
- അക്ബർ പൊന്നാനി –
ഇന്ത്യ – പാക്ക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബിയയിലെ ഒരു ഓൺലൈൻ മാധ്യമം വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ സ്വതന്ത്ര പുനരാഖ്യാനം
ആണവായുധങ്ങൾ കൈവശമുള്ള കലഹിക്കുന്ന രണ്ട് അയൽക്കാരാണ് ജനാധിപത്യ ഇന്ത്യയും അതിൽ നിന്ന് വേർപെട്ടു പോയ ഇസ്ലാമിക് പാകിസ്ഥാനും. നേരിട്ടുള്ള സംഘട്ടനങ്ങൾ പോലും തുടങ്ങിക്കഴിഞ്ഞ ഏറ്റവും പുതിയ ഇന്ത്യ – പാക്ക് സ്ഥിതിഗതികൾ പൂർണതോതിലുള്ള ഒരു യുദ്ധത്തിൽ എത്തുകയാന്നെകിൽ ഉണ്ടായേക്കാവുന്ന സർവനാശം സംബന്ധിച്ച ആശങ്കകളും അവലോകനകളുമാണ് രാജ്യാന്തര തലങ്ങളിലെ ബന്ധപ്പെട്ട വേദികളിൽ നിറഞ്ഞു നിൽക്കുന്നത്.
നേരിട്ടുള്ള യുദ്ധം ആണവായുധങ്ങളുടെ ഏറ്റവും വേഗത്തിലുള്ള ഉപയോഗത്തിലേക്ക് തന്നെയായിരിക്കും നയിക്കുകയെന്നതാണ് ആഗോള ആശങ്കക്ക് നിദാനം. ഈ നിലയിലുള്ള ഭീതി അതിവേഗം വർദ്ധിച്ചുവരികയാണെന്നാണ് നിരീക്ഷണം.
ഇന്ത്യൻ ഭരണത്തിലുള്ള കശ്മീരിലെ പഹൽഗാം പ്രദേശത്തെ തിങ്കളാഴ്ചയുണ്ടായ അത്യധികം അപലപനീയവും രക്തരൂക്ഷിതവുമായ സംഭവത്തെത്തുടർന്ന് കൂടുതൽ വഷളായ സ്ഥിതിഗതികൾ ആത്മസംയമനത്തിലൂടെ നിയന്ത്രണത്തിൽ പിടിച്ചു നിർത്തണമെന്ന് ഐക്യരാഷ്ട്ര സഭയും ഇരു രാജ്യങ്ങളോടും അഭ്യർത്ഥിച്ചു കഴിഞ്ഞു.
എല്ലാ വേനൽക്കാലത്തും ആയിരക്കണക്കിന് ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തിൽ നടമാടിയ ആക്രമണത്തിൽ മുപ്പതിൽ താഴെ നിരപരാധികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പരിക്കേറ്റ അനവധി മടങ്ങി വരുന്ന മറ്റുള്ളവരുടെ ദുരിതങ്ങൾ വേറെയും.
ഇരുപക്ഷവും പരസ്പരം ഭീഷണി മുഴക്കിയും കടുപ്പമേറിയ വാദങ്ങളും പ്രസ്താവനകൾ പുറപ്പെടുവിച്ചും അതിർത്തികൾ അടച്ചിട്ടും നയതന്ത്ര ബന്ധങ്ങൾ മുറിച്ചും ധാരണകളും കരാറുകളും അവസാനിപ്പിച്ചും നേരിട്ടുള്ളതല്ലാത്ത ഉരസൽ അനുനിമിഷം ഉച്ചിയിൽ എത്തിക്കൊണ്ടിരിക്കുകയുമാണ്. സൈനിക ഏറ്റുമുട്ടൽ ഭീഷണി മറ്റെന്നത്തേതിനേക്കാളും ഉയർന്ന നിലയിലുമാണ്.
ഇനിയുള്ളത് നേരിട്ടുള്ള പൂർണ യുദ്ധം മാത്രമാണ് ഇപ്പോഴത്തെ അവസ്ഥയിൽ അവശേഷിക്കുന്നത്. വൻ നാശനഷ്ടങ്ങൾക്ക് വഴിവെച്ചേക്കാവുന്ന അത്തരമൊരു ഏറ്റുമുട്ടലിൽ ഇരുവരും ഉപയോഗിക്കുന്നത് പുറത്തുവിട്ടിട്ടുള്ളതും അല്ലാത്തതുമായ ഏതെല്ലാം ആയുധങ്ങൾ ആയിരിക്കുമെന്ന ചർച്ചകളുടെ ഉന്നം ആണവായുധങ്ങൾ തന്നെയാണ്.
ഒരു ആണവ ഏറ്റുമുട്ടൽ ഉണ്ടായാൽ എന്ത് സംഭവിക്കും?
1971-ൽ ന്യൂഡൽഹിയും ഇസ്ലാമാബാദും തമ്മിലുള്ള അവസാന യുദ്ധം അവസാനിച്ചതിനുശേഷം, രണ്ട് അയൽക്കാർ തമ്മിലുള്ള സംഘർഷങ്ങൾ വേണ്ടവിധം ശമിക്കുകയുണ്ടായിട്ടില്ലാ.
