ജപ്തി റദ്ദാക്കിയതില്‍ മഞ്ചേരി ഗ്രീന്‍വാലിയും; എന്‍ഐഎക്ക് കനത്ത തിരിച്ചടി


കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ(popular front of India)യുമായി ബന്ധപ്പെട്ട പത്ത് സ്വത്തുവകകൾ ജപ്‌തി ചെയ്ത കേസിൽ ദേശീയ അന്വേഷണ ഏജൻസി(NIA)ക്ക് കനത്ത തിരിച്ചടി. പോപുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 10 സ്വത്തുവകകൾ ജപ്‌തി ചെയ്ത നടപടി കൊച്ചിയിലെ എൻഐഎ സ്പെഷ്യൽ കോടതി റദ്ദാക്കി. എൻഐഎയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ 2022 മുതൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സമിതി തുടങ്ങിവച്ച ജപ്തി നടപടികളെ ചോദ്യം ചെയ്യുന്ന ഹരജികളിലാണ് നടപടി. പോപുലർ ഫ്രണ്ടുമായി നേരത്തെ ബന്ധമുണ്ടായിരുന്ന സ്വകാര്യ വ്യക്തികളും ട്രസ്റ്റികളും സമർപ്പിച്ച അപ്പീലുകളാണ് കോടതി പരിഗണിച്ചത്.
ജപ്തി റദ്ദാക്കിയ സ്വത്തുക്കളിൽ മലപ്പുറം മഞ്ചേരി കാരാപറമ്പിലെ ഗ്രീൻ വാലി ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള 10.27 ഹെക്ടർ ഭൂമിയും കെട്ടിടങ്ങളും ഉൾപ്പെടുന്നു. ആലപ്പുഴയിലെ ആലപ്പി സോഷ്യൽ കൾച്ചറൽ എഡ്യൂക്കേഷൻ ട്രസ്റ്റിൻ്റെ ഉടമസ്ഥതയിലുള്ളവ, മണ്ണഞ്ചേരിയിലെ ഷാഹുൽ ഹമീദ്, കരുനാഗപ്പള്ളിയിലെ കാരുണ്യ ഫൗണ്ടേഷൻ, പന്തളം എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്, ചാവക്കാട്ടെ മൂന്ന്
വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ, മാനന്തവാടിയിലെ ഇസ്ലാമിക് സെന്റർ ട്രസ്റ്റിന്റെ കീഴിലുള്ള ഭൂമി, ആലുവയിലെ അബ്‌ദുൽ സത്താർ ഹാജി മൂസ സേട്ട് പള്ളിയുടെ പരിസരം, പട്ടാമ്പിയിലെ ഷോപ്പിങ് കോംപ്ലക്‌സ്, കോഴിക്കോട് മീഞ്ചന്തയിലെ യൂണിറ്റ് ഹൗസ് കെട്ടിടം തുടങ്ങിയവയാണ് വിട്ടുകൊടുക്കാൻ ഉത്തരവായ മറ്റ് സ്വത്തുക്കൾ. പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾക്കായി ഈ സ്വത്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു.എൻഐഎ ഇവയെല്ലാം പൂട്ടി മുദ്രവച്ച് ജപ്‌തിചെയ്തത് കണ്ടുകെട്ടിയത്.
നിരോധനത്തെത്തുടർന്ന് എൻഐഎയുടെ നടപടി നേരിട്ട പ്രധാനപ്പെട്ട സ്ഥലമായിരുന്നു. മുൻ പിഎഫ്ഐ നേതാക്കളാണ് ഗ്രീൻ വാലി ഫൗണ്ടേഷന്റെ ട്രസ്റ്റികളെന്നും അവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് സ്ഥാപനം പ്രവർത്തിച്ചതെന്നുമാണ് എൻഐഎ ചൂണ്ടിക്കാട്ടിയത്. പള്ളി, കോളേജ്, ഓഫീസ്, സ്റ്റുഡന്റ് ഹോസ്റ്റൽ ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ഗ്രീൻവാലിയിലുള്ളത്.
