• അക്ബർ പൊന്നാനി –

ദീർഘനേരം ഓഫീസിലോ മറ്റോ ഇരിക്കുന്ന രീതി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് പുതിയ ശാസ്ത്രീയ പഠനം വെളിപ്പെടുത്തുന്നു. ജോലിയിലും മറ്റുമായി ഇങ്ങിനെ കഴിയേണ്ടിവരുന്ന ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് നടുക്കം പകരുന്നതാണ് പഠന ഫലം. നീണ്ട ഇരുത്തം ആരോഗ്യത്തിന് ഒട്ടും നന്നല്ലെന്നത് സുവ്യക്തമെങ്കിലും അങ്ങിനെ കഴിയാൻ നിർബന്ധിതരാവുന്നത് എല്ലായിടങ്ങളിലും ഒട്ടേറെ പേരാണ്.

പുതിയ പഠനം സൂചിപ്പിക്കുന്നത് ദീർഘനേരത്തെ ഇരുത്തം തലച്ചോറിന്റെ വലുപ്പം സങ്കോചിക്കാൻ ഇടയാക്കുന്നു എന്നാണ്. ജോലിക്ക് ഇടയിൽ വിദഗ്ധർ നിർദേശിക്കുന്ന ഏതാനും വ്യായാമം നടത്തിയാൽ പോലും തലച്ചോറിന്റെ സങ്കോചം സംഭവിക്കുമെന്നും അതിന്റ എല്ലാ ധർമങ്ങളും നിർവഹിക്കാൻ കഴിയാതെ വരുമെന്നും പഠന ഫലം തുടരുന്നു.

ആഴ്ചയിൽ 150 മിനിറ്റ് വരെ വ്യായാമം ചെയ്‌താൽ പോലും ദീർഘനേരം ഇരിക്കുന്ന ആളുകൾക്ക് വൈജ്ഞാനിക ശേഷി കുറയാനും തലച്ചോറിന്റെ ബലഹീനത അനുഭവപ്പെടാനും സാധ്യത കൂടുതലാണെന്ന് അൽഷിമേഴ്‌സ് & ഡിമെൻഷ്യ എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു.

50 വയസോ അതിൽ കൂടുതലോ പ്രായമുള്ള 400-ലധികം പേരെയാണ് പഠനത്തിന് വിധേയനാക്കിയത്. ഒരാഴ്ചത്തെ ശാരീരിക പ്രവർത്തനങ്ങൾ അളക്കുന്ന ഉപകരണങ്ങൾ ധരിക്കാൻ അവരോട് ആവശ്യപ്പെട്ടു, ഏഴ് വർഷക്കാലം നാഡീ, മനഃശാസ്ത്ര പരിശോധനകൾക്കും മസ്തിഷ്ക സ്കാനുകൾക്കും അവരെ വിധേയനാക്കിയ ശേഷമാണ് നിഗമനങ്ങളിൽ എത്തിച്ചേർന്നതെന്നും പഠനം വ്യക്തമാക്കുന്നു

തലച്ചോറിന്റെ സങ്കോചം

പഠനത്തിൽ നിന്ന് കണ്ടെത്തിയ സുപ്രധാന കാര്യം തലച്ചോറിന് സംഭവിക്കുന്ന സങ്കോചമാണ്. ഉദാസീനമായ ജീവിതശൈലി നയിക്കുന്ന ആളുകൾക്ക് തലച്ചോറിന്റെ വലുപ്പം ചുരുങ്ങി പോകുകയും അതിലൂടെ ഓർമ്മശക്തിയിലും വിവരങ്ങൾ വീണ്ടെടുക്കുകയെന്ന ധർമങ്ങളിലും സമാന പ്രവർത്തനങ്ങളിലും അപചയം അനുഭവപ്പെടുന്നതുമാണ് കണ്ടെത്താനായത്.

ദീർഘനേരം ഇരിക്കുന്ന ആളുകളിൽ ഈ മസ്തിഷ്ക അപചയം നിരീക്ഷിക്കപ്പെട്ടു. അതിൽ ഏറ്റവും ശ്രദ്ധേയമായത് അത്തരക്കാരിൽ 87% പേരും സ്പെഷ്യലിസ്റ്റുകൾ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കനുസൃതമായി വ്യായാമം ചെയ്യുന്നതിൽ ഉത്സാഹം കാണിക്കുന്നവരാണ് എന്നത്. ഇതാകട്ടേ, പേടിപ്പിക്കുന്ന ആശങ്ക ഉളവാക്കുന്നതുമാണ്.

ഇത് സംബന്ധിച്ച് നടന്ന അമേരിക്കയിലെ വാൻഡർബിൽറ്റ് സർവകലാശാലയിലെ ഗവേഷണങ്ങളുടെ സംഘ തലവൻ വിശദീകരിക്കുന്നതെങ്ങിനെ: “ഇരിക്കൽ സമയം കുറയ്ക്കുകയെന്നതാണ് നാഡീവ്യവസ്ഥയുടെ പ്രവർത്തനങ്ങളുടെ അപചയവും അതിന്റെ ഫലമായി തലച്ചോറിന്റെ ഓർമശക്തിയെന്ന ധർമം കുറഞ്ഞു പോകുന്നത് തടയുന്നതിനുമുള്ള ആശാവഹമായ പോംവഴിയെന്ന് ഗവേഷണം സ്ഥിരീകരിക്കുന്നു,”

ഇക്കാര്യങ്ങൾ ആരോഗ്യ ഗവേഷണങ്ങളിൽ വിദഗ്ദ്ധരായ “ഹെൽത്ത് ഡേ” വെബ്‌സൈറ്റ് ആണ് പ്രസിദ്ധീകരിച്ചത്.

Leave a Reply

Your email address will not be published.