കഥാകാരി ആയിഷ നഹാനും ചിത്രം വരച്ച മുഹമ്മദ് അഫ്നാനും

താനൂർ :താനൂർ ദേവധാർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന് വരുന്ന അധ്യാപക പരിശീലന പരിപാടിയിൽ താരമായി തലക്കടത്തൂർ നോർത്ത് എ എം എൽ പി സ്കൂളിലെ ആയിഷ നഹാൻ ശ്രദ്ദേയമായി. രണ്ടാം ക്ലാസുകാരിയായ ആയിഷ നഹാൻ എഴുതിയ പന്ത്രണ്ട് കഥകൾ അടങ്ങിയ കുഞ്ഞിക്കുടകൾ എന്ന പുസ്തകം അധ്യാപക പരിശീലന പരിപാടിക്കിടെ യു പി മലയാളം ക്ലാസിൽ പരിചയപ്പെടുത്തിയത് താനൂർ എ ഇ ഒ ശ്രീമതി പി.വി ശ്രീജ ടീച്ചറായിരുന്നു. ആറാം തരം മലയാളം ക്ലാസിൽ വിശപ്പ് എന്ന ഭാഗം ചർച്ച ചെയ്യുന്ന പാo പുസ്തക ഭാഗത്തെ ചർച്ചക്കിടെയാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഈ കുരുന്നു കഥാകാരിയുടെ പുസ്തകത്തിലെ വിശപ്പിൻ്റെ വില എന്ന അധ്യായം ഓർത്തത്. ഇത് കേട്ട അധ്യാപകർ ഈ കുരുന്നു കഥാകാരിയെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. എ ഇ ഒ യുടെ അഭ്യർത്ഥന പ്രകാരമാണ് ആയിഷ നഹാൻ അധ്യാപകർക്ക് അവധിക്കാല പരിശീലനം നടക്കുന്ന താനൂർ ദേവധാറിൽ എത്തിയത്. വളരെ ആവേശത്തോടെയാണ് ഈ കുട്ടിയെ അധ്യാപകർ സ്വീകരിച്ചത്.

കഥകൾ എഴുതാനുണ്ടായ പ്രചോദനവും താൽപര്യവും അതിലേക്ക് എത്തിപ്പെട്ട സാഹചര്യവും എല്ലാം വ്യക്തമായി ആയിഷ നഹാൻ അവതരിപ്പിച്ചപ്പോൾ അധ്യാപകർ താൽപര്യപൂർവ്വം കേട്ടിരുന്നു. കുട്ടിയുടെ യാത്രാവേളയിലും ഒഴിവ് സമയങ്ങളിലും ഭാവനയിൽ വിരിഞ്ഞ ആശയങ്ങൾ ഡയറിയിൽ കുറിച്ച് വെച്ചതാണ് വിവിധ ആശയങ്ങളും ഗുണപാഠങ്ങളുമായ 12 കഥകളായി രൂപാന്തരപ്പെട്ടത്. ക്ലാസ് ടീച്ചറായ ഋസ്വനി എസ് ജീവയാണ് കുട്ടിയിലെ ഈ കഴിവിനെ കണ്ടെത്തിയത് . ഈ കുട്ടിയുടെ കഥകൾക്ക് അനുയോജ്യമായ ചിത്രങ്ങൾ വരച്ച് കഥാ പുസ്തകം സമ്പുഷ്ടമാക്കിയത് ഇതേ രണ്ടാം ക്ലാസിലെ വിദ്യാർത്ഥിയായ പി.ടി മുഹമ്മദ് അഫ്നാനാണ് . യു.പി മലയാളം , എൽ പി നാലാം തരം എന്നീ ക്ലാസുകളിൽ എ ഇ ഒ ശ്രീജ ടീച്ചർ ആയിഷ നഹാൻ എന്ന കഥാകാരിയെയും കുട്ടി എഴുതിയ കഥകളുടെ ആശയഭംഗിയെയും പരിചയപ്പെടുത്തി. രണ്ട് പരിശീലന ക്ലാസുകളിലെയും അധ്യാപകർ ഈ കുട്ടിയെ അഭിനന്ദിച്ചു. താനൂർ ഉപജില്ല ഓഫീസർ പി.വി ശ്രീജ ആയിഷ നഹാനെ ഉപഹാരം നൽകി അനുമോദിച്ചു. താനൂർ ഉപജില്ല എച്ച് എം ഫോറം കൺവീനർ ബിജു പ്രസാദ് , താനൂർ ടൗൺ യു.പി സ്കൂൾ പ്രധാനാധ്യാപകൻ കുഞ്ഞമ്മദ് മാസ്റ്റർ , തലക്കടത്തൂർ നോർത്ത് എ എം എൽ പി സ്കൂൾ പ്രാധാനാധ്യാപിക വി.പി മീര മോൾ , എം. എ റഫീഖ്, മധുസൂദനൻ മാസ്റ്റർ , വി . മുജീബ് മാസ്റ്റർ , സിന്ധു ടീച്ചർ , കെ. രമ ടീച്ചർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.