
- അക്ബർ പൊന്നാനി –
മക്ക: വിശുദ്ധ ഹജ്ജിനോട് അനുബന്ധിച്ച് മക്കാ നഗരത്തിലേക്ക് ഏർപ്പടുത്തിയ പ്രവേശന നിയന്ത്രണം കഴിഞ്ഞ ബുധനാഴ്ച കർശനമായ തോതിൽ പ്രാബല്യത്തിൽ വന്നു. ഇതോടെ പുണ്യഭൂമിയിലേക്കുള്ള തീർത്ഥാടകരുടെ സഞ്ചാരം വലിയ തോതിൽ പ്രയാസരഹിതമായതായി റിപ്പോർട്ടുകൾ.
ശവ്വാൽ മാസം 25 മുതൽ (കഴിഞ്ഞ ബുധനാഴ്ച) ആയിരുന്നു മക്കയിലേക്കുള്ള പ്രവേശനത്തിന് കൃത്യമായ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുത്തുകയെന്ന് കാലേകൂട്ടി അധികൃതർ പ്രഖ്യാപിച്ചിരുന്നത്. ഇനി മുതൽ മക്കയിലേക്കുള്ള പ്രവേശനം തീർത്ഥാടന വിസയുള്ള വിദേശികൾക്കും ഹജ്ജ് പെർമിറ്റ് ഉള്ള പ്രവാസികൾക്കും മാത്രം. കൂടാതെ, മക്കയിൽ നിന്ന് ഇഷ്യൂ ചെയ്ത റെസിഡൻഷ്യൽ പെർമിറ്റ് (ഇഖാമ), സ്വദേശി ഐ ഡി എന്നിവയോ മക്കയിൽ തൊഴിൽ സംബന്ധിയായ ഉത്തരവാദിത്തം ഉള്ളതായി കാണിക്കുന്ന അംഗീകൃത പെർമിറ്റുകളോ ഉള്ളവർക്കും മാത്രമായിരിക്കും ഇനിയൊരറിയിപ്പ് വരെ മക്കയിലേക്ക് പ്രവേശനം.
ഇതോടൊപ്പം, ഹാജിമാർ മടങ്ങും വരെ തീർത്ഥാടന വിസയിലല്ലാതെയുള്ള വിദേശികൾക്കോ, മാറ്റ് ഇടങ്ങളിൽ നിന്നുള്ള പ്രവാസികളും വിദേശികളും ആയവർക്കോ മക്കാ നഗരത്തിൽ അക്കമഡേഷൻ നൽകരുതെന്നും അധികൃതർ കഴിഞ്ഞ ദിവസങ്ങളിൽ കെട്ടിട ഉടമകൾക്ക് നിർദേശം നൽകിയിരുന്നു. അതായത്, മക്കയിലേക്കുള്ള വഴിയും മക്കാ നഗരവും കഅബാ പരിസരവും ഇനി ഹജ്ജിനെത്തുന്നവർക്ക് മാത്രം. ലോകത്തിന്റെ മുക്കുമൂലകളിൽ നിന്നായി വിശുദ്ധ ഹജ്ജിനെത്തുന്ന തീർത്ഥാടക ലക്ഷങ്ങൾക്ക് സൗകര്യമായി വന്നു പോകാനും താമസിക്കാനും കർമങ്ങൾ അനുഷ്ഠിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കാനാണ് സൗദി അധികൃതരുടെ കാലേകൂട്ടിയുള്ള ഈ സജ്ജീകരങ്ങൾ.
തിരക്കിൽ മുങ്ങിയിരുന്ന കഅബാ മന്ദിരത്തിന്റെ പ്രദക്ഷിണ വീഥി ഇപ്പോൾ മിതമായ തിരക്കിലേക്ക് ചുരുങ്ങിയതായി വിവിധ ടെലിവിഷൻ ചാനലുകളുടെ തത്സമയ സംപ്രേക്ഷണങ്ങളും ഫൂട്ടേജുകളും സൂചിപ്പിക്കുന്നു.
Leave a Reply