
കോഴിക്കോട് : പെഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെ മറയാക്കി രാജ്യ വ്യാപകമായി മുസ്‌ലിംകള്‍ക്കെതിരായ വര്‍ഗീയ വിദ്വേഷ പ്രചാരണം പൊറുപ്പിക്കാൻ ആവുന്നതല്ലെന്ന് കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. പെഹല്‍ഗാം ഭീകരാക്രമണത്തിന്റെ പേരില്‍ മുസ്‌ലിം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കാനും ഒറ്റപ്പെടുത്താനുമുള്ള ഗൂഢ ശ്രമങ്ങളെ മതേതര ഇന്ത്യ ഒറ്റകെട്ടായി ചെറുക്കണം. പെഹല്‍ഗാമില്‍ ഭീകരര്‍ക്ക് കൂട്ടക്കുരുതി നടത്താന്‍ സാഹചര്യമൊരുക്കിയത് കേന്ദ്ര സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയാണെന്നിരിക്കെ അത് മറച്ച് വെക്കാന്‍ മുസ്‌ലിം സമുദായത്തെ കരുവാക്കുന്നത് അംഗീകരിക്കാൻ ആവില്ല .
പെഹല്‍ഗാമില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ഇന്റലിജന്‍സ്, സുരക്ഷാ വിഭാഗങ്ങള്‍ക്ക് പറ്റിയ വീഴ്ചക്ക് പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയും മറുപടി പറയുക തന്നെ വേണം. പെഹല്‍ഗാമിലെ കൂട്ടക്കുരുതിയില്‍ രാജ്യം ദുഃഖമാചരിച്ചുകൊണ്ടിരിക്കെ കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പോലും പങ്കെടുക്കാനുള്ള മാന്യത കാണിക്കാതെ ബീഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പെഹല്‍ഗാം ഉയര്‍ത്തി വോട്ടു തേടിയ പ്രധാനമന്ത്രി ലോകത്തിന് നല്കിയ സന്ദേശം രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി രാജ്യ സുരക്ഷയെ തന്നെ ബലി കൊടുത്തവര്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനാവില്ല.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ഒട്ടേറെ മഹത്തുക്കളുടെ അനന്തിരവരാണ് നിലവിലെ ഇന്ത്യന്‍ മുസ്‌ലിംകളെന്നിരിക്കെ അവരുടെ രാജ്യസ്‌നേഹം അളക്കാന്‍ ആരും മിനക്കെടേണ്ടതില്ല.മോദി സര്‍ക്കാറിന്റെ പിടിപ്പുകേടും ഭരണ പരാജയവും മറച്ചു വെക്കാന്‍ മുസ്‌ലിം സമുദായത്തെ തീവ്രവാദ ചാപ്പയടിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് കെ.എന്‍.എം മര്‍കസുദഅവ ആവശ്യപ്പെട്ടു.
കെ എന്‍ എം മര്‍കസുദഅവ വൈസ് പ്രസിഡന്റ് എഞ്ചി.അബ്ദുല്‍ ജബ്ബാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എം അഹമ്മദ് കുട്ടി മദനി, കെ എല്‍ പി യൂസുഫ്, കെ പി അബ്ദുറഹിമാന്‍ സുല്ലമി, പ്രൊഫ.കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ ജലീല്‍, അബ്ദുസ്സലാം പുത്തൂര്‍, ഫൈസല്‍ നന്മണ്ട, പി ടി അബ്ദുല്‍ മജീദ് സുല്ലമി, കെ എ സുബൈര്‍, പി പി ഖാലിദ്, കെ എല്‍ പി ഹാരിസ്, കെ എം കുഞ്ഞമ്മദ് മദനി, എം കെ മൂസ മാസ്റ്റര്‍, എ ടി ഹസ്സന്‍ മദനി, ഡോ.അനസ് കടലുണ്ടി, ആസില്‍ മുട്ടില്‍, കെ പി മുഹമ്മദ് കല്‍പ്പറ്റ, ഡോ.ഫുഖാറലി, പ്രൊഫ.ശംസുദ്ദീന്‍ പാലക്കോട്, ഡോ. ഐ പി അബ്ദുസ്സലാം, ബിപിഎ ഗഫൂര്‍, ഡോ.എ പി നൗഷാദ്, കെ പി അബ്ദുറഹ്മാന്‍ ഖുബ, സി മമ്മു കോട്ടക്കല്‍, ഡോ. അന്‍വര്‍ സാദത്ത്, ഡോ. ജാബിര്‍ അമാനി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, പി.സുഹൈല്‍ സാബിര്‍, ഫഹീം പുളിക്കല്‍, സി ടി ആയിഷ ടീച്ചര്‍, റുക്‌സാന വാഴക്കാട് പ്രസംഗിച്ചു.
Leave a Reply