കെതിരെ പൂന്തോട്ടം തയ്യാറാക്കി നൽകിയ വിധി പറയിപ്പിച്ച് രാഷ്ട്രീയമായി എന്നെ ഉന്മൂലനം ചെയ്യാൻ ഫിറോസിനെ കുട്ടിക്കുരങ്ങനാക്കി താങ്കൾ കളിപ്പിച്ച ‘കളി’ അങ്ങ് മറന്നാലും എനിക്ക് മറക്കാൻ കഴിയില്ല. രണ്ട് പെൺകുട്ടികൾ ഉൾപ്പടെ നാലുപേർ കൊല ചെയ്യപ്പെട്ട ഐസ്ക്രീം പാർലർ കേസിൽ താങ്കളെ കുറ്റവിമുക്തനാക്കി 2005 ജനുവരി 25-ന് ഇതേ ജസ്റ്റിസ് സിറിയക് ജോസഫ് ഉൾപ്പെടുന്ന ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് നടത്തിയ വിധി അങ്ങയുടെ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നല്ലോ?
ആ വിധി കിട്ടാൻ സിറിയക് ജോസഫിൻ്റെ സഹോദര ഭാര്യ ഝാൻസി ജെയിംസിനെ 15-11-2004-ന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ്-ചാൻസലറാക്കി ലീഗിൻ്റെ വിദ്യാഭ്യാസ മന്ത്രി നിയമിച്ച സംഭവം താങ്കൾ മറന്നു കാണില്ലെന്ന് കരുതുന്നു. താങ്കൾക്ക് അനുകൂലമായ വിധി പ്രഖ്യാപനത്തിൻ്റെ കൃത്യം 70 ദിവസങ്ങൾക്ക് മുമ്പാണ് പ്രസ്തുത നിയമനം ലീഗിൻ്റെ വിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ് ബഷീറിനെക്കൊണ്ട് താങ്കൾ മുൻകയ്യെടുത്ത് നടത്തിച്ചത്.
ലോകായുക്തയുടെ വിധി അന്തിമമാണെന്നും അതിനെതിരെ ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ അപ്പീൽ പോകാൻ കഴിയില്ലെന്നും മനസ്സിലാക്കിയാണ് താങ്കൾ രണ്ടാമതും സിറിയക്ക് ജോസഫിനെ വിലക്കെടുത്ത് എന്നെപ്പോലെ ഒരു സാധാരണക്കാരനായ പൊതുപ്രവർത്തകനെ അപമാനിച്ച് ഇല്ലാതാക്കാൻ ശ്രമിച്ചത്. ഒരു സർക്കാർ സ്ഥാപനം മെച്ചപ്പെടുത്തുക എന്ന ഏക ലക്ഷ്യത്തോടെ ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷനിൽ നിയമിച്ചതായി പറയപ്പെടുന്ന വിവാദം ഉയർന്നപ്പോൾ തന്നെ നിയമനം ലഭിച്ച വ്യക്തി സ്ഥാനം രാജിവെച്ച് മാതൃസ്ഥാപനത്തിലേക്ക് തിരിച്ചു പോയി. ഇപ്പോൾ ആ വ്യക്തി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ “ബാങ്ക് ഓഫ് ബറോഡ” യുടെ കൊച്ചിയിലെ ചീഫ് മാനേജരാണ്.
ആ ഏക വർഷ ഡെപ്യൂട്ടേഷൻ നിയമനത്തിൽ ഒരു രൂപ പോലും സർക്കാരിന് നഷ്ടമായിട്ടില്ലെന്ന് മാത്രമല്ല,15 ദിവസത്തെ അയാളുടെ സേവനം സൗജന്യമായി സ്ഥാപനത്തിന് കിട്ടുകയും ചെയ്തു. എന്നിട്ടും സിറിയക് ജോസഫിനെ ഉപയോഗിച്ച് താങ്കൾ എനിക്കെതിരെ നടത്തിയ ഗൂഢാലോചനയുടെ ഫലമാണല്ലോ ചത്ത കുട്ടിയുടെ ജാതകം നോക്കും പോലുള്ള സിറിയക്കിൻ്റെ വിധി.
