
തിരുവനന്തപുരം : അൽ മുക്തദിർ ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി ഗ്രൂപ്പ് പൊതുജനങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിച്ച് വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതായുള്ള വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിൽ നിക്ഷേപകരുടെ പണവും സ്വർണവും തിരികെ ലഭിക്കുന്നതിനായി സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
40 ഓളം ശാഖകളിലൂടെ 2000ത്തിലധികം പേരിൽ നിന്ന് 1000 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടത്തിയത് എന്നാണ് നിക്ഷേപകരുടെ പരാതി. ഇരകൾ മുഖ്യമന്ത്രിക്കും ഡിജിപിക്കുമടക്കം പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. വിവാഹ പ്രായമായ പെൺകുട്ടികളുള്ള വീട്ടിൽ ചെന്ന് അവരുടെ കൈവശമുള്ള സ്വർണം വിവാഹസമയത്ത് ഇരട്ടിയാക്കി നൽകാമെന്നും പണിക്കൂലി തരേണ്ടതില്ലെന്നും വാഗ്ദാനം നൽകി വാങ്ങിയെടുത്ത കോടിക്കണക്കിന് രൂപയുടെ സമ്പത്തുമായാണ് ജ്വല്ലറി ഉടമയും കൂട്ടരും മുങ്ങിയിരിക്കുന്നത്. ഏതൊരു തട്ടിപ്പിന്റെയും ശൈലിയിൽ ആദ്യ ഘട്ടങ്ങളിൽ സ്വർണ്ണവും പണവും ലാഭവിഹിതവുമൊക്കെ നൽകിയെങ്കിലും നിലവിൽ കടകളെല്ലാം കാലിയാക്കി അടച്ചിട്ടിരിക്കുന്ന അവസ്ഥയാണുള്ളത്. പണം തിരികെ ചോദിക്കുന്നവരെയും നിയമനടപടി സ്വീകരിക്കാൻ ശ്രമിക്കുന്നവരെയും ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.
കണ്ണഞ്ചിപ്പിക്കുന്ന അമിത ലാഭം വാഗ്ദാനം ചെയ്ത് കൂണുപോലെ മുളച്ചു പൊന്തുന്ന തട്ടിപ്പു സംഘത്തിന്റെ കൈകളിലേക്ക് തന്റെ ആയുഷ്കാല സമ്പാദ്യം മുഴുവനും യാതൊരു മാനദണ്ഡവുമില്ലാതെ എറിഞ്ഞു കൊടുക്കുന്ന സംസ്കാരിക അപചയം അടുത്തിടെ സമൂഹത്തിൽ വർദ്ദിച്ച് വരുന്നതായി കണ്ടുവരുന്നു. സാംസ്കാരിക പ്രബുദ്ധത നടിക്കുന്ന കേരളത്തിലാണ് ഇത്തരം കേസുകളിൽ അധികവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതിനാൽ അടിയന്തരമായി സർക്കാരും നിയമപാലകരും ഇടപെട്ട് തട്ടിപ്പിനിരയായ നിക്ഷേപകർക്ക് നീതി ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നു.
Leave a Reply