
എന്റെ ഭർത്താവ് ഇ. അബൂബക്കർ ഗുരതരരോഗങ്ങളുമായി മല്ലടിച്ച് തിഹാർ ജയിലിൽ കഴിയുകയാണ്. 2025 ജൂൺ 17ന് അദ്ദേഹത്തിന്റെ തടവ് ജീവിതത്തിന്റെ ആയിരം ദിവസം പിന്നിടുന്നു. തടവറ ജീവിതം മൂന്നുവർഷത്തോടടുക്കുമ്പോൾ നിരവധി രോഗങ്ങളാണ് 73 കാരനായ അദ്ദേഹത്തെ വേട്ടയാടുന്നത്. വിചാരണക്കോടതിയിലും ഡൽഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സമർപ്പിച്ച ജാമ്യ ഹർജികൾ തള്ളപ്പെട്ടതിനാൽ നീതിനിഷേധിക്കപ്പെട്ട് ജയിൽവാസം തുടരുകയാണ് ഇ.അബൂബക്കർ. പോപുലർ ഫ്രണ്ട് നിരോധനത്തിനു മുന്നോടിയായിട്ടാണ് എൻഐഎ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
അന്നനാള കാൻസർ രോഗബാധയെ തുടർന്ന് ശസ്ത്രക്രിയക്കു ശേഷം പൂർണ വിശ്രമത്തിലായിരുന്ന സമയത്താണ് 2022 സെപ്തബർ 22ന് അർധരാത്രിക്കു ശേഷം അദ്ദേഹത്തെ സ്വവസതിയിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തത്. യുഎപിഎ പ്രകാരം കേസെടുത്ത് ജയിലിലടച്ച അദ്ദേഹത്തെ ജയിലിലായിരിക്കെ 2024 മെയ് 9ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ഡൽഹി ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലായിരുന്നു ഇഡിയുടെ അറസ്റ്റേന്ന് പ്രത്യേകം ശ്രദ്ധേയമാണ്.
രോഗപീഢകളാൽ അവശനായ അദ്ദേഹം, രോഗാവസ്ഥയ്ക്ക് അനുഗുണമായ ഭക്ഷണം ലഭിക്കാതെ ആരോഗ്യം തകർന്നും ഓർമ ക്രമേണ നഷ്ടപ്പെട്ടും കൂടുതൽ ഗുരുതരമായ സ്ഥിതിവിശേഷത്തെ അഭിമുഖീകരിക്കുകയാണ്.
സുപ്രീം കോടതി നിർദ്ദേശപ്രകാരം ഡൽഹിയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ 10 ഡോക്ടർമാർ അടങ്ങുന്ന ഒരു മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു. പ്രസ്തുത ബോർഡ് അദ്ദേഹത്തിന്റെ രോഗാവസ്ഥയെക്കുറിച്ച് വിലയിരുത്തൽ നടത്തിയെങ്കിലും കേന്ദ്രസർക്കാർ ഏജൻസികളുടെ ഇടപെടൽകാരണം അദ്ദേഹത്തിന്റെ രോഗവിവരങ്ങൾ വ്യക്തമാക്കുന്ന ഒരു റിപ്പോർട്ടല്ല നൽകിയത്. ഇക്കാരണം ഒന്ന്കൊണ്ട് മാത്രമാണ് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ബഹു. സുപ്രീംകോടതി തള്ളിയത്. തുടർന്ന് എയിംസിൽ വിശ്വാസമില്ലെന്ന് അറിയിച്ചുകൊണ്ട് അദ്ദേഹം ജയിൽ അധികൃതർക്ക് കത്ത് നൽകുകയും സ്വകാര്യാശുപത്രിയിലെ ചികിൽസ ആവശ്യപ്പെട്ടുകൊണ്ട് കീഴ് കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തു. പ്രമേഹം മുലമുള്ള കാഴ്ചശക്തി തകരാറ്, രക്തസമ്മർദ്ദം, പാർക്കിൻസൺ രോഗം, ഹൃദ്രോഗം, അന്നനാള അർബുദത്തിന് നടത്തിയ ശസ്ത്രക്രിയയെ തുടർന്നുള്ള രോഗാവസ്ഥ, പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കം, ഓർമ്മക്കുറവ് തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങൾ അദ്ദേഹത്തെ വേട്ടയാടുന്നുണ്ട്.