പൊതുപ്രവർത്തനം സത്യസന്ധമാകണം എന്ന് നിർബന്ധമുള്ളവരിൽ പലരും സമാന കുതന്ത്രങ്ങളിലൂടെ ലീഗ് പാർട്ടിയിൽ താങ്കളുടെ കാലത്തു തന്നെ ഒതുക്കപ്പെട്ടിട്ടുണ്ടെന്ന് എന്നെക്കാളധികം അങ്ങേക്ക് അറിയാമല്ലോ?
ഇനി ഒരിക്കലും താങ്കളെ പോലുള്ള രാഷ്ട്രീയത്തിലെ വൻ സ്രാവുകൾക്ക് എന്നെപ്പോലുള്ള സാധുക്കളായ പരൽമീനുകളെ “ലോകായുക്തമാരെ” വിലക്കെടുത്ത് വിഴുങ്ങാൻ സാദ്ധ്യമാകാത്ത വിധം നിലവിലുള്ള ലോകായുക്താ നിയമത്തിലെ “AK 47 വ്യവസ്ഥ” ഭേദഗതി ചെയ്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ നിയമത്തിന് സമാനമാക്കി സഭ പാസ്സാക്കിയത് കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു സുവർണ്ണാദ്ധ്യായമാണ്.
ചതിയും വഞ്ചനയും വിലക്കു വാങ്ങലും കുതികാൽ വെട്ടും രാഷ്ട്രീയ എതിരാളികളെ നശിപ്പിക്കലും നിറഞ്ഞു നിന്ന “കുഞ്ഞാലിക്കുട്ടി യുഗം” താങ്കളോടു കൂടി ലീഗിൽ അവസാനിക്കണം. ഇനി മറ്റൊരു കുഞ്ഞാലിക്കുട്ടി ലീഗിൽ പിറവിയെടുക്കരുത്. പി.കെ കുഞ്ഞാലിക്കുട്ടിക്ക് ശേഷം പി.കെ ഫിറോസിലൂടെ “രണ്ടാം കുഞ്ഞാലിക്കുട്ടി യുഗം” ഒരു കാരണവശാലും ലീഗിൽ പുനർജനിച്ചു കൂട. അങ്ങയോടു കൂടി ആ “യുഗ”ത്തിന് അന്ത്യമാവണം. അതിനു വേണ്ടിക്കൂടിയാണ് എൻ്റെ പോരാട്ടം. ഇതു തുറന്നു പറയാതിരുന്നാൽ ഞാൻ എന്നോടു തന്നെ നീതി ചെയ്യാത്ത അധമനാകും.
പാവങ്ങളും നിഷ്കളങ്കരുമായ ലക്ഷക്കണക്കിന് നിസ്വാർത്ഥരായ പ്രവർത്തകരും അനുഭാവികളുമുള്ള പാർട്ടിയാണ് മുസ്ലിംലീഗ്. ആ പാർട്ടിയെ അവിഹിത ധനസമ്പാദനത്തിൻ്റെയും അധാർമ്മികതയുടെയും വേദിയാക്കാൻ ഇനി ഒരാളെയും അനുവദിച്ചുകൂട. ഒരു മുന്നറിയിപ്പുകാരനെ പോലെ ഞാനത് പറഞ്ഞു കൊണ്ടിരിക്കും. താങ്കളോടുള്ള വിരോധം കൊണ്ടല്ല അത്. ലീഗ് രാഷ്ട്രീയം സംശുദ്ധമാവുകയും കഴിവുള്ള സാധാരണക്കാരായവർ നേതൃപദവികളിൽ വരികയും ചെയ്യണമെന്ന ഒരു “പോയത്തക്കാരൻ്റെ” ആഗ്രഹം കൊണ്ടാണ്.
Leave a Reply