തിരൂര്‍: മലയാളത്തിന്റെ അഭിമാനമായ മുട്ടത്ത് വര്‍ക്കിക്ക് 1968ല്‍ലഭിച്ച സ്വര്‍ണ്ണപതക്കം ഇനി മലയാളം സര്‍വ്വകലാശാലക്ക് സ്വന്തം. സര്‍വ്വകലാശാലയില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അഡ്വ. രതിദേവി മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.സി. ആര്‍ . പ്രസാദിന് സ്വര്‍ണ്ണപ്പതക്കം കൈമാറി. മലയാളം എഴുത്തുകാരന്‍ വി. ജെ. ജെയിംസ് സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സിലര്‍ ഡോ.സി.ആര്‍. പ്രസാദ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ കെ പി രാമനുണ്ണി സമര്‍പ്പണ സന്ദേശം നല്‍കി. അന്ന മുട്ടത്ത് ന്യൂയോര്‍ക്കില്‍ നിന്നും വീഡിയോ സന്ദേശം നല്‍കി. തുടര്‍ന്ന് നടന്ന ജനപ്രിയ സാഹിത്യത്തിന്റെ മാനങ്ങള്‍ എന്ന ചര്‍ച്ചയില്‍ പ്രൊഫസര്‍ എ.ജി. ഒലീന, ഡോ. കെ. എം. അനില്‍ എന്നിവര്‍ സംസാരിച്ചു.

മുട്ടത്ത് വര്‍ക്കിയുടെ ഓര്‍മകള്‍ അവലംബിച്ച് അന്ന മുട്ടത്ത് എഴുതിയ ഓര്‍മ്മയുടെ ഈണങ്ങള്‍ എന്ന പുസ്തകം ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ ജോയ് വള്ളുവനാടന്‍ അഡ്വ. രതീദേവിക്ക് നല്‍കി പ്രകാശനം ചെയ്തു. മുട്ടത്ത് വര്‍ക്കിയുടെ പാടാത്ത പൈങ്കിളിയുടെ എഴുപതാം വാര്‍ഷിക പതിപ്പും ചടങ്ങില്‍ പ്രകാശനം ചെയ്തു. മുട്ടത്തുവര്‍ക്കി ഗ്ലോബല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മലയാളം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളിലെ മികച്ച സര്‍ഗാത്മക രചനക്കുള്ള പ്രഥമ പുരസ്‌കാരം ടി.എസ്. സ്നേഹക്ക് രതിദേവി കൈമാറി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, ചിത്രകാരി എന്‍.ബി. ലതാ ദേവി, ഡോ. സി. ഗണേഷ്, ജോസ് ആന്‍ട്രൂസ്, അനില്‍ പെണ്ണൂക്കര, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ. പി. ഒ.റഹ്മത്തുല്ല, വിദ്യാര്‍ത്ഥി യൂണിയന്‍ ജന. സെക്രട്ടറി എം. ശ്യാം ശങ്കര്‍, മലയാളം സര്‍വ്വകലാശാല രജിസ്റ്റര്‍ ഡോ . കെ എം ഭരതന്‍ സ്വാഗതവും മലയാളം സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ധന്യ നന്ദിയും പറഞ്ഞു. മുട്ടത്ത് വര്‍ക്കിയെ കുറിച്ച് റോയ് പി തോമസ് സംവിധാനം ചെയ്ത ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.മുട്ടത്ത് വര്‍ക്കിയുടെ ചലചിത്ര ഗാനങ്ങള്‍ ബിജു ശശികുമാര്‍ ആലപിച്ചു.

Leave a Reply

Your email address will not be published.