പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ ആറു പേർക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചു.
വിചാരണാ നടപടികൾ ആരംഭിക്കുന്നതിലെ അനിശ്ചിത കാലതാമസം കണക്കിലെടുത്താണ് സുപ്രിംകോടതിയുടെ നടപടി.
പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാക്കളായിരുന്ന അബ്‌ദുൽ സത്താർ, സിഎ റഊഫ്, യഹ്‌യ കോയ തങ്ങൾ എന്നിവർക്കാണ് ഇന്ന് ജാമ്യം ലഭിച്ചത്. മൂന്ന് പേർക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.
ആറുപേരാണ് ജാമ്യം തേടി കോടതിയെ
സമീപിച്ചത്. ഇതിൽ മൂന്നു പേർക്ക് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് അഭയ് എസ് ഒക, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവർ അംഗമായ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്. ഹരജിക്കാർക്കു വേണ്ടി മുതിർന്ന അഭിഭാഷകരായ ആദിത്യ സോൺധി, രാഗേന്ദ് ബസന്ത് എന്നിവരും എൻഐഎയ്ക്കു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ(എഎസ്‌ജി) രാജാ താക്കറേയും ഹാജരായി.
കഴിഞ്ഞ ദിവസം മൂന്നു ഹരജിക്കാരിൽ സദ്ദാം ഹുസയൻ, അഷ്റഫ് മൗലവി എന്നിവർക്ക് ജാമ്യം നൽകുന്നതിനെ എഎസ്ജി ശക്തമായി എതിർത്തിരുന്നു. 2024 മെയ് ആറിനു ശേഷം കേസിലെ വിചാരണയിൽ പുരോഗതിയില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. സുപ്രിംകോടതിയാണ് അന്ന് വിചാരണ സ്റ്റേ ചെയ്തത്. ഹരജിക്കാരുടെ ആവശ്യം പരിഗണിച്ചായിരുന്നു കോടതി വിചാരണയ്ക്ക് സ്റ്റേ അനുവദിച്ചത്.
ശ്രീനിവാസൻ വധക്കേസ് മാത്രമല്ല വിഷയമെന്നും ഇന്ത്യ 2047 അജണ്ടയ്ക്കു വേണ്ടി തയ്യാറെടുത്തവരാണ് പ്രതികളെന്നും എൻഐഎ കോടതിയിൽ വാദിച്ചു. സദ്ദാം ഹുസൈനെതിരായ ആരോപണങ്ങളെന്തൊക്കെയാണെന്ന കോടതിയുടെ ചോദ്യത്തിന് പിഎഫ്ഐ പ്രവർത്തകർക്കു പരിശീലനം നൽകിയിരുന്ന പ്രതികളിലൊരാളുടെ മൊബൈൽ ഫോൺ പള്ളിയിൽ ഒളിപ്പിച്ചതും സദ്ദാം ഹുസൈൻ ആയിരുന്നുവെന്ന് എഎസ്‌ജി പറഞ്ഞു.
അഷ്റഫ് മൗലവി പിഎഫ്ഐയുടെ ദേശീയ ഇൻ ചാർജ് ആണെന്നും ഐഎസ് ആശയം അദ്ദേഹം പ്രചരിപ്പിച്ചുവെന്നും വിദ്വേഷ പ്രസംഗങ്ങൾ നടത്തിയെന്നും എൻഐഎ ആരോപിച്ചു. എന്നാൽ എന്തൊക്കെ വിദ്വേഷ പ്രസംഗമാണ് അഷ്റഫ് മൗലവി നടത്തിയതെന്നും തങ്ങൾക്കതു കാണണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതിന് കൃത്യമായ മറുപടി നൽകാൻ സർക്കാർ അഭിഭാഷകന് സാധിച്ചില്ല.
ഹരജിക്കാർക്കെതിരായ ആരോപണങ്ങളുടെ രീതി പരിഗണിച്ചും വിചാരണ അടുത്തകാലത്തൊന്നും തീരില്ലെന്നതു കണക്കിലെടുത്തും ഹരജിക്കാർക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയാണെന്നും കോടതി വ്യക്തമാക്കി. ഒരാഴ്‌ചയ്ക്കുള്ളിൽ ഹരജിക്കാരെ പ്രത്യേക കോടതി മുമ്പാകെ ഹാജരാക്കണമെന്നും പ്രത്യേക കോടതി ഹരജിക്കാരുടെ ജാമ്യവ്യവസ്ഥകൾ അറിയിക്കുമെന്നും സുപ്രിംകോടതി കൂട്ടിച്ചേർത്തു.
പോപ്പുലർ ഫ്രണ്ട് നേതാവായിരുന്ന സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് 2022 ഏപ്രിൽ 16ന് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ്അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള കാരണങ്ങളിൽ ശ്രീനിവാസൻ വധത്തെ ഒരു പ്രധാന കാരണമായി കേന്ദ്രആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ കേസ് എൻ.ഐ.എ ഏറ്റെടുത്തിരുന്നു. എലപ്പുള്ളി സ്വദേശിയും എസ്.ഡി.പി.ഐ ഭാരവാഹിയുമായിരുന്ന സുബൈർ വധത്തിൻ്റെ പിറ്റേന്നാണ് ശ്രീനിവാസൻ കൊല്ലപ്പെട്ടത്.
നേരത്തേ കേസിൽപ്പെട്ട 18 പേർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സുപ്രിം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഉത്തരവ് ശരിവയ്ക്കുകയായിരുന്നു.
Leave a Reply