തിരുവനന്തപുരം: ബിഹാര്‍ മോഡല്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള കുറുക്കുവഴിയാണെന്നും ഇതിനെതിരേ കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. വോട്ടര്‍ തട്ടിപ്പിലൂടെ ജനാധിപത്യത്തെ കശാപ്പ് ചെയ്ത് അധികാരത്തിലെത്തിയ സംഘപരിവാരത്തിന് ഭരണം അരക്കിട്ടുറപ്പിക്കുന്നതിനുള്ള ചാണക്യ തന്ത്രമാണ് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം. രാജ്യവ്യാപകമായി പരിഷ്‌കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേരളത്തിലും നടപടി ക്രമങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. സംസ്ഥാനത്ത് 2002 ല്‍ 2.24 കോടി വോട്ടര്‍മാരായിരുന്നത് 2005 ല്‍ 2.78 കോടിയായി ഉയര്‍ന്നു. ഇതു സംബന്ധിച്ച താരതമ്യ വിശകലനം ആരംഭിച്ചിരിക്കുകയാണ്. 2003 നു ശേഷം വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ അതായത് കഴിഞ്ഞ 23 വര്‍ഷമായി വോട്ട് ചെയ്യുന്നവര്‍ ഇനി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുന്ന രേഖകള്‍ ഹാജരാക്കണം. 23 വര്‍ഷമായി വോട്ടവകാശം വിനിയോഗിച്ചവര്‍ ഇനി രേഖ ഹാജരാക്കി അവകാശം പുനസ്ഥാപിക്കണമെന്ന നിര്‍ദ്ദേശം ജനാധിപത്യ വിരുദ്ധവും അവകാശ ലംഘനവുമാണ്. പ്രവാസി വോട്ടര്‍മാര്‍ക്ക് തങ്ങളുടെ രേഖകള്‍ ഹാജരാക്കാനാവാതെ പട്ടികയ്ക്ക് പുറത്താകാന്‍ കാരണമാകും. സംസ്ഥാനത്ത് ആദിവാസി മേഖലകളിലാണ് പരിഷ്‌കരണം ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ന്യൂനപക്ഷ-ദലിത്- ആദിവാസി ഉള്‍പ്പെടെയുള്ളവരുടെ വോട്ടവകാശം നിഷേധിക്കാനുള്ള ആസൂത്രിത നീക്കമാണ് പരിഷ്‌കരണത്തിനു പിന്നിലെന്നതിന് ബിഹാര്‍ സാക്ഷിയാണ്.

2023 മെയ് മാസത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടയിലെ കല്‍ബുര്‍ഗി ജില്ലയിലെ ആലന്ദ് നിയമസഭാ മണ്ഡലത്തില്‍ മാത്രം ഓട്ടോമേറ്റഡ് സോഫ്റ്റ് വെയറും വ്യാജ ലോഗിനുകളും ഉപയോഗിച്ച് 6,018 വോട്ടര്‍മാരെ ഇല്ലാതാക്കാന്‍ ശ്രമിച്ചതു സംബന്ധിച്ച രേഖകള്‍ പുറത്തുവന്നിരിക്കുകയാണ്. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്നതിനോ മരണമോ സ്ഥലമാറ്റമോ ഉണ്ടായാല്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഇല്ലാതാക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ അഭ്യര്‍ഥിക്കുന്നതിനുള്ള ഫോം 7 ദുരുപയോഗം ചെയ്താണ് വ്യാപകമാണ് പട്ടികയില്‍ നിന്ന് പേരുകള്‍ വെട്ടിമാറ്റിയിരിക്കുന്നത്. ഇത് രാജ്യവ്യാപകമായി ആവര്‍ത്തിക്കപ്പെടുമെന്ന ആശങ്കയുണ്ട്.

വോട്ടര്‍ പട്ടിക അട്ടിമറിയിലൂടെ അധികാരത്തിലെത്താമെന്ന കുടില ചിന്തയാണ് ഇതിനു പിന്നില്‍. കേരളത്തില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നതും വോട്ട് മോഷണത്തിലൂടെയാണ്. തീവ്ര വോട്ടര്‍ പരിഷ്‌കരണത്തിലൂടെ ബിഹാറില്‍ മാത്രം ന്യൂനപക്ഷ-ദലിത്-ആദിവാസി ദുര്‍ബല ജനവിഭാഗങ്ങളില്‍പ്പെട്ട 65 ലക്ഷത്തിലധികം വോട്ടര്‍മാരാണ് നേരം ഇരുട്ടി വെളുത്തപ്പോള്‍ വോട്ടവകാശം പോലും ഇല്ലാത്ത കേവല മനുഷ്യജീവികളായി മാറിയത്. ഇത് രാജ്യ വ്യാപകമാകുന്നതോടെ ആര്‍എസ്എസ് വിഭാവനം ചെയ്യുന്ന മതരാഷ്ട്ര നിര്‍മിതി അതിന്റെ പൂര്‍ണതയിലെത്തും. അവകാശങ്ങളും ആനുകുല്യങ്ങളും നിഷേധിക്കപ്പെട്ട ജാതി ഭ്രാന്തിന്റെ തീണ്ടാപ്പാടകലെ നില്‍ക്കാന്‍ മാത്രം വിധിക്കപ്പെടുന്ന മനുഷ്യ കോലങ്ങളായി മാറുന്നതിനു മുമ്പ് ഐക്യത്തോടെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായി പൗരസമൂഹം മുന്നോട്ട് വരണം. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ പല്ലും നഖവും ഉപയോഗിച്ച് ചെറുത്തു തോല്‍പ്പിക്കാന്‍ ജനാധിപത്യ സമൂഹം തയ്യാറാവണമെന്നും സിപിഎ ലത്തീഫ് അഭ്യര്‍ഥിച്ചു.

https://www.facebook.com/share/p/16prStkQT1
https://www.instagram.com/p/DOyJRuBCQ6O/?igsh=cTdkaWFsZm95MTAx

Leave a Reply

Your email address will not be published.