തൃശ്ശൂർ : നിരവധി പ്രതിസന്ധികൾ നാം അഭിമുഖീകരിക്കുകയാണെങ്കിലും അതിനെയെല്ലാം അതിജീവിച്ച് പുതിയൊരു കേരളം നമുക്ക് സൃഷ്ടിക്കാൻ ആവുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. യുദ്ധ ഭീഷണിയും സാമ്പത്തിക പ്രതിസന്ധികളും മോദി സർക്കാരിന്റെ പകപോക്കലും സാമ്പത്തിക ഉപരോധവും സംഘപരിവാർ വെല്ലുവിളികളും എല്ലാം നാം നേരിടുന്നു ഇതിനെയെല്ലാം ബദൽ നയങ്ങളിലൂടെ അതിജീവിച്ച് സമ്പൽസമൃദ്ധമായ കേരളം ഇച്ഛാശക്തി കൊണ്ട് നമുക്ക് കെട്ടിപ്പടുക്കാനാവുമെന്ന് എം എ ബേബി പറഞ്ഞു. തൃശ്ശൂർ കെ ടി മുഹമ്മദ് സ്മാരക റീജ്യണൽ തിയറ്ററിൽ ഇഎംഎസിന്റെ ജന്മ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ സെമിനാർ ” ഇഎംഎസ് സ്മൃതി” ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാശ്മീരിലെ ഭീകരാക്രമണവും 26 പേരെ കൊന്നൊടുക്കിയതും ആരെയും ഞെട്ടിക്കുന്നതും പ്രതിഷേധർഹവുമാണ്. ലോകത്തിലെ ഏതൊരു ജനാധിപത്യ ശക്തികളും ഭീകരവാദത്തെ എതിർക്കുന്നു. നയതന്ത്ര ചർച്ചയിലൂടെ പ്രശ്നപരിഹാരത്തിന് മോദി സർക്കാർ തയ്യാറല്ല. പഹൽഗാം ആക്രമണത്തെക്കുറിച്ച് പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചില്ല. മുമ്പുണ്ടായ പുൽവാമ ആക്രമണത്തിലും ഇതുതന്നെയായിരുന്നു സ്ഥിതി. ഓപ്പറേഷൻ സിന്ധൂർ എന്നു പേരിട്ട ഏകപക്ഷീയ നടപടികളിലൂടെ ഇതിന് പകരം വീട്ടാൻ ആണ് മോദി ശ്രമിച്ചത്. ഇതെല്ലാം ട്രംപിന്റെ ഉപദേശനിർദ്ദേശപ്രകാരം നടത്തുന്നവയാണ്. രാഷ്ട്രീയമായി എതിരുനിൽക്കുന്ന കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളെയും മോദി സർക്കാർ ദ്രോഹിക്കുന്നു. കേരളത്തിന് വാഗ്ദാനം ചെയ്യുന്ന പദ്ധതികൾക്ക് പോലും കേന്ദ്ര ബജറ്റിൽ വകയിരുത്തുന്നില്ല. കേന്ദ്രത്തിന് കേരളത്തോട് ചിറ്റപ്പ നയമാണ്. 2018-ൽ കേരളത്തിൽ നൂറ്റാണ്ട് കണ്ട കൊടിയ പ്രളയം ഉണ്ടായപ്പോൾ കേന്ദ്രം ഒന്നും തന്നില്ലെന്നു മാത്രമല്ല നിരവധി വിദേശരാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തിട്ടും അതു സ്വീകരിക്കുവാൻ കേന്ദ്രം അനുവദിച്ചില്ല. ഇവിടെ ഇഎംഎസ് കാണിച്ചുതന്ന ബദൽ വഴി മാത്രമേ പരിഹാരമുള്ളൂ.

1956-ൽ തൃശ്ശൂരിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യേക സമ്മേളനമാണ് മൂന്നു ഭാഗമായി കിടന്നിരുന്ന കേരളം ഭാഷാ ടിസ്ഥാനത്തിൽ ഐക്യ കേരളമായി മാറിയത്. അതിന് നേതൃത്വം ഇഎംഎസ് ആയിരുന്നു. 1957ലെ ഇഎംഎസ് സർക്കാരാണ് കേരള പുരോഗതിക്ക് അസ്ഥിവാരമിട്ടത്. അത് തുടരുക തന്നെ ചെയ്യും ബേബി പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ” മാറുന്ന ലോകവും കേരളവും” എന്ന വിഷയം അവതരിപ്പിച്ചാണ് എം എ ബേബി ഇഎംഎസ് സ്മൃതി ഉദ്ഘാടനം ചെയ്തത്. മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കുറിച്ചുള്ള സ്മരണിക പോളിറ്റ് ബ്യൂറോ അംഗം യു വാസുകിക്ക്നൽകി എം എ ബേബി പ്രകാശനം ചെയ്തത്. ചടങ്ങിൽ പ്രകാശ് കാരാട്ട് സംബന്ധിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ സ്വാഗതവും കോസ്റ്റ് ഫോർഡ് ഡയറക്ടർ ഡോ. എം എൻ സുധാകരൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.