നിലമ്പൂർ : പതിറ്റാണ്ടുകളായി അവസരം ലഭിച്ചിട്ടും മണ്ഡലത്തിൽ വികസനമെത്തിക്കുന്നതിൽ പരാജയപ്പെട്ട ഇടതു വലതു മുന്നണികളോടുള്ള പ്രതിഷേധം അലയടിക്കുന്ന നിലമ്പൂർ നഗരസഭ പരിധിയിൽ എസ്ഡിപിഐ സ്ഥാനാർത്ഥി സാദിഖ് നടുത്തൊടിക്ക് ലഭിച്ചത് ഉജ്ജ്വല സ്വീകരണം. വ്യാപാരികൾ, ഡ്രൈവർമാർ, തൊഴിലാളികൾ, വിദ്യാർത്ഥികൾ, വനിതകൾ അടക്കം സ്വീകരണ യോഗങ്ങളിൽ പങ്കാളിയായി. എല്ലാവരോടും കുശലാന്വേഷണം നടത്തി നാടിൻ്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ് അഡ്വ. സാദിഖ് നടുത്തൊടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഹൃദ്യമായിരുന്നു. രാവിലെ നിലമ്പൂർ നഗരസഭയിലെ ചന്തക്കുന്നിൽ നിന്ന് തുടങ്ങി ചാരകുളം, പള്ളിക്കുത്ത്, ചീരകുഴി, മുട്ടിക്കടവ്, വല്ലപ്പുഴ, മുക്കട്ട, വി കെ റോഡ്, മുനിസിപ്പാലിറ്റി ജംഗ്ഷനിൽ പര്യടനം അവസാനിച്ചു. തകർന്ന റോഡുകൾ, നിരന്തരമായ വൈദ്യുതി മുടക്കം, ഗതാഗതക്കുരുക്ക്, ഇലക്ഷൻ പ്രചരണത്തിനായി വരുന്ന വിഐപികൾക്കു വേണ്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കൽ, സർവ്വ മേഖലകളിലെയും വികസന മുരടിപ്പ് തുടങ്ങി ജനങ്ങൾ നിരവധി വിഷയങ്ങളാണ് സ്ഥാനാർത്ഥിയുമായി പങ്കുവെച്ചത്. ഉപതിരഞ്ഞെടുപ്പ് ഒരവസരമായി കണ്ട് മുന്നണികളുടെ വഞ്ചനകൾക്കെതിരായ ജനവിധിയാകും നിലമ്പൂരിലേതെന്ന് അഡ്വ. സാദിഖ് നടുത്തൊടി പറഞ്ഞു.

Leave a Reply

Your email address will not be published.