രണ്ട് അയൽക്കാർ തമ്മിലുള്ള തർക്കത്തിന്റെ തീവ്രതയും കാഠിന്യവും കണക്കിലെടുക്കുമ്പോൾ, ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു ആണവയുദ്ധത്തിന്റെ അപകടത്തെക്കുറിച്ച് ശാസ്ത്രജ്ഞർ എപ്പോഴും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, അത് സര്വനാശത്തിലായിരിക്കും ചെന്നെത്തിക്കുകയെന്ന് എല്ലാവരും ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ഭാഗ്യവശാൽ അത്തരമൊരവസ്ഥ ഇതുവരെയുണ്ടായിട്ടുമില്ലാ. എന്നാൽ, പഹൽഗാമിൽ ഉണ്ടായ പൈശാചിതയ്ക്കുള്ള മറുപടി അത് കൂടി ഉൾപ്പെട്ടേക്കുമോ അതുപോലെ തിരിച്ചും അതായിരിക്കുമോ എന്നതുമാണ് സമാധാന ദാഹികളുടെ മനസ്സിനെ ഭീതിയിലാഴ്ത്തുന്നത്.
“ന്യൂക്ലിയർ വിന്റർ” സിദ്ധാന്തിച്ച പ്രസിദ്ധനായ അമേരിക്കൻ പ്രൊഫസർ ബ്രയാൻ ടൂൺ കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഇങ്ങിനെയൊരു പ്രസ്താവന ഇറക്കിയിരുന്നു. രണ്ട് ആണവായുധ അയൽക്കാർക്കിടയിൽ ഒരു ആണവയുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ ഭൂമിയുടെ അവസ്ഥ “ലോകാവസാനം” ആയിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. 1980-കളിൽ സഹപ്രവർത്തകരോടൊപ്പം ന്യൂക്ലിയർ യുദ്ധത്തിൻ്റെ പരിണതഫലങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങളിലൂടെയാണ് ബ്രയാൻ പ്രധാനമായും അറിയപ്പെടുന്നത് തന്നെ.
ഒരു വലിയ തോതിലുള്ള ന്യൂക്ലിയർ യുദ്ധം അന്തരീക്ഷത്തിൽ വലിയ അളവിൽ പുകപടലങ്ങൾ സൃഷ്ടിക്കുകയും അത് സൂര്യപ്രകാശത്തെ തടയുകയും തന്മൂലം ഭൂമിയിൽ താപനില ഗണ്യമായി കുറയുകയും ചെയ്യും എന്ന് അദ്ദേഹം സിദ്ധാന്തിച്ചു. ഇതാണ് “ന്യൂക്ലിയർ വിന്റർ” എന്ന പേരിലറിയപ്പെടുന്ന സിദ്ധാന്തം. ഈ പഠനം ലോകമെമ്പാടുമുള്ള നയരൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തുകയുണ്ടായി.
കൊളറാഡോ സർവകലാശാലയിലെ അന്തരീക്ഷ, സമുദ്ര ശാസ്ത്ര വിഭാഗത്തിൽ ജോലി ചെയ്യുന്ന അദ്ദേഹം പറഞ്ഞു, ബോംബാക്രമണത്തിൽ നിന്നുള്ള പുക “രണ്ടാഴ്ചയ്ക്കുള്ളിൽ ലോകമെമ്പാടും വ്യാപിക്കും, അത് ഉയരും, മഴ പെയ്യുന്നത് തടയും. തൽഫലമായി, പുക വർഷങ്ങളോളം അവിടെ തന്നെ തുടരും. ഇത് ഒടുവിൽ സൂര്യപ്രകാശം ഭൂമിയിൽ എത്തുന്നത് തടയും, ഇത് സസ്യങ്ങൾക്ക് പ്രകാശസംശ്ലേഷണം നടത്താൻ കഴിയാതെ വരികയും അതുവഴി വിളകൾ നശിക്കുകയും ചെയ്യും.”
“സസ്യവിളകളുടെ ദൗർലഭ്യം മൂലം, ലോകത്തിന് രണ്ട് മാസത്തേക്ക് മാത്രമേ ജനസംഖ്യയെ പോറ്റാൻ കഴിയൂ, കൂടാതെ വിളകൾ ഉൽപ്പാദിപ്പിച്ചില്ലെങ്കിൽ ക്ഷാമം അനുഭവിക്കേണ്ടിവരും, കാരണം സൂര്യപ്രകാശം ഇല്ലെങ്കിൽ അത് സങ്കീർണ്ണമായ ഒരു പ്രശ്നമായിരിക്കും” എന്ന് ബ്രയാൻ ടൂൺ കൂട്ടിച്ചേർക്കുന്നു.
അദ്ദേഹം തുടർന്നു: “ഒരു പൂർണ്ണ തോതിലുള്ള ആണവയുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ, താപനില ഹിമയുഗത്തിലെ താപനിലയേക്കാൾ താഴുകയും വിളകളുടെ വളർച്ച നിലയ്ക്കുകയും ജനസംഖ്യയുടെ 90% പേരും പട്ടിണി കിടന്ന് മരിക്കുകയും ചെയ്യും.” ഈ പഠനവും അവലോകനവും അതിശയോക്തിയായി കണക്കാക്കില്ലെന്നും ആണവയുദ്ധം ഉണ്ടായാൽ രണ്ട് ബില്യൺ ആളുകൾ പട്ടിണി മൂലം മരിക്കുമെന്നും ഇന്റർനാഷണൽ ഫിസിഷ്യൻസ് ഫോർ ദി പ്രിവൻഷൻ ഓഫ് ന്യൂക്ലിയർ വാർ, ഫിസിഷ്യൻസ് ഫോർ സോഷ്യൽ റെസ്‌പോൺസിബിലിറ്റി എന്നിവ നടത്തിയ ഒരു പഠനം ശരിവെച്ചിട്ടുണ്ട്.
Leave a Reply