തിരുവനന്തപുരം: ബക്രീദ് അവധി മുൻകൂട്ടി പ്രഖ്യാപിക്കുന്നതിൽ ഇടതു സർക്കാർ കാണിച്ച നിസ്സംഗത സർക്കാർ ജീവനക്കാരെ ഉൾപ്പെടെ പ്രതിസന്ധിയിലാക്കിയെന്നും അത് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത്. പുതിയ ഉത്തരവ് പ്രകാരം വെള്ളിയാഴ്ചത്തെ അവധി ശനിയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. വെള്ളിയും ശനിയും അവധി നൽകാൻ സർക്കാർ തയ്യാറാവണം.
മാസപ്പിറവി അനുസരിച്ച് ബക്രീദ് ദിനം ഒരാഴ്ച മുമ്പേ പ്രഖ്യാപിച്ചിട്ടും അവധി സംബന്ധിച്ച് തീരുമാനമെടുക്കാൻ വൈകിയത് നീതികരിക്കാനാവില്ല. വിഷയത്തിൽ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥർ തന്നെ നിവേദനം നൽകിയിട്ടും അത് മുഖവിലയ്ക്കെടുക്കാതിരുന്നത് അങ്ങേയറ്റം ഖേദകരമാണ്.
അവധി ദിനത്തിൽ പെട്ടെന്നുണ്ടായ മാറ്റം മൂലം ദീർഘദൂര യാത്രക്കാർക്ക് യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യാൻ പോലും സാധിക്കാത്ത സാഹചര്യമുണ്ടാക്കി. കൂടാതെ അവധി ഒരു ദിവസമാക്കി ചുരുക്കിയതും ഏറെ പ്രതിസന്ധി സൃഷ്ടിക്കും. കേരളത്തിൻ്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റം വരെ യാത്ര ചെയ്യാനുള്ള സമയം പോലും അനുവദിക്കാത്തതിനാൽ കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാമെന്നു ആഗ്രഹിച്ചവർ ഏറെയും നിരാശയിലാണ്. ബക്രീദ് പ്രമാണിച്ച് വെള്ളി, ശനി ദിവസങ്ങളിൽ അവധി അനുവദിച്ച് സർക്കാർ അടിയന്തരമായി ഉത്തരവ് ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Leave a Reply