മലപ്പുറം :മലപ്പുറം ചരിത്രം മറന്നുപോകുകയും മായ്ച്ചുകളയപ്പെടുകയും ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍ ചരിത്രത്തെ ഓര്‍മ്മിപ്പിക്കുന്നത് ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകനും, മലപ്പുറം പ്രസ്ക്ലബ്ബ് മുന്‍ പ്രസിഡന്റുമായ വിമല്‍ കോട്ടയ്ക്കല്‍.സീനിയര്‍ ജര്‍ണ്ണലിസ്റ്റ്സ് ഫോറം ദേശീയ സമ്മേളന വിളംബരത്തിന്റെ ഭാഗമായി ജില്ലയിലെ പഴയകാല പ്രസിദ്ധീകരണങ്ങളായിരുന്ന കവന കൗമുദി, ധന്വന്തരി മാസികകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയ്ക്കലില്‍ നിന്ന് വൈദ്യരത്നം പി എസ് വാരിയാരാണ് ശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ധന്വന്തരി മാസിക തുടങ്ങിയത്. അദ്ദേഹത്തിന്റെ സഹോദരന്‍ കവികുലഗുരു പി വി കൃഷ്ണവാരിയര്‍ കവിതകള്‍ മാത്രം പ്രസിദ്ധീകരിച്ചിരുന്ന കവനകൗമുദിയും ആരംഭിച്ചു.

ഉള്ളൂര്‍ മുതല്‍ ഒട്ടേറെ കവികള്‍ ഈ മാസികയിലെ സ്ഥിരം എഴുത്തുകാരായിരുന്നു. കേരളത്തില്‍ ശാസ്ത്രവും കവിതയും കൈകാര്യം ചെയ്യുന്ന പ്രസിദ്ധീകരണങ്ങള്‍ക്ക് തുടക്കമിട്ടത് ഈ മാസികകളാണ്. അദ്ദേഹം പറഞ്ഞു. കൃഷി, തൊഴില്‍ മുതലായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ലക്ഷ്മീ വിലാസം, ജേ്യാതിഷം കൈകാര്യം ചെയ്യുന്ന ജേ്യാതിര്‍ ദീപിക, ജി, സ്വജന രഞ്ജിനി എന്നീ മാസികകളും അക്കാലത്ത് കോട്ടയ്ക്കലില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്നു. വക്കം മൗലവി സ്വദേശാഭിമാനി തുടങ്ങുന്നതിന് പതിനാറു വര്‍ഷം മുമ്പാണ് തിരൂര്‍ നിന്നും സി സൈദാലിക്കുട്ടി മാസ്റ്റര്‍ സലാഹുല്‍ ഇഖ്വാന്‍ എന്ന പേരില്‍ മലയാള പത്രം തുടങ്ങിയത്. ഇതെല്ലാം കലാസാഹിത്യരംഗത്തുമാത്രമല്ല പത്രപ്രവര്‍ത്തനരംഗത്തും മലപ്പുറം അക്കാലത്തുതന്നെ വളരെ മുന്നിലായിരുന്നു എന്നതിന് തെളിവാണ്അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.