കോഴിക്കോട് : 2025 സ്വകാര്യ ഹജ്ജ് യാത്രികരിൽ 42,507 പേരുടെ യാത്ര മുടങ്ങിയ സാഹചര്യത്തിൽ ഹജ്ജ് സേവനങ്ങൾക്കായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അക്കൗണ്ടിലേക്ക് അയച്ച തുക തിരികെ നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേരളത്തിലെ ഹജ്ജ് ടൂർ ഓപ്പറേറ്റർമാരുടെ അംഗീകൃത കൂട്ടായ്മ ഇന്ത്യൻ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. കേരളത്തിലെ ഹജ്ജ് ഏജൻസികൾ തങ്ങളുടെ സംയുക്ത ഹജ്ജ് ഗ്രൂപ്പ് വഴി ഹാജിമാർക്ക് ആവശ്യമായ തുക കൃത്യ സമയത്തു തന്നെ ഹജ്ജ് കമ്മിറ്റിയുടെ പ്രത്യേകം തയ്യാറാക്കിയ ലിങ്ക് വഴി എസ് ബി ഐ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ 80% പേരുടെ ഹജ്ജ് മുടങ്ങിയ സാഹചര്യത്തിൽ ഈ തുക തിരികെ ആവശ്യപ്പെട്ട് തീർത്ഥാടകർ ഹജ്ജ് ഏജൻസികളെ സമീപിക്കുന്ന സാഹചര്യമുണ്ട്. 2026 ഹജ്ജിലേക്ക് അവരുടെ സീറ്റുകൾ കേന്ദ്ര ഹജ്ജ് മന്ത്രാലയം ഉറപ്പു വരുത്തിയിട്ടുണ്ടെകിലും കുറഞ്ഞ ആളുകൾ തുക തിരികെ ആവശ്യപെടുന്നത് ഏജൻസികളെ പ്രതിസന്ധിയിലാക്കിട്ടുണ്ട്. അതിനാൽ ഈ ഹാജിമാർക്കായി ഹജ്ജ് കമ്മിറ്റിക്ക് നൽകിയ തുക തിരികെ ലഭിക്കുന്ന മുറയ്ക് തിരിച്ചു നൽകാമെന്ന് ഏജൻസികൾ ഉറപ്പു നൽകിയിട്ടുമുണ്ട്. അതോടൊപ്പം 2026 ഹജ്ജിലേക്കുള്ള ഒരുക്കങ്ങൾ അടുത്ത മാസം മുതൽ ആരംഭിക്കുമെന്നും കഴിഞ്ഞ ദിവസം കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തിറക്കിയ വിജ്ഞാപനത്തിൽ അറിയിച്ചിട്ടുണ്ട്. യോഗത്തിൽ ചേക്കുട്ടി ഹാജി ഒറ്റപ്പാലം അധ്യക്ഷത വഹിച്ചു. പീർ മുഹമ്മദ് വിഷയാവതരണം നടത്തി. ടി. മുഹമ്മദ് ഹാരിസ്, അഹമ്മദ് ദേവർകോവിൽ എന്നിവർ പ്രസംഗിച്ചു. അസീസ് വേങ്ങര സ്വാഗതവും ബഷീർ മണ്ണാർക്കാട് നന്ദിയും പറഞ്ഞു.
Leave a Reply