എല്ലാ ഇന്ത്യക്കാരെയും ചേർത്തുപിടിക്കാൻ അധികാരികൾ ഉത്സാഹിക്കണം”: ഖാസിം കോയ

പൊന്നാനി: പഹൽഗ്രാം ഭീകരാക്രമണം ആസൂത്രണം ചെയ്ത ദുഷ്ടശക്തികളുടെ ദുരുദ്യേശം എന്താണെങ്കിലും അത് പരാജയപ്പെടുത്താനുതകുന്ന നിലപാടിൽ മുഴുവൻ ഇന്ത്യക്കാരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും പ്രമുഖ മുസ്ലിം പൊതുപ്രവർത്തകനായ ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ ആവശ്യപ്പെട്ടു. മതത്തിന്റെ വിലാസത്തിൽ രാജ്യദ്രോഹം പതിവാക്കുന്നവരുടെ യഥാർത്ഥ മുഖം വെളിച്ചത്തു കൊണ്ടുവരികയും അവരെ മാതൃകാപരമായി ശിക്ഷിക്കുകയുമാണ് അത്തരം പ്രവണത അടിച്ചമർത്താൻ ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയെ വാസ്തവ വിരുദ്ധമായി അപകീർത്തിപ്പെടുത്താൻ പാകിസ്ഥാൻ ശ്രമിക്കുമെന്നത് പുതിയൊരു കാര്യമല്ല. ഇന്ത്യയിലെ അസ്വസ്ഥരായ വിവിധ ജനവിഭാഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പാകിസ്ഥാൻ തട്ടിവിടുമ്പോൾ എല്ലാ ഇന്ത്യക്കാരും ഈ അവസരത്തിൽ ഒറ്റക്കെട്ടാണെന്ന് ലോകത്തിന് കാണിച്ചു കൊടുക്കാൻ ജന്മനാട്ടിനെ സ്നേഹിക്കുന്ന എല്ലാ ഇന്ത്യക്കാരും ഈ അവസരത്തിൽ ബാദ്ധ്യസ്ഥരാണെന്നും ഖാസിം കോയ ഉപദേശിച്ചു. അതിന് ഉത്തേജനവും ആവേശവും പകരുന്ന വിധത്തിൽ വർത്തിക്കാൻ ഭരണത്തിലിരിക്കുന്നവർ ജാഗ്രത കാണിക്കണമെന്നും അതിലൂടെ പാക്കിസ്ഥാന്റെ വായയടപ്പിക്കാൻ നമുക്കാകുമെന്നും അദ്ദേഹം തുടർന്നു.

ഭീകരരുടെ അതിക്രമങ്ങളിലല്ല മതങ്ങൾ നിലനിൽക്കുന്നതെന്നും ഭീകരരുടെ സംരക്ഷണം ആശ്രയിക്കാൻ മാത്രം ദുർബലനല്ല ദൈവം എന്നും ഖാസിം കോയ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.