
തലശ്ശേരി: മാപ്പിളപ്പാട്ട് ഗാന ശാഖക്ക് ഒട്ടനവധി സംഭാവനകൾ നൽകിയ ഗായകൻ അബ്ദുൽസലാം പുഷ്പഗിരി (74) മരണപ്പെട്ടു. എച്ച് എം വി റിക്കോർഡ് കാലത്ത് പാടിയ കോഴിക്കോട്ട ങ്ങാടിയിൽ കോളിളക്കം…..,പുന്നാര മാരന്റെ വരവും കാത്ത്……., റബ്ബോടടുത്താൽ നൽകിടും….., ഒരു കിഴവി അനുദിനം തന്നുടെ സംഭാവനയായി മുന്തിരി
എന്ന പാട്ടുകൾ അദ്ദേഹത്തിൻ്റെ ഹിറ്റ് പാട്ടുകളാണ്. കണ്ണൂർ ജില്ലയിലെ തലശ്ശേരി കൊളത്തായി ഉസ്മാൻ കുട്ടിയുടെയും കാക്കാറമ്പത്ത് പാത്തുട്ടിയുടെയും മകനായി ജനിച്ച അബ്ദുൽസലാം ചെറുപ്പത്തിലെ പാട്ടു ലോകത്തെത്തി. പിതാവ് ഉസ്മാന് കുട്ടി ഒരു ഗായകനും സംഗീത സംവിധായകനും ആയിരുന്നു. മാത്രവുമല്ല ഗാനഗന്ധർവ്വൻ കെ. ജെ. യേശുദാസിൻ്റെ പിതാവ് അഗസ്റ്റിൻ ജോസഫിനോടൊത്തെല്ലാം പരിപാടികൾ സംഘടിപ്പിച്ചിരുന്ന ഒരു കലാകാരൻ കൂടിയായിരുന്നു. പിതാവിൻ്റെ ഈ പാരമ്പര്യം സലാം പുഷ്പഗിരിയെയും ഈ വഴിയിൽ എത്തിക്കുകയായിരുന്നു. പിതാവിൻ്റെ തലശ്ശേരിയിലുണ്ടായിരുന്ന (സ്റ്റേഷനറി) കടയുടെ പേരായിരുന്നു ”പുഷ്പഗിരി” എന്ന പേര്. ഈ പേരാണ് സലാം പുഷ്പഗിരിയായി മാറിയത്. നാട്ടിലും മറു നാട്ടിലും സലാം പുഷ്പഗിരി ഓട്ടനവധി ഗാനമേളകൾ സംഘടിപ്പിച്ചു. കല്യാണ വീടുകളിലും മറ്റും നിരവധി സംഗീത നിശകൾ അവതരിപ്പിച്ചു. പാട്ടുകാരനും പാട്ടെഴുത്തുകാരനും സംഗീത സംവിധായകനും സംഘാടകനുമായി സലാം പുഷ്പഗിരി സംഗീത വഴിയിലും മാപ്പിളപ്പാട്ട് മേഖലയിലും നിറഞ്ഞു നിന്നു. പ്രശസ്ത കവി ഒ അബു സാഹിബ് മെമ്മോറിയൽ പുരസ്കാരം മുതൽ ഒട്ടേറെ പുരസ്കാരങ്ങളും ആദരവുകളും സലാം പുഷ്പഗിരിയെ തേടിയെത്തി.
വ്യത്യസ്ത ശബ്ദത്തിനുടമയായ ഇദ്ദേഹം കുറച്ച് കാലം വിശ്രമ ജീവിതത്തിലായിരുന്നു. ഭാര്യ: കാത്താണ്ടി ലൈല. മക്കൾ: തസ്വീർ (മസ്കത്ത്), ജംഷീദ് (മസ്കത്ത്), മിഹറാജ് (പരേതൻ), ഷർമിള മനാഫ്. മരുമകൻ: അബ്ദുൽ മനാഫ്.
Leave a Reply