
~അഡ്വ പി പി റഊഫ് 🖋️
മുസ്ലിം വിദ്യാർത്ഥി ഫെഡറേഷന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനും സി എച്ച് മുഹമ്മദ് കോയാ സാഹിബിനൊപ്പം ചന്ദ്രികയുടെ പത്രാധിപസമിതി അംഗവും ആദർശശാലിയായ ജനപ്രതിനിധിയും നിസ്വാർത്ഥ സേവകനും സുകൃത ജീവിതത്തിന്റെ ഉടമയുമായിരുന്ന ഡോക്ടർ സി എം കുട്ടി സാഹിബ് വിടവാങ്ങിയിട്ട് ഇന്നേക്ക് 25 വർഷം പൂർത്തിയാകുന്നു. 2000 മെയ് 12 നാണ് അദ്ദേഹം ഈ ലോകത്തുനിന്നും വിടപറഞ്ഞത്.
താനൂരിലെ ചെറിയമ്മാക്കാനകത്ത് തറവാട്ടിലാണ് സി പി ഹസ്സൻകുട്ടി സാഹിബിന്റെയും സി ആയിഷയുടെയും പുത്രനായി സി എം കുട്ടി സാഹിബ് ജനിക്കുന്നത്. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നും കച്ചവട ആവശ്യാർത്ഥം താനൂർ ടൗണിൽ എത്തിയ റാവുത്തർമാരിലേക്ക് നീളുന്നതാണ് അദ്ദേഹത്തിന്റെ കുടുംബ വേരുകൾ. പ്രാഥമിക വിദ്യാഭ്യാസം താനൂർ ടൗൺ ജി.എം.യു.പി സ്കൂളിൽ നിന്ന് പൂർത്തിയാക്കിയ സി എം കുട്ടി തിരൂരിലെ ബോയ്സ് സ്കൂളിലാണ് ഹൈസ്കൂൾ പഠനം തുടങ്ങിയത്. പിന്നീട് അക്കാലത്ത് “മലബാറിലെ അലീഗർ” എന്നറിയപ്പെട്ടിരുന്ന മലപ്പുറം ഗവൺമെന്റ് മുസ്ലിം ഹൈസ്കൂളിലേക്ക് മാറി. പ്രഗത്ഭനായ സി ഒ ടി കുഞ്ഞിപ്പക്കി സാഹിബായിരുന്നു അക്കാലത്ത് മലപ്പുറം ഹൈസ്കൂളിലെ ഹെഡ്.
Leave a Reply