
തിരൂർ: ആഗോള ഇസ്ലാമിക പണ്ഡിതനും പ്രശസ്ത ഖുർആൻ വിവർത്തകനും ആയിരുന്ന പറവണ്ണയിലെ ഡോ: ബഷീർ അഹമ്മദ് മുഹിയുദ്ധീൻ അസ്ഹരിയുടെ പേരിലുള്ള ഫൗണ്ടേഷന്റെ പ്രഖ്യാപനവും അനുസ്മരണ സമ്മേളനവും ജൂൺ 25 ബുധനാഴ്ച പറവണ്ണ അരിക്കാൻചിറ ഇനായത്ത് കൺവെൻഷൻ സെൻററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വൈകുന്നേരം 7 മണിക്ക് നടക്കുന്ന പരിപാടി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രമുഖ ഇസ്ലാമിക പണ്ഡിതൻ വി. എച്ച്. അലിയാർ ഖാസിമി മുഖ്യപ്രഭാഷണം നടത്തും.കുറുക്കോളി മൊയ്തീൻ MLA, ഡോ: അബ്ദുറഹിമാൻ ആദൃശേരി, വി.എസ്. സെയ്തു മുഹമ്മദ് ഐആർഎസ്, അഡ്വ: ഹംസ മലപ്പുറം, എ.പി. നിസാം, കെ. കെ. ഹൈദ്രോസ്, സി. എസ്. ഇബ്രാഹിംകുട്ടി, സി. പി. ബാസിത് ഹുദവി തുടങ്ങിയവർ സന്നിഹിതരായിരിക്കും.
പ്രഗൽഭ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും സമസ്ത ഇസ്ലാം മത വിദ്യഭ്യാസ ബോർഡിൻ്റെ പ്രഥമ ചെയർമാനും ആയിരുന്ന കെ. പി. എ. മുഹിയിദ്ദീൻകുട്ടി മൗലവിയുടെ മൂന്നാമത്തെ മകനായി പറവണ്ണയിലാണ് ഡോ: ബഷീർ അഹമ്മദ് ജനിച്ചത്. വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ നിന്നും ദയുബന്ത് ദാറുൽ ഉലൂമിൽ നിന്നും മതപഠനം പൂർത്തിയാക്കിയ ശേഷം ഈജിപ്തിലെ ലോകപ്രശസ്തമായ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിലും തുടർന്ന് കെയ്റോ യൂണിവേഴ്സിറ്റിയിലും പഠനം പൂർത്തിയാക്കി.
ശേഷം സൗദി അറേബ്യയിലെ ദാറുൽ ഇഫ്തയുടെ ഇസ്ലാമിക പ്രബോധകനായി ആഫ്രിക്കൻ രാജ്യങ്ങളിൽ പ്രവർത്തിക്കുകയായിരുന്നു.
1970 കളിൽ ലോകത്താകെ ഇംഗ്ലീഷ് ഭാഷയിൽ ഉണ്ടായിരുന്ന ഖുർആൻ പരിഭാഷകൾ പരിശോധിച്ച് ന്യൂനതകൾ പരിഹരിച്ച് ഇംഗ്ലീഷിൽ പുതിയതായി ഒരു ഖുർആൻ വിവർത്തനം എഴുതുക എന്ന വലിയ ദൗത്യമാണ് ദാറുൽ ഇഫ്ത അദ്ദേഹത്തെ ഏൽപ്പിച്ചത്. അതിന്റെ ഫലമായിരുന്നു ഇന്നും ലോകത്ത് ഏറെ ആദരിക്കപ്പെടുന്ന ഡോ : ബഷീർ അഹമ്മദ് മുഹിയിദ്ദീൻ “ഖുർആൻ: ദി ലീവിങ് ട്രൂത്ത് ” എന്ന പ്രശസ്തമായ ഇംഗ്ലീഷ് പരിഭാഷ. ആഗോളതലത്തിൽ ഏറെ അംഗീകരിക്കപ്പെട്ടതാണ് ഈ ഇംഗ്ലീഷ് പരിഭാഷ.
നാല് ഭാഷകളിലേക്ക് ഖുർആൻ വിവർത്തനം ചെയ്ത ലോക ചരിത്രത്തിലെ തന്നെ ഏക വ്യക്തിത്വമാണ് ഡോ : ബഷീർ അഹമ്മദ്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ പത്തു കോടി ജനങ്ങൾ സംസാരിക്കുന്ന ഭാഷയായ ഹൗസയിലേയ്ക്കും മറ്റൊരു ആഫ്രിക്കൻ ഭാഷയായ യോർബിയിലേയ്ക്കും സെനഗലിലെയും മാലിദ്വീപിലെയും ഭാഷയായ ബുംബ്രായിലേയ്ക്കും അദ്ദേഹം ഖുർആൻ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെയാണ് ഇംഗ്ലീഷ് പരിഭാഷ.
ലോകപ്രശസ്തരായ നിരവധി വ്യക്തിത്വങ്ങൾ ഡോ : ബഷീർ അഹമ്മദ് മുഹിയിദ്ദീൻ അസ്ഹരിയുടെ സഹപാഠികളും സുഹൃത്തുക്കളുമായിരുന്നു. ഇറാക്ക് മുൻ പ്രസിഡണ്ട് സദ്ദാം ഹുസൈൻ, മാലിയിലെ മുൻ പ്രസിഡണ്ട് മഅ്മൂൻ അബ്ദുൽ ഖയ്യും , മലേഷ്യയിലെ മന്ത്രി ഹസ്സൻ നൂർ, ഭ്രൂണെയിലെ മന്ത്രിയായിരുന്ന യഹിയ, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ഡോ: മുഹിയിദ്ദീൻ ആലുവായി എന്നിവരൊക്കെ അവരിൽ ചിലരാണ്. പല വിദേശ രാജ്യങ്ങളിലെയും രാഷ്ട്രീയ-മത മേഖലകളിലെ നേതാക്കളും അദേഹത്തിൻ്റെ ഉറ്റ സുഹൃത്തുക്കളായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ തന്നെ ഇന്ദിരാ ഗാന്ധിയുടെ ഭരണ കാലത്ത് രാജ്യ താൽപര്യങ്ങൾക്കു വേണ്ടി അദേഹത്തിൻ്റെ സേവനം അന്തർദേശീയ തലത്തിൽ പ്രയോജനപ്പെടുത്താനും ശ്രമിച്ചിരുന്നു. സമസ്തയുടെ യുവജന സംഘടനയായ എസ്. വൈ. എസിൻ്റെ പ്രഥമ ജനറൽ സെക്രട്ടറിയും അദ്ധേഹമായിരുന്നു.
“ഡോ : ബഷീർ അഹമ്മദ് മുഹിയുദ്ദീൻ അസ്ഹരി ഫൗണ്ടേഷൻ” എന്ന പേരിൽ ഉണ്ടാക്കിയ പുതിയ സംവിധാനത്തിൻ്റെ പ്രഖ്യാപനവും സമ്മേളനത്തിൽ നടക്കും. സമ്മേളനത്തിനു മുന്നോടിയായി ഇനായത്ത് കൺവെൻഷൻ സെൻററിൽ ബഷീർ അഹമ്മദിൻ്റെ കുടുംബമായ കുന്നത്തകത്ത് പുതിയിൽ കുടുംബാംഗങ്ങളുടെ സംഗമവും നടക്കും. ആദ്യമായാണ് പറവണ്ണയിൽ ഡോ : ബഷീർ അഹമ്മദ് മുഹിയിദ്ധീൻ അസ്ഹരിയുടെ പേരിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നതത്.

Leave a Reply