ഞാൻ നാഡീസംബന്ധമായ രോഗങ്ങളാൽ പ്രയാസപ്പെടുകയാണ്. അടുത്ത കാലത്തായി കൈക്ക് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. ഞങ്ങളുടെ മകൾ ലീന തബസ്സും അർബുദരോഗ ബാധയെത്തുടർന്ന് ചികിൽസയിലാണ്.
എനിക്ക് കേൾവിതകരാർ ഉള്ളതിനാൽ ജയിലിൽ നിന്ന് നടത്തുന്ന വീഡിയോ കോളുകളിൽ അദ്ദേഹം പറയുന്നതൊന്നും പൂർണ്ണമായും മനസിലാക്കാൻ കഴിയാറില്ല. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചും രോഗങ്ങളുടെ ഗുരുതരസ്ഥിതിയെക്കുറിച്ചും ഞാൻ അത്യധികം ഉൽക്കണ്ഠാകുലയാണ്. സ്വന്തം രോഗാവസ്ഥയും ഭാര്യയുടെയും മകളുടെയും രോഗങ്ങൾ മൂലമുള്ള മാനസികാഘാതങ്ങളും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളാക്കിക്കൊണ്ടിരിക്കുകയാണ്. പേശീമുറുക്കം മൂലം കൈകൾ യഥേഷ്ടം ചലിപ്പിക്കാനാവുന്നില്ല. പരസഹായം കൂടാതെ സ്വന്തം ശാരീരികാവശ്യങ്ങൾ പോലും നിർവഹിക്കാൻ സാധ്യമാവാത്ത സാഹചര്യത്തിൽ ജയിലിൽ അദ്ദേഹം വളരെ പ്രയാസങ്ങൾ അനുഭവിക്കുകയാണ്. വീൽ ചെയറിലാണ് ജയിൽമുറിയിൽ അദ്ദേഹം സഞ്ചരിക്കുന്നത്.
ജാമ്യമാണ് നിയമം; ജയിൽ അപവാദമാണ് എന്ന നിയമ-നീതിതത്ത്വം സുപ്രീം കോടതി അടിവരയിട്ടോർമ്മപ്പെടുത്തിയ സാഹചര്യത്തിൽകൂടിയാണ് ഇ. അബൂബക്കർ ജാമ്യം ലഭിക്കാതെ ജയിൽവാസം തുടരുന്നത്. ഈ നീതിനിഷേധത്തിനെതിരെ പൗരാവകാശ-മനുഷ്യാവകാശ പ്രവർത്തകരും പൊതുജനങ്ങളും ശബ്ദമുയർത്തണമെന്നും നീതിപീഠം കണ്ണുതുറക്കണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു.
രാഷ്ട്രീയമായ കാരണങ്ങളാലും സർക്കാരിന്റെ തെറ്റായ നടപടികളെ വിമർശിച്ചതിന്റെ പേരിലും മനുഷ്യാവകാശം നിഷേധിക്കപ്പെട്ട് നിരവധിപേർ ഇന്ത്യൻ തടവറകളിൽ കഴിയുന്നുണ്ട്. അവരിലൊരാളാണ് ഇ. അബൂബക്കറും.
ജയിലിൽ മരണമടഞ്ഞ ഫാദർ സ്റ്റാൻസ്വാമിയുടെ ദുരനുഭവം അബൂബക്കറിനും നേരിടേണ്ടിവരുമോ എന്ന് ഞാനും കുടുംബാഗങ്ങളും ന്യായമായും ആശങ്കിക്കുന്നു. അതിനാൽ രോഗാവസ്ഥകൾ കണക്കിലെടുത്തും മാനുഷിക പരിഗണന നൽകിയും ഇ. അബൂബക്കറിന് ജാമ്യം അനുവദിച്ച് ജയിൽമോചിതനാക്കുകയെന്നത് മനുഷ്യാവകാശത്തിന്റെ അടിസ്ഥാന താൽപര്യമാണ്. അതിനായി മനുഷ്യസ്നേഹികളും ജനാധിപത്യ വിശ്വാസികളും നീതിബോധമുള്ള മുഴുവൻപേരും മുന്നോട്ടുവരണമെന്നും ഞാൻ അഭ്യർഥിക്കുന്നു.
കോഴിക്കോട്
18 ജൂൺ 2025
ആമിന
ഷാമിയാന
കരുവൻപൊയിൽ
കൊടുവള്ളി
കോഴിക്കോട്

Leave a Reply