കൽപകഞ്ചേരി: ജീവകാരുണ്യ പ്രവർത്തന രംഗത്ത് കാൽ നൂറ്റാണ്ടായി പ്രവർത്തിക്കുന്ന ആനപ്പടിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പുതുതായി ആരംഭിച്ച എ.പി അസ് ലം റിഹാബിലിറ്റേഷൻ സെന്റർ
നാടിന് സമർപ്പിച്ചു.
ജീവിതയാത്രയിൽ വീണുപോയ മനുഷ്യരെ കൈപിടിച്ചുയർത്താനും വിവിധ വൈകല്യങ്ങൾ കൊണ്ട് ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് ആശ്വാസമേകാനും ഉദ്ദേശിച്ചുകൊണ്ടാണ് റിഹാബിലിറ്റേഷൻ സെന്റർ പ്രവർത്തിക്കുന്നത്. കൽപകഞ്ചേരി, വളവന്നൂർ, ചെറിയമുണ്ടം, ആതവനാട്, മാറാക്കര എന്നീ പഞ്ചായത്തുകളിലെയും സമീപപ്രദേശങ്ങളിലെയും ശയ്യാവലമ്പികളായ രോഗികളെ കണ്ടെത്തി തികച്ചും സൗജന്യമായി ഫിസിയോതെറാപ്പി ചികിത്സ നൽകിക്കൊണ്ടുള്ള ഒരു സ്ഥിരം സംവിധാനം ട്രസ്റ്റിന് കീഴിൽ 2017 മുതൽ പ്രവർത്തിച്ചു വരുന്നുണ്ട്.

കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് അത്യാധുനിക സജ്ജീകരണങ്ങളോടുകൂടി വിദഗ്ധരായ ടെക്നീഷ്യന്മാരുടെ മേൽനോട്ടത്തിൽ ന്യൂറോ റിഹാബ് സെന്റർ ആയി പരിവർത്തിപ്പിച്ചാണ് പുതിയ സെന്ററിൻ്റെ പ്രവർത്തനം.
ഫിസിയോതെറാപ്പിക്ക് പുറമേ സ്പീച്ച് തെറാപ്പി, ഒക്യൂപേഷണൽ തെറാപ്പി, ബിഹേവിയറൽ തെറാപ്പി, ചൈൽഡ് സൈക്കോളജി എന്നീ ചികിത്സകളും
സെൻ്ററിൽ ലഭ്യമാക്കിയിട്ടുണ്ട്.
സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്ത് നിറ സാന്നിധ്യമായിരുന്ന ആനപ്പടിക്കൽ മൊയ്തീൻകുട്ടി മാസ്റ്ററുടെ കുടുംബമാണ് ട്രസ്റ്റിനെ മുന്നോട്ടു നയിക്കുന്നത്. ഭക്ഷണം, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാത്ത അശരണരെ സഹായിക്കാനായി ബഹുമുഖ പദ്ധതികൾ ട്രസ്റ്റിന് കീഴിൽ തണൽ എന്ന പദ്ധതിയിലൂടെ കേരളത്തിനകത്തും പുറത്തും നടപ്പിലാക്കി വരുന്നു.
സെൻ്ററിൻ്റെ ഉൽഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എം.പി, കുറുക്കോളി മൊയ്തീൻ എം.എൽ.എ, മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദ്, ഐ.എം.ബി സംസ്ഥാന പ്രസിഡന്റ് ഡോ കബീർ, വടകര തണൽ പ്രസിഡന്റ് ഡോ. ഇദ്രീസ് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.