
ജിദ്ദ: ഇന്ത്യ – പാകിസ്ഥാൻ സംഭാഷണങ്ങൾക്ക് ആതിഥ്യമരുളാൻ അനുയോജ്യമായ നിഷ്പക്ഷ വേദി സൗദി അറേബ്യ ആയിരിക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ്. കശ്മീർ, നദീജലം, വ്യാപാരം, ഭീകര വിരുദ്ധ നീക്കങ്ങൾ എന്നിവയുൾപ്പെടെ ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ പൊള്ളുന്ന തർക്ക വിഷയങ്ങളിലെ ചർച്ചകൾക്ക് വേദിയാവാൻ അനുയോജ്യമായത് സൗദി അറേബ്യയാണെന്ന പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രസ്താവന അവരുടെ ദേശീയ പത്രമായ “ഡോൺ” വ്യാഴാഴ്ച പ്രസിദ്ധീകരിച്ചതായി സൗദി ഉടമസ്ഥതയിലുള്ള ടെലിവിഷൻ ചാനൽ “അൽഅറബിയ്യഃ” റിപ്പോർട്ട് ചെയ്തു.
അണ്വായുധങ്ങൾ കൈവശമുള്ള രണ്ട് അയൽക്കാർ തമ്മിലുള്ള ദീർഘകാല ശത്രുതാ ബന്ധത്തിൽ ഒരു പുതിയ അധ്യായം തുറക്കാൻ ഇത്തരമൊരു നീക്കത്തിന് കഴിയുമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞത്രേ. തന്റെ ഓഫീസിലെത്തിയ ഒരു കൂട്ടം ടെലിവിഷൻ അവതാരകരുമായി അടച്ചിട്ട മുറിയിൽ നടത്തിയ അഭിമുഖത്തിൽ ഷഹബാസ് ശരീഫ് ഉറ്റ സുഹൃത്തായ ചൈനയെ തള്ളിക്കളഞ്ഞു. “ചൈന ഇത്തരം ചർച്ചകൾക്ക് വേദിയാവാൻ കൊള്ളില്ല”: അദ്ദേഹം പറഞ്ഞതായാണ് റിപ്പോർട്ട്.
ഇരു രാജ്യങ്ങളുടെയും സൈനിക മേധാവിമാർ നേരിട്ട് ബന്ധപ്പെട്ടതിനെത്തുടർന്ന് സംഘർഷങ്ങൾ കുറയാൻ തുടങ്ങിയതായും ഇത് സംഭാഷണം ആരംഭിക്കാനുള്ള സാധ്യതയിലേക്ക് വാതിൽ തുറന്നുവെന്നും ഷഹബാസ് പറഞ്ഞതായി റിപ്പോർട്ട് തുടർന്നു. ചർച്ചകൾ നടന്നാൽ പാകിസ്ഥാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തന്റെ രാജ്യത്തിന്റെ പ്രതിനിധി സംഘത്തെ നയിക്കുമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ചർച്ചകളിൽ ഭീകരവാദ വിഷയത്തിന് ഇന്ത്യ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ടെങ്കിലും, ഇസ്ലാമാബാദിന്റെ വീക്ഷണകോണിൽ സംഭാഷണ അജണ്ടയിൽ കശ്മീർ, നദീജലം, വ്യാപാരം, ഭീകരത” എന്നിവ വെവ്വേറെയല്ല, ഒരുമിച്ചാണ് ഉൾപ്പെടുത്തേണ്ടതെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞതായും റിപ്പോർട്ട് തുടർന്നു.
ഇന്ത്യയുടെ പ്രതികരണം കാത്തു നിൽക്കാതെ തന്നെ സമാധാന ചർച്ചകൾ സംബന്ധിച്ച ഏകപക്ഷീയമായ നീക്കങ്ങളിലാണ് പാകിസ്ഥാൻ. ഇതിനകം ഇന്ത്യ നടത്തിയ തിരിച്ചടിയിൽ നിന്ന് പാകിസ്ഥാൻ നേരിട്ട ദയനീയതയാണ് ഈ ഏകപക്ഷീയമായ നീക്കങ്ങൾ വിരൽ ചൂണ്ടുന്നതെന്നാണ് നിരീക്ഷണം.
Leave a Reply