
തിരൂർ :ദേശീയ മാനിക വേദിയുടെ ആഗസ്റ്റ് 23, 24 (ശനി ഞായർ) തീയതികളിൽ തിരൂർ തുഞ്ചൻ പറമ്പിൽ നടക്കുന്ന രണ്ടാം വാർഷിക ആഘോഷ പരിപാടികൾക്കുള്ളതായ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും ജീവിതം അസഹനീയമാക്കുംവിധം വെറുപ്പിന്റെ വ്യാപനം ഭരിക്കുന്നവരുടെ ഒത്താശയോടെ സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ അതിനെതിരെ രാഷ്ട്രീയമായ പ്രതിരോധത്തിനപ്പുറമുള്ള സാംസ്കാരികമായ ഇടപെടലുകളിലൂടെ ജനങ്ങളെ ബോധവൽക്കരിക്കാൻ ആണ് ഈയൊരു കൂട്ടായ്മ കൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രമുഖ കവിയും കേരള സാഹിത്യ അക്കാദമി ചെയർമാനുമായ ശ്രീ കെ സച്ചിദാനന്ദൻ നേതൃത്വത്തിൽ മുന്നോട്ട് പോകുന്ന ഈ കൂട്ടായ്മയുടെ രണ്ടുദിവസമായി നടക്കുന്ന വാർഷിക പരിപാടികളിയിൽ യുവ പ്രവർത്തകർക്ക് ഉള്ള ശില്പശാല, ദളിത്- ആദിവാസി വിഷയങ്ങളിലെ പ്രസക്തമായ സെമിനാറുകൾ, ഗസൽ സന്ധ്യ, നാടകം, തുടങ്ങിയവ ഉൾപ്പെടുന്ന വാർഷികാഘോഷ പരിപാടികളുടെ പൊതുസമ്മേളനം പ്രമുഖ നടനും സംവിധായകനും, ഇന്ത്യയുടെ ശക്തമായ ആന്റി ഫാസിസ്റ്റ് മുഖവുമായ ശ്രീ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും.
സിനിമ, സാഹിത്യ, അക്കാദമിക്, പത്രപ്രവർത്തക മേഖലയിലെ പ്രമുഖർ കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ, പി നന്ദകുമാർ എംഎൽഎ ഡോ. ദൊന്താ പ്രശാന്ത്, വെങ്കിടേഷ് രാമകൃഷ്ണൻ, ഡോ. ഫസൽ ഗഫൂർ, പിടി കുഞ്ഞിമുഹമ്മദ്, മുൻസിപ്പൽ ചെയർപേഴ്സൺ എപി നസീമ തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ പങ്കെടുക്കുന്നു.
ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ ആദിവാസി സമൂഹങ്ങൾ എന്ന് വിഷയത്തിൽ നടക്കുന്ന സെമിനാർ ഡോ. ദൊന്ത പ്രശാന്ത്, ഉദ്ഘാടനം ചെയ്യും. ഡോ മാളവിക ബിന്നി, ഡോ.രാജേഷ് കോമത്ത്, ഡോ മൃദുല ദേവി, ഡോ.സ്മിതാ പി കുമാർ എന്നിവർ പാനലിസ്റ്റുകൾ ആയിരിക്കും. വാർഷികാഘോഷ പരിപാടികളിൽ സംസ്ഥാനതലത്തിൽ യുവാക്കൾക്കായി നടത്തിയ ഉപന്യാസം മത്സര വിജയികൾക്കുള്ള പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതാണ്.
Leave a Reply