
ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തിൽ സൗദി അറേബ്യ
ജിദ്ദ: വെള്ളിയാഴ്ച പുലർച്ചയിൽ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇസ്രായേൽ ആക്രമണം സുഹൃദ് രാജ്യമായ ഇറാന്റെ പരമാധികാരത്തിനും സുരക്ഷക്കും നേരെയുള്ള കൃത്യമായ കയ്യേറ്റമാണെന്നും അത് രാജ്യാന്തര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന വിശേഷിപ്പിച്ചു.
ഈ ഹീനമായ ആക്രമണങ്ങളെ രാജ്യം ശക്തമായി അപലപിക്കുന്നതോടൊപ്പം ഈ ശത്രുത ഉടനടി അവസാനിപ്പിക്കാൻ വേണ്ടുന്ന നടപടികൾ കൈക്കൊള്ളാൻ രാജ്യാന്തര സമൂഹത്തിനും സുരക്ഷാ കൗൺസിലിനും വലിയ ഉത്തരവാദിത്തമുണ്ടെന്ന് ഓർമിപ്പിക്കുകയും ചെയ്തു.
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നത് തടയാൻ ഇറാനിയൻ ആണവ ലക്ഷ്യങ്ങൾ ആക്രമിച്ചതായി വെള്ളിയാഴ്ച പുലർച്ചെ ഇസ്രായേൽ പറഞ്ഞു, രാജ്യത്തെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങളും ദൃക്സാക്ഷികളും റിപ്പോർട്ട് ചെയ്തിരുന്നു.
മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ പ്രതികാരം ചെയ്യുമെന്ന വിലയിരുത്തലിൽ ഇസ്രായേൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആക്രമണത്തെ “ഇസ്രായേലിന്റെ ചരിത്രത്തിലെ നിർണായക നിമിഷം” എന്നാണ് വെള്ളിയാഴ്ചയിലെ ഇറാൻ ആക്രമണത്തെ വിശേഷിപ്പിച്ചത്.
Leave a Reply