സംഘടനയുടെ കേഡർമാരെ താമസിപ്പിക്കാനും സ്ഫോടകവസ്തുക്കളും ആയുധങ്ങളും നിർമ്മിക്കാനും
ഉപയോഗിക്കുന്നതിനും പരിശീലനം നടത്താനുമാണ് ഈ കേന്ദ്രം ഉപയോഗിക്കുന്നതെന്നാണ് എൻഐഎ ആരോപിച്ചത്. എന്നാൽ പിഎഫ്ഐയും അതിന്റെ പഴയ രൂപമായ നാഷണൽ ഡെവലപ്മെന്റ് ഫ്രണ്ടും (NDF) രൂപീകരിക്കുന്നതിനും മുമ്പുതന്നെ ട്രസ്റ്റ് സ്ഥാപിച്ചിട്ടുണ്ടെന്ന് ഗ്രീൻ വാലി ഫൗണ്ടേഷൻ വാദിച്ചു. 1993 ൽ സ്ഥാപിച്ച ഗ്രീൻ വാലിയുടെ ആസ്തികൾ തീവ്രവാദത്തിന്റെ ഭാഗമായുള്ളതല്ലെന്നും സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ, കാർഷിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണെന്നും ട്രസ്റ്റ് അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
എൻഐഎ കേസിൽ പ്രതിയായ അംഗങ്ങളാരും നിലവിലെ ട്രസ്റ്റിൽ ഇല്ല. പിഎഫ്ഐയുടെ മുൻ വൈസ് ചെയർമാനും ട്രസ്റ്റിന്റെ സ്ഥാപക അംഗവുമായ ഇ.എം അബ്ദുർറഹ്മാനെ എൻഐഎ കേസിൽ പ്രതി ചേർത്തിട്ടുണ്ടെങ്കിലും, അദ്ദേഹം ട്രസ്റ്റുമായി വളരെ ചെറിയകാലം മാത്രമേ ബന്ധപ്പെട്ടിരുന്നുള്ളൂവെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. വാദങ്ങൾ കേട്ട കോടതി, ഇതിലെ ഏതെങ്കിലും സ്വത്തുക്കൾ തീവ്രവാദ പ്രവർത്തനത്തിലൂടെ ലഭിച്ചതാണെന്ന് സൂചിപ്പിക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവന്നാൽ, അന്വേഷണ ഉദ്യോഗസ്ഥർക്ക് പുതിയ നടപടികൾ ആരംഭിക്കുന്നതിന് തടസ്സമാകില്ലെന്ന് ജപ്തി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കി.
ജപ്തി റദ്ദാക്കിയ സ്വത്തുക്കൾ
- ഗ്രീൻ വാലി ഫൗണ്ടേഷൻ ട്രസ്റ്റ്, പുൽപ്പറ്റ, മലപ്പുറം
- കോഴിക്കോട് മീഞ്ചന്തയിൽ ഒബെലിസ്ക് പ്രോപ്പർട്ടീസ് ആൻഡ് ഡെവലപ്പർമാരുടെ Untiy House
- ആലപ്പുഴ മണ്ണഞ്ചേരിയിലെ ഷാഹുൽ ഹമീദിൻ്റെ ഷോപ്പിങ് കോംപ്ലക്‌സ്
- കാരുണ്യ ഫൗണ്ടേഷൻ ട്രസ്റ്റിന്റെ സ്വത്ത്, കരുനാഗപ്പള്ളി, കൊല്ലം
- പന്തളം എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സ്ഥലവും കെട്ടിടവും, പന്തളം
- തൃശൂർ ചാവക്കാട് മൂന്ന് പേരുടെ ഉടമസ്ഥതയിലുള്ള കെട്ടിടം
- വയനാട് മാനന്തവാടിയിലെ ഇസ്ലാമിക് സെന്റർ ട്രസ്റ്റിന്റെ സ്വത്ത്
- ആലുവയിലെ അബ്‌ദുൽ സത്താർ ഹാജി മൂസ സെയ്ത് ജുമാ മസ്‌ജിദിൻ ഭൂമി
- പാലക്കാട് പട്ടാമ്പി കൽപക ജംഗ്ഷനിൽ കെ ടി അസീസിൻ്റെ ഷോപ്പിങ് കോംപ്ലക്സ്
- ആലപ്പുഴ സോഷ്യൽ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ ട്രസ്റ്റ്, ആലപ്പുഴ
Leave a Reply