
കടുവയെ കൊന്നതിനുശേഷം വിട്ടു തരൂ എന്ന് നാട്ടുകാർ. പ്രദേശത്ത് സംഘർഷാവസ്ഥ. കൂടുതൽ പോലീസ് സേന സംഭവസ്ഥലത്തേക്ക്
മലപ്പുറം: കാളികാവിലെ നരഭോജി കടുവ വനവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. കരുവാരക്കുണ്ട് സുല്‍ത്താന എസ്റ്റേറ്റില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ടുമാസമായി വനംവകുപ്പ് കടുവയ്ക്കായി തിരച്ചില്‍ നടത്തി വരികയായിരിന്നു. കൂട്ടില്‍ കടുവ കുടുങ്ങിയതായ വിവരം നാട്ടുകാരാണ് വനംവകുപ്പിനെ അറിയിച്ചത്.
മെയ് 15-നാണ് തോട്ടം ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കാളികാവ് എസ്റ്റേറ്റില്‍ വെച്ച് കടുവ കൊലപ്പെടുത്തിയത്. അന്നു തൊട്ട് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ ദൗത്യസംഘം തിരച്ചില്‍ നടത്തി വരികയായിരുന്നു.
പ്രദേശത്ത് പലതവണ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ക്യാമറകളില്‍ കടുവയുടെ ദൃശ്യം പലതവണ പതിഞ്ഞിരുന്നുവെന്ന് മാത്രമല്ല ഒരു തവണ കടുവയെ കാണുകയും ചെയ്തിരുന്നു. കൂടാതെ ഒരുതവണ അഞ്ചു മീറ്റർ ദൂരെ നിന്ന് പ്ലാസ്റ്റിക് ബുള്ളറ്റ് വച്ച് വെടിവെക്കുക കൂടി ചെയ്തു. എന്നാല്‍ പിടികൂടാന്‍ കഴിയാത്തത് വനംവകുപ്പിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.
കടുവയെ വെടിവെച്ച് കൊല്ലണം എന്നതാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്തെ കടുവയുടെ സാന്നിധ്യം കാരണം ജോലിക്ക് പോകാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു നാട്ടുകാര്‍. പ്രദേശത്ത് കൂടിയ നാട്ടുകാർ കടുവയെ കൊന്ന ശേഷമേ അവിടെ നിന്ന് കൊണ്ടുപോകാവു എന്ന ആവശ്യം ഉന്നയിച്ച് സംഘർഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. വിവിധ യൂണിറ്റ് പോലീസ് സേന സംഭവസ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഒരു സംഘർഷത്തിനുള്ള സാധ്യത തന്നെയാണ് സ്ഥലത്ത് സംജാതമായിരിക്കുന്നത്. എന്നാല്‍ കടുവയെ മറ്റൊരു കാട്ടിലേക്ക് മാറ്റുക എന്നതായിരിക്കും വനംവകുപ്പിന്റെ തീരുമാനം എന്നാണ് വിവരം.
Leave a